അസമിൽ അട്ടിമറി നീക്കങ്ങളുമായി ബിജെപി, എതിർപക്ഷത്തെ സ്ഥാനാർഥിയെ ചാക്കിലാക്കി

0
85

അസമിൽ മഹാസഖ്യം വെല്ലുവിളി ഉയർത്തിയതോടെ ഭരണം നിലനിർത്താൻ അട്ടിമറി നീക്കങ്ങളാണ്‌‌‌ ബിജെപി നടത്തുന്നത്‌. ചൊവ്വാഴ്‌ച വോട്ടെടുപ്പ്‌ നടക്കാനിരിക്കെ എതിർപക്ഷത്തെ സ്ഥാനാർഥിയെ ചാക്കിലാക്കി. തമുൽപുർ മണ്ഡലത്തിലെ ബോഡോ ലാന്റ്‌ പീപ്പിൾസ്‌ ഫ്രണ്ട്(ബിപിഎഫ്‌)‌സ്ഥാനാർഥി രംഗ്‌ജ ഖുൻഗുർ ബസുമതാരിയെ മന്ത്രി ഹിമന്ദ ബിശ്വശർമ ഇടപെട്ട്‌ ബിജെപിയിൽ എത്തിച്ചു.

രണ്ടു ദിവസം കാണാതായ ബസുമതാരി അർധരാത്രി ഹിമന്ദയുമായി കൂടിക്കാഴ്‌ച നടത്തിയശേഷമാണ്‌ ബിജെപിയിൽ ചേർന്നത്‌. പെരുമാറ്റച്ചട്ടവും നിയമങ്ങളും ലംഘിച്ച ബസുമതാരിക്കും ഹിമന്ദയ്‌ക്കും എതിരെ നടപടി എടുക്കണമെന്നും തെരഞ്ഞെടുപ്പ്‌ നിർത്തിവയ്‌ക്കണമെന്നും സിപിഐ എമ്മും കോൺഗ്രസ്‌ തെരഞ്ഞെടുപ്പ്‌ കമീഷനൊട്‌ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല.

ബിപിഎഫ്‌ നേതാവ്‌ ഹഗ്രാമ മൊഹിലാരിയെ ഭീഷണിപ്പെടുത്തിയ ഹിമന്ദയ്‌ക്ക്‌ പ്രചാരണത്തിന്‌ വിലക്ക്‌ 48 മണിക്കൂർ വിലക്ക്‌ ഏർപ്പെടുത്തിയത്‌‌ പകുതിയാക്കി കമീഷൻ വെട്ടിക്കുറച്ചിരുന്നു. ഭാര്യയുടെ വിവാദ പ്രസംഗം റിപ്പോർട്ടുചെയ്‌താൽ കൊന്നുകളയുമെന്ന്‌ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തിയ ബിജെപി മന്ത്രി പീയുഷ്‌ ഹസാരികയ്‌ക്കെതിരെയും നടപടി ഉണ്ടായില്ല. ബിജെപി മന്ത്രിയും സ്ഥാനാർഥിയുമായ കൃഷ്‌ണേന്ദു പോളിന്റെ വാഹനത്തിൽനിന്ന്‌ ഇലക്‌ട്രോണിക്‌ വോട്ടിങ്‌ യന്ത്രം പിടിച്ചെടുത്ത ഞെട്ടിക്കുന്ന നിയമലംഘനവുമുണ്ടായി.

തെരഞ്ഞെടുപ്പ്‌ കമീഷന്റെ നിഷ്‌പക്ഷത സംശയത്തിലാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ സംശയം ദൂരീകരിക്കേണ്ടത്‌ കമീഷന്റെ കടമമാത്രമല്ല ഭരണഘടനാപരമായ ബാധ്യതയാണെന്നും യെച്ചൂരി വ്യക്തമാക്കി. തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഏകപക്ഷീയ നടപടികൾക്ക്‌ ചരിത്രം മാപ്പു നൽകില്ലെന്ന്‌ കോൺഗ്രസ്‌ ചൂണ്ടിക്കാട്ടി.