കോൺഗ്രസ് വ്യാജ പ്രചാരണം പൊളിഞ്ഞു, പാറു മുത്തശ്ശിയെ അപമാനിച്ച കോൺഗ്രസ് മാപ്പുപറയണം: കൊച്ചുമകൾ

0
98

സംസ്ഥാന സർക്കാരിനെതിരെ വ്യാജ പ്രചാരണം നടത്താൻ ഓടിനടക്കുകയാണ് പ്രതിപക്ഷം. എന്നാൽ അവസാനം അവസാനം കോൺഗ്രസിന്റെ എല്ലാ പ്രചാരണം പൊളിഞ്ഞടിയുകയാണ്. ഇപ്പോൾ വയോധികയെയും കുടുംബത്തെയും അപമാനിക്കുന്ന വീഡിയോ ഷെയർ ചെയ്ത് പ്രചരിപ്പിച്ച കോൺഗ്രസിന്റെ നീക്കവും പൊളിഞ്ഞു.

വീഡിയോ ഷെയർ ചെയ്ത് പ്രചരിപ്പിച്ച ഹൈബി ഈഡൻ എംപി വീഡിയോ പിൻവലിച്ച്‌ കുടുംബത്തോട് പരസ്യമായി മാപ്പുപറയണമെന്ന് വയോധികയുടെ കൊച്ചുമകൾ ആവശ്യപ്പെട്ടു. എൽഡിഎഫ് പ്രചാരണതാരം കളമശേരി പുന്നക്കാട്ട് മൂലയിലെ പാറു മുത്തശ്ശിയെ അപകീർത്തിപ്പെടുത്തുന്ന വീഡിയോയാണ് ഹൈബി ഈഡൻ ഷെയർ ചെയ്തത്.

പ്രദേശത്തെ യുഡിഎഫ് പ്രവർത്തകർ ദുഷ്ടലാക്കോടെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച വീഡിയോയ്ക്ക് മറുപടി നൽകുകയായിരുന്നു പേരക്കിടാവായ ഋതിക. 87 വയസ്സുള്ള വയോധികയെ അപകീർത്തിപ്പെടുത്തിയതിൽ കുടുംബത്തിനുള്ള വേദനയും ദുഃഖവും അവർ പങ്കുവച്ചു.
കുടുംബാംഗങ്ങളുടെ അറിവും സമ്മതവും തേടിയാണ് എൽഡിഎഫ് പ്രചാരണത്തിനായി അമ്മൂമ്മയുടെ ഫോട്ടോ എടുത്തത്. അതിന് ഞങ്ങൾതന്നെയാണ് കൊണ്ടുപോയതെന്നും ഋതിക പറയുന്നു.

കേരളത്തിലുടനീളം അമ്മൂമ്മ താരമാകുന്നതിൽ മക്കൾക്കും പേരക്കിടാങ്ങൾക്കും ഏറെ സന്തോഷവും അഭിമാനവുമുണ്ടായിരുന്നു. എന്നാൽ, കുടുംബത്തിന്റെ സന്തോഷവും സമാധാനവും തകർക്കുന്നതാണ് യുഡിഎഫുകാർ ഇറക്കിയ വീഡിയോ. അതിൽ അമ്മൂമ്മയ്ക്ക് സർക്കാരിന്റെ റേഷനും മറ്റ് ആനുകൂല്യങ്ങളും കിട്ടുന്നില്ലെന്നും ഭക്ഷണമില്ലാതെയാണ് കഴിയുന്നതെന്നും പറയുന്നത് നുണയാണ്. സ്വന്തംപേരിൽ പിങ്ക് റേഷൻ കാർഡ് ഉടമയാണ് അവർ.

വിരലടയാളം പതിച്ച്‌ കൃത്യമായി റേഷൻ വാങ്ങുന്നതിന് റേഷൻ കടയുടമ സാക്ഷിയാണ്. സർക്കാരിൽനിന്ന് പെൻഷനും കിറ്റും അവർക്ക് കൃത്യമായി ലഭിക്കുന്നുണ്ട്. വയോധികയുടെ വീഡിയോ ചിത്രീകരിച്ചത് കുടുംബാംഗങ്ങളെ അറിയിക്കാതെയാണ്. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് ഭീഷണിപ്പെടുത്തിയാണ് അവരെക്കൊണ്ട് സംസാരിപ്പിച്ചതെന്ന് സംശയിക്കുന്നതായും ഋതിക പറഞ്ഞു.

വസ്തുത ഇതായിരിക്കെ, എന്ത് ബോധ്യത്തോടെയാണ് ഒരു എംപിയായ ഹൈബി ഇത്തരമൊരു വീഡിയോ ഷെയർ ചെയ്തത് എന്നാണ് അവരുടെ ചോദ്യം. യുഡിഎഫും ഹൈബി ഈഡനും വീഡിയോ പിൻവലിച്ച്‌ മാപ്പുപറയണമെന്നും ഋതിക ആവശ്യപ്പെട്ടു.