ഈ മേന്മകൾ ഇടതുപക്ഷത്തിന്റെ മാത്രം

0
73

1957 മുതൽക്കിങ്ങോട്ടുള്ള ആധുനിക കേരളത്തിന്റെ ചരിത്രമെടുത്തു പരിശോധിച്ചാൽ ഇടവേളകളോടെ സർക്കാരുകൾ മാറിവരുന്ന നിലയാണ് നാം കണ്ടത്. ഇടയ്ക്കിടയ്ക്കായി അധികാരത്തിൽ വന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരുകൾ മത്സരിച്ചത് തൊട്ടുമുമ്പുള്ള യുഡിഎഫ് സർക്കാരിന്റെ പ്രവർത്തനവുമായല്ല, മറിച്ച് നേരത്തേയുണ്ടായിരുന്ന ഇടതുപക്ഷ ഭരണങ്ങളുടെ പ്രവർത്തനങ്ങളുമായാണ്. ഓരോ ഘട്ടത്തിലും കൂടുതൽ നന്നാക്കാനാണ് നോക്കിയത്. അങ്ങനെ മത്സരിക്കാൻ വേണ്ട അടിത്തറ ഇടതുപക്ഷേതര സർക്കാരുകൾ ഉണ്ടാക്കിയിരുന്നില്ല എന്നു ചുരുക്കം.

ഓരോ മേഖലയിലും അതിന്റേതായ അടയാളമുദ്ര പതിപ്പിച്ചാണ് കടന്നുപോയത്. ഭൂപരിഷ്കരണംമുതൽ ജനകീയാസൂത്രണംവരെ. വിദ്യാഭ്യാസപരിഷ്കാരംമുതൽ പൊതുജനാരോഗ്യംവരെ. ഭരണപരിഷ്കാരംമുതൽ അധികാരവികേന്ദ്രീകരണംവരെ. ആ പരമ്പരയിൽ ഓരോ എൽഡിഎഫ് സർക്കാരിനും മുമ്പത്തെ എൽഡിഎഫ് സർക്കാരുമായേ മത്സരിക്കാൻ കഴിയുമായിരുന്നുള്ളൂ. ഉയർച്ചയ്ക്ക് കൂടുതൽ ഉയർച്ചയോടല്ലാതെ തകർച്ചയുമായി മത്സരിക്കാനാകില്ലല്ലോ.

അങ്ങനെയാണ് പെൻഷൻ 1600 രൂപയായി വർധിച്ചതും 61 ലക്ഷം പേർക്ക് പെൻഷൻ വിതരണം ചെയ്യുന്ന നിലയിലേക്ക് എത്തിയതും. കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് 32,034 കോടി രൂപ പെൻഷനായി വിതരണം ചെയ്തതും സാമൂഹ്യസുരക്ഷ, വികസന മേഖലകളിൽ 73,280 കോടി രൂപ ചെലവഴിച്ചതും അങ്ങനെയാണ്. 20 രൂപയ്ക്ക് ഊണുനൽകുന്ന 876 ജനകീയ ഹോട്ടൽ ആരംഭിച്ചതും അങ്ങനെയാണ്.

ദുരിതാശ്വാസനിധിയിലൂടെ 5432 കോടി രൂപ വിതരണം ചെയ്തതും 2,57,000 പേർക്ക് ലൈഫ് മിഷനിലൂടെ വീട് നിർമിച്ചുനൽകിയതും 1.76 ലക്ഷം പേർക്ക് പട്ടയം വിതരണം ചെയ്തതും നെല്ലുൽപ്പാദനം 588 ലക്ഷം മെട്രിക് ടണ്ണായി വർധിപ്പിച്ചതും പച്ചക്കറി ഉൽപ്പാദനം 15 ലക്ഷം മെട്രിക് ടണ്ണായി വർധിപ്പിച്ചതും നെൽവയൽ കൃഷി 2.23 ലക്ഷം ഹെക്ടറായി വ്യാപിപ്പിച്ചതും പാലുൽപ്പാദനം 31,421.38 ലക്ഷം ലിറ്ററായി ഉയർത്തിയതും ഇത്തരത്തിൽ മുൻ ഇടതുപക്ഷ സർക്കാരുകളുടെ നേട്ടങ്ങളുമായി മത്സരിച്ചതുകൊണ്ടാണ്.

45,000 ക്ലാസ് മുറി ഹൈടെക്കാക്കിയും 1,20,000ത്തോളം ലാപ്ടോപ് വിതരണം ചെയ്തും പാഠപുസ്തകവിതരണം അധ്യയനവർഷം തുടങ്ങുന്നതിനുമുമ്പ് പൂർത്തിയാക്കിയും 20,800 കോടി രൂപ സ്കൂൾ വിദ്യാഭ്യാസത്തിനുമായി വകയിരുത്തിയുമാണ് 6.8 ലക്ഷം കുട്ടികൾ പൊതുവിദ്യാലയങ്ങളിലേക്ക് അധികമായി കടന്നുവന്നത്.

വൈദ്യുതിയുടെ ഉൽപ്പാദനശേഷിയിൽ 236 മെഗാവാട്ടിന്റെ വർധന ഉണ്ടായതും കുടിവെള്ള കണക്‌ഷനുകളുടെ കാര്യത്തിൽ 11.33 ലക്ഷത്തിന്റെ വർധനവും 11,580 കിലോമീറ്റർ റോഡുകൾ നവീകരിച്ചതും ആകെ റോഡുകളുടെ ദൈർഘ്യം 3,31,904 കിലോമീറ്ററായി വർധിപ്പിച്ചതും ഒക്കെ മുൻ ഇടതുസർക്കാരുടെ നേട്ടങ്ങളോട് മത്സരിച്ചതുകൊണ്ടാണ്.

ശിശുമരണനിരക്ക് ഏഴ്‌ എന്ന രാജ്യത്തെ കുറഞ്ഞ നിലയിലേക്ക് ചുരുക്കാനായതും അഞ്ഞൂറിലധികം കുടുംബാരോഗ്യ കേന്ദ്രം യാഥാർഥ്യമാക്കാൻ കഴിഞ്ഞതും 7263 തസ്തിക ആരോഗ്യമേഖലയിൽ പുതുതായി ആരംഭിച്ചതും താലൂക്ക്, ജില്ലാ ആശുപത്രികളിൽവരെ സൂപ്പർ സ്പെഷ്യാലിറ്റി സേവനം ലഭ്യമാക്കിയതും ഒക്കെ നാം ഇനിയും മുന്നേറണം എന്ന കാഴ്ചപ്പാടുണ്ടായതുകൊണ്ടാണ്.

പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാക്കിയതും പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉൽപ്പാദനം വർധിപ്പിച്ചതും കുടുംബശ്രീയുടെ അംഗത്വം ഉയർത്തിയതും പ്രവാസിക്ഷേമത്തിന് മൂന്നിരട്ടി ഫണ്ട് അനുവദിച്ചതും മുടങ്ങിക്കിടന്ന ഗെയിൽ പൈപ്പ്‌ലൈൻ, ഇടമൺ–-കൊച്ചി വൈദ്യുതിലൈൻ, റെയിൽവേ വികസനം എന്നിവയൊക്കെ യാഥാർഥ്യമാക്കിയതും മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയ ജലപാത, ദേശീയപാത വികസനം, പുഗലൂർ–-മാടത്തറ എച്ച്‌ഡിസി ലൈൻ എന്നിവ ഏറ്റെടുത്തതും കണ്ണൂർ വിമാനത്താവളം, കൊച്ചി വാട്ടർ മെട്രോ എന്നിവയുടെ പ്രവർത്തനം ആരംഭിച്ചതും കൊച്ചി മെട്രോയുടെ വികസനം സാധ്യമാക്കിയതും ഒക്കെ വികസനപ്രക്രിയയിൽ നിശ്ചയദാർഢ്യത്തോടെ എൽഡിഎഫ് സർക്കാർ ഇടപെട്ടതുകൊണ്ടാണ്.