അമിത്‌ ഷാ നടത്തുന്ന ഭീഷണി കേരളത്തിൽ വിലപ്പോവില്ല: ബൃന്ദ കാരാട്ട്

0
87

അമിത്‌ ഷാ നടത്തുന്ന ഭീഷണി കേരളത്തിൽ വിലപ്പോവില്ലെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌. ബിജെപിക്ക്‌ ഭരണം കിട്ടാത്ത എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ഉപകരണമാക്കി നേതാക്കളെ ആക്രമിക്കുന്നു. കേരളത്തിൽ കോൺഗ്രസുമായി ചേർന്നാണ് അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നത്.

ശക്തമായ ജനകീയാടിത്തറയുള്ള എൽഡിഎഫ്‌ സർക്കാരിനെ ഭീഷണിപ്പെടുത്തി തകർക്കാമെന്ന്‌ അമിത്‌ ഷായും ബിജെപിയും വ്യാമോഹിക്കേണ്ട. സംസ്ഥാനത്ത്‌ വീശിയടിക്കുന്ന എൽഡിഎഫ്‌ അനുകൂല തരംഗത്തിൽ യുഡിഎഫും ബിജെപിയും തകർന്നടിയുമെന്നും‌ കൽപ്പറ്റയിൽ ബൃന്ദ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അമിത് ‌ഷാ എവിടെപ്പോയാലും അവിടെയെല്ലാം സാമുദായിക ലഹള ഉറപ്പാണ്‌. വിദ്വേഷത്തിന്റെ വിഷംചീറ്റുന്ന പ്രസംഗങ്ങൾ നടത്തുന്ന ഇദ്ദേഹം വെറുപ്പിന്റെ മന്ത്രിയാണ്‌. കേരളത്തിലെ സാമുദായിക ഐക്യം തകർക്കാനാണ്‌ ബിജെപി ശ്രമം‌. മുസ്ലിംലീഗിന്‌ വോട്ട്‌ ചെയ്യണമെന്ന സുരേഷ്‌ ഗോപിയുടെ പ്രസ്‌താവനയെക്കുറിച്ച്‌ അമിത്‌ ഷാക്ക്‌ മൗനമാണ്‌.

ബിജെപി യുഡിഎഫിനെയും മതതീവ്രവാദികളെയും സഹായിക്കുന്നു. രാജ്യം മുഴുവൻ മോഡിയും ആർഎസ്‌എസും വാഷിങ്‌ മെഷീനുമായി പോകുന്നു, എല്ലാ കോൺഗ്രസ്‌ എംഎൽഎമാരെയും ഈ വാഷിങ്‌ മെഷീനിലിട്ട്‌ ബിജെപിയാക്കി മാറ്റുകയാണ്‌. എട്ട്‌ സംസ്ഥാനങ്ങളിൽ ജനവിധി ബിജെപിക്കെതിരായിരുന്നു. എന്നാൽ കോൺഗ്രസ്‌ എംഎൽഎമാരുടെ സഹായത്തോടെ ഇവിടങ്ങളിലെല്ലാം അവർ സർക്കാർ രൂപീകരിച്ചു.

കോൺഗ്രസ് ഉപ്പുവച്ച കലം പോലെയായി. സംസ്ഥാനം പ്രതിസന്ധികൾ നേരിട്ടപ്പോഴെല്ലാം കേന്ദ്ര സർക്കാർ കേരളത്തോട്‌ ശത്രുതാപരമായ നിലപാടാണ്‌ സ്വീകരിച്ചത്‌. രണ്ട്‌ ആദിവാസി സംവരണ മണ്ഡലമുള്ള വയനാട്ടിൽ വന്ന അമിത്‌ ഷാ ആദിവാസികളെ കുറിച്ച്‌ ഒരക്ഷരം മിണ്ടിയില്ല. ആദിവാസികളുടെ വനാവകാശ നിയമം മോഡി സർക്കാർ അട്ടിമറിച്ചു. വനത്തിൽനിന്ന്‌ അവരെ കുടിയിറക്കി പകരം ഖനി മാഫിയകൾക്ക്‌ തീറെഴുതിയെന്നും ബൃന്ദ പറഞ്ഞു.