റഫാൽ ഇടപാടിൽ കേന്ദ്രസര്‍ക്കാരിനെ വിവാദത്തിലാക്കി പുതിയ വെളിപ്പെടുത്തൽ

0
103

റഫാൽ ഇടപാടിൽ കേന്ദ്രസര്‍ക്കാരിനെ വിവാദത്തിലാക്കി പുതിയ വെളിപ്പെടുത്തൽ. ഫ്രഞ്ച് കമ്പനിയായ ഡസോയിൽ നിന്ന് റഫാൽ യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിൽ ഇന്ത്യയിലെ ഇടനിലക്കാരന് സമ്മാനമായി കമ്പനി പത്ത് ലക്ഷം യൂറോ കൈമാറിയെന്നാണ് ഫ്രഞ്ച് മാധ്യമത്തിൻ്റെ റിപ്പോര്‍ട്ട്.

2016ൽ ഇന്ത്യയും ഫ്രാൻസും തമ്മിൽ റഫാൽ കരാര്‍ ഒപ്പിട്ടതിനു പിന്നാലെ ഈ തുക കൈമാറിയെന്നാണ് ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ടിൻ്റെ റിപ്പോര്‍ട്ട്.ഫ്രാൻസിലെ അഴിമതി വിരുദ്ധ ഏജൻസി നടത്തിയ പരിശോധനയിലാണ് റഫാൽ ഇടപാടയിൽ കമ്മീഷൻ കണ്ടെത്തിയതെന്നാണ് മീഡിയ പാര്‍ട്ട് റിപ്പോര്‍ട്ട്.

2016ൽ ഇന്ത്യ ഫ്രാൻസ് റഫാൽ കരാർ ഒപ്പിട്ടതിന് പിന്നാലെയായിരുന്നു തീരുമാനം. ദാസോ എവിയേഷനാണ് ഇന്ത്യൻ കമ്പനിക്ക് പണം കൈമാറാൻ ധാരണ ഉണ്ടാക്കിയത്. ഇടപാടുകളുള്ള സമ്മാനം എന്ന നിലയിലാണ്
ഡിഫെസിസ് സൊലൂഷൻസ് കമ്പനിക്ക് പണം നൽകിയത്.

2017 മാര്‍ച്ച് 30ന് പത്ത് ലക്ഷത്തിലധികം യൂറോ വരുന്ന ഇടപാടിൽ പകുതിയോളം തുകയാണ് കൈമാറിയതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. റഫാൽ വിമാനങ്ങളുടെ 50 മാതൃകകള്‍ നിര്‍മിക്കാൻ എന്ന വിശദീകരണവുമായാണ് കരാര്‍ ഒപ്പിട്ടത്. വിമാനത്തിൻ്റെ ഒരു മാതൃക നിര്‍മിക്കാൻ ഇതു പ്രകാരം പതിനേഴര ലക്ഷത്തോളം രൂപയാണ് കമ്പനി വാങ്ങിയത്.

എന്നാൽ ഈ കരാര്‍ അനുസരിച്ച് വിമാനമാതൃകകള്‍ നിര്‍മിച്ചതു സംബന്ധിച്ച ഒരു രേഖയും കൈമാറാൻ ഡസോയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടിൽ പറയന്നു. ഇത്തരത്തിൽ കൈമാറിയ തുക സമ്മാനം എന്ന രീതിയിൽ കമ്പനി രേഖകളിൽ രേഖപ്പെടുത്തിയത് എന്തിനാണെന്നതിനും കമ്പനി വശദീകരണം നല്‍കിയിട്ടില്ല.

അതേ സമയം വിവാദമായ അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസിലടക്കം ഉയര്‍ന്നു കേട്ട വിവാദ വ്യവസായി സുഷൻ ഗുപ്തയുമായി ബന്ധമുള്ള സ്ഥാപനമാണ് പണം ലഭിച്ച ഡെഫ്സിസ് സൊല്യൂഷൻസ്. അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസിൽ അറസ്റ്റിലായ ഇയാള്‍ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള കരാര്‍ സംബന്ധിച്ചുള്ള വാര്‍ത്താ പരമ്പരയിൽ ആദ്യത്തെ ഭാഗമാണ് ഇതെന്നാണ് മീഡിയ പാര്‍ട്ട് ലേഖകൻ പറയുന്നത്.