SPECIAL REPORT : വീണ്ടും അപമാനം, രാഹുലിന്റെ പരിപാടിയിൽ ലീഗ്‌പതാക വലിച്ചുനീക്കി ചുരുട്ടി സുരക്ഷാ ഭടന്മാർ

0
78

മുസ്ലിംലീഗിന്റെ പച്ചക്കൊടിക്ക്‌ വീണ്ടും രാഹുൽ ഗാന്ധിയുടെ വിലക്ക്‌. ഞായറാഴ്‌ച കോഴിക്കോട്‌ ബീച്ചിലൂടെയുള്ള രാഹുൽ ഗാന്ധിയുടെ റോഡ്‌ ഷോയിലാണ്‌ ലീഗ്‌പതാക സുരക്ഷാ ഭടന്മാർ‌ വലിച്ചുനീക്കി ചുരുട്ടിക്കൂട്ടിയത്‌‌.

കോഴിക്കോട്‌ സൗത്ത്‌ മണ്ഡലം സ്ഥാനാർഥിയായ ലീഗിന്റെ ‌നൂർബിന റഷീദടക്കം പ്രചാരണ വാഹനത്തിൽ ഇരിക്കുമ്പോഴാണ്‌ തൊട്ടടുത്ത്‌ ലീഗ്‌ കൊടി അപമാനിക്കപ്പെട്ടത്‌. ആദ്യം കൊടി മാറ്റാനാവശ്യപ്പെട്ടു. പിന്നീട്‌ വലിച്ച്‌ നീക്കുകയായിരുന്നു. രാഹുലിന്റെ പ്രചാരണ വാഹനത്തിനോട്‌ ചേർന്നുനിന്ന്‌‌ കോൺഗ്രസിന്റെയും ലീഗിന്റെയും കൊടി പ്രവർത്തകർ വീശുന്നുണ്ടായിരുന്നു. എന്നാൽ, പച്ചക്കൊടി മാത്രം മാറ്റാൻ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. പ്രവർത്തകർ മാറ്റാൻ വിസമ്മതിച്ചപ്പോൾ ബലം പ്രയോഗിച്ച്‌ പിടിച്ചു വലിച്ചു നീക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം മാനന്തവാടിയിൽ രാഹുലിന്റെ റോഡ്‌ ഷോയിലും ലീഗിന്റെ കൊടിക്ക്‌ വിലക്കുണ്ടായരുന്നു. ലീഗിന്റെ പതാക വേണ്ടെന്ന നിർദേശം കോൺഗ്രസ്‌ ‌നേതാക്കളുടെ ഭാഗത്തുണ്ടായിരുന്നതിനെതിരെ ലീഗ്‌ പ്രവർത്തകരിൽനിന്ന്‌ വലിയ പ്രതിഷേധമാണുണ്ടായത്‌. പിന്നീട്‌ വ്യാജവാർത്തയാണെന്ന്‌ പറഞ്ഞ്‌ ലീഗിനെ തണുപ്പിക്കാൻ കെ സി വേണുഗോപാലുൾപ്പെടെയുള്ള നേതാക്കൾ രംഗത്ത്‌ വന്നു.