ജലജീവൻ മിഷൻ: പ്രധാനമന്ത്രി അവതരിപ്പിച്ചത്‌ ‌തെറ്റായ കണക്ക്‌

0
101

ജലജീവൻ മിഷൻ വഴി സംസ്ഥാനത്ത്‌ 4.5 ശതമാനം കുടുംബങ്ങളിൽ മാത്രമാണ്‌ പൈപ്പ് കണക്‌ഷൻ നൽകിയതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാദം തെറ്റ്‌. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ കേരളത്തിലെത്തിയ മോഡി വെള്ളിയാഴ്ച കോന്നിയിലെ പൊതുയോഗത്തിലാണ്‌ വസ്‌തുതാവിരുദ്ധമായ കണക്ക് അവതരിപ്പിച്ചത്‌.

രാജ്യത്ത്‌ 21 ശതമാനം വീടുകളിൽ ജലജീവൻ മിഷൻ വഴി പൈപ്പ്‌ കണക്‌ഷൻ നൽകിയെന്നും കേരളത്തിൽ ഇത്‌ 4.5 ശതമാനം മാത്രമാണെന്നുമായിരുന്നു മോഡിയുടെ പ്രസംഗം. എന്നാൽ സംസ്ഥാനത്ത്‌ 7.31 ശതമാനം വീടുകളിൽ പൈപ്പ്‌ കണക്‌ഷൻ നൽകിയതായി കേരള സ്റ്റാറ്റിസ്റ്റിക്കൽ കമീഷൻ ചെയർമാൻ പി സി മോഹനൻ അറിയിച്ചു. ജല ജീവൻ മിഷന്റെ വെബ്‌സൈറ്റിൽ ഇത്‌ വ്യക്തമാണ്‌. 4,90,856 വീട്ടിൽ പൈപ്പ്‌ കണക്‌ഷൻ നൽകി.

ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻ‌എസ്‌ഒ) നടത്തിയ ഗാർഹിക സർവേ പ്രകാരം കേരളത്തിൽ 76 ശതമാനം ഗ്രാമീണ കുടുംബങ്ങളും പ്രധാന ജലസ്രോതസ്സായി കിണറാണ് ഉപയോഗിക്കുന്നത്. ദേശീയ ശരാശരി 7.3 ശതമാനം മാത്രമാണിതെന്നും സ്റ്റാറ്റിസ്റ്റിക്കൽ കമീഷൻ ചെയർമാൻ പറഞ്ഞു.

സമ്പൂർണ വൈദ്യുതീകരണം നടപ്പായതിനാൽ കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും കിണറുകളിൽ പമ്പ്‌ സൗകര്യമുണ്ട്‌. അതുകൊണ്ടുതന്നെ പൈപ്പ്‌ കണക്‌ഷൻ ആവശ്യമുള്ള വീടുകളുടെ എണ്ണവും തീരെ കുറവാണ്‌.