എന്തുകൊണ്ട് ആത്മവിശ്വാസം – പിണറായി വിജയൻ

0
73

പിണറായി വിജയൻ

മഹാപ്രളയം വന്നപ്പോൾ ചേർത്തുപിടിച്ച കൈ അയയരുത്. പട്ടിണിയായിപ്പോകേണ്ടിയിരുന്ന ദിനങ്ങളിൽ ഭക്ഷ്യക്കിറ്റുകൾ എത്തിച്ച കനിവ് വറ്റിപ്പോകരുത്. മഹാരോഗ ഘട്ടങ്ങളിൽ തെളിഞ്ഞുവന്ന കരുണയുടെ കൈത്തിരി അണഞ്ഞുപോകരുത്.

ചുറ്റുപാടും കാണുന്ന വികസനത്തിന്റെ മാറ്റം മരവിച്ചുപോകരുത്. തൊഴിൽദിനങ്ങൾ തിരികെ നേടിത്തന്നതും പെൻഷൻ വർധിപ്പിച്ച്വീ ട്ടിലെത്തിച്ചു തന്നതുമായ  കരുതൽ കൈവിട്ടുപോകരുത്. ഇതിനൊക്കെ എന്തു ചെയ്യണം? ആ ചോദ്യത്തിനുമുമ്പിൽ ജനങ്ങൾക്കുമുമ്പിൽ രണ്ടാമതൊരു ഉത്തരമില്ല. ഇതൊക്കെ തുടരണം. തുടരണമെങ്കിലോ എൽഡിഎഫ് ഭരണം തുടരണം

കേരളം വീണ്ടും ഒരു നിയമസഭാ തെരഞ്ഞെടുപ്പിലേക്കു നീങ്ങുകയാണ്. ജനാധിപത്യത്തെ ചൈതന്യവത്താക്കി നിലനിർത്തുന്നതിൽ തെരഞ്ഞെടുപ്പുകൾക്ക് വലിയ പ്രസക്തിയുണ്ട്. ഭരണത്തിന്റെ സിരകളെ അത് പുതുരക്തം പടർത്തി ഊർജസ്വലമാക്കും. നാടിന്റെ ഭാവിഭാഗധേയം അത് നിർണയിക്കും.

ജനതയുടെ ഇനിയുള്ള ജീവിതം എങ്ങനെയാകണം, നാട് ഇനി ചലിക്കേണ്ടത് ഏതു ദിശയിലാകണം തുടങ്ങിയ കാര്യങ്ങളിൽ അന്തിമ വിധിതീർപ്പുണ്ടാകുന്നത്‌ തെരഞ്ഞെടുപ്പിലാണ്. അതുകൊണ്ടുതന്നെ അങ്ങേയറ്റത്തെ ഉത്തരവാദിത്തബോധത്തോടെ സമീപിക്കേണ്ട ഒന്നാണ് തെരഞ്ഞെടുപ്പ്. അനവധാനതമൂലമുള്ള ഒരു കൈത്തെറ്റുണ്ടായാൽ മതി, നേടിയതൊക്കെ നഷ്ടപ്പെട്ടുപോകാം; നേടേണ്ടതൊക്കെ എന്നേക്കുമായി അകന്നുപോകാം.

പശ്ചാത്താപംകൊണ്ട് പിന്നീട് തിരുത്താനാകുന്നതല്ല അത്തരം കൈയബദ്ധങ്ങൾ. അക്കാര്യത്തിൽ അങ്ങേയറ്റത്തെ കണിശത പുലർത്തുന്ന ഉന്നത ജനാധിപത്യബോധത്തിന്റെ ഉടമകളാണ് പ്രബുദ്ധരായ കേരളീയർ. സമ്മതിദാനാവകാശത്തിന്റെ വിനിയോഗം തങ്ങളുടെ ജീവിതത്തെത്തന്നെയാണ് വഴിതിരിച്ചുവിടുക എന്നത് അവർക്കറിയാം. പുറത്തുനിന്നുള്ള പ്രലോഭനങ്ങൾക്കോ പ്രകോപനങ്ങൾക്കോ തെറ്റിദ്ധരിപ്പിക്കലുകൾക്കോ വഴിപ്പെടാത്ത ഇവിടത്തെ ജനതയുടെ സമുന്നതമായ ജനാധിപത്യ പ്രബുദ്ധതയിൽ അചഞ്ചലമായ വിശ്വാസമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുള്ളത്.

ആ പ്രബുദ്ധതയിൽ വിശ്വാസമർപ്പിച്ചുകൊണ്ടുതന്നെ പ്രസക്തമായ ചില കാര്യങ്ങൾ ജനതയുടെ ശ്രദ്ധയിലേക്ക്‌ കൊണ്ടുവരികയാണ്. അഞ്ചുവർഷത്തെ ജീവിതഘട്ടംകൊണ്ട് കേരളജനത അനുഭവിച്ചറിഞ്ഞതാണ്. ഓരോ കാര്യവും സ്വന്തം ജീവിതാനുഭവത്തിന്റെ ഉരകല്ലിൽ ഉരച്ചാൽ ഏതു പൗരനും അവ സത്യമാണെന്ന് തിരിച്ചറിയാൻ കഴിയും. സത്യത്തിലും ആത്മാർഥതയിലും പരസ്പരവിശ്വാസത്തിലും ഊന്നിയ ഒരു ആത്മബന്ധം ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും ഇവിടത്തെ ജനതയ്ക്കുമിടയിലുമുണ്ടുതാനും.

ലോകം ഉറ്റുനോക്കുന്ന കേരളം

വർഗീയ കലാപങ്ങളില്ലാത്ത അഞ്ചുവർഷമാണ് കടന്നുപോകുന്നത്. ശാന്തിയിലും സമാധാനത്തിലും കഴിഞ്ഞ അഞ്ചു വർഷം. ഇത് കേരളത്തിന്റെമാത്രം പ്രത്യേകതയാണ്. ലോകംതന്നെ ഉറ്റുനോക്കുന്ന മാതൃകയാണ്. വികസനത്തിന്റെ പുതുയുഗപ്പുലരിയിലേക്ക് തുടർച്ചയായി വന്ന എല്ലാ പ്രതികൂലഘടകത്തെയും മറികടന്ന് മുന്നേറിയ ഘട്ടം. അക്കാര്യത്തിൽ അന്താരാഷ്ട്രതലത്തിൽത്തന്നെ നാം ഒരു വിസ്മയമായി.

എന്തെല്ലാം വൈഷമ്യങ്ങളെയായിരുന്നു നേരിടേണ്ടിയിരുന്നത്? തീരത്തെ അഗാധദുഃഖത്തിലാഴ്ത്തിയ ഓഖി, നൂറ്റാണ്ടുകാലത്തെ ഏറ്റവും വലിയ പ്രളയം, തുടർച്ചയായി വന്ന വെള്ളപ്പൊക്കവും മണ്ണിടിച്ചിലും, നിപാ പോലുള്ള പകർച്ചവ്യാധികൾ, ഏറ്റവുമൊടുവിൽ കോവിഡ്–-19 മഹാമാരി.

ഒരു ജനസമൂഹത്തെ മരവിപ്പിലേക്കും തകർച്ചയിലേക്കും എത്തിക്കാൻ ഇതിൽ ഒന്നുതന്നെ ധാരാളമാണ്. എന്നാൽ, ആപത്തുകൾ ഒന്നിനുപുറകെ ഒന്നായി വന്നിട്ടും നമ്മൾ ഒറ്റക്കെട്ടായിനിന്ന് പൊരുതി അതിജീവിച്ചു. കേരളത്തെ തകർത്തുതരിപ്പണമാക്കുന്നതായിരുന്നു പ്രളയം. തകർന്നടിഞ്ഞയിടങ്ങളിൽനിന്ന്, ഇനി ഒരു ദുരന്തത്തിനും തകർക്കാനാകാത്ത വിധത്തിൽ കേരളത്തെ പുനർനിർമിച്ചു.

മുമ്പ് കണ്ടിട്ടുള്ള വിധത്തിലായിരുന്നില്ല മഹാമാരി. രോഗത്തെക്കുറിച്ചുതന്നെ വൈദ്യശാസ്ത്ര ലോകത്തിന്‌ വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. എന്നിട്ടും നമ്മൾ പ്രതിരോധിച്ചു; അതിജീവിച്ചു. ഇപ്പോഴും ഇന്ത്യയിൽ ഏറ്റവും കുറവ് മരണനിരക്കുള്ള സംസ്ഥാനമാണിത്. ജനസംഖ്യാനുപാതികമായി ഏറ്റവുമധികം ടെസ്റ്റും വാക്സിനേഷനും നടക്കുന്ന സംസ്ഥാനമാണ്.

ഇതെല്ലാം ചെയ്തുകൊണ്ടുതന്നെ വികസനക്ഷേമ നടപടികളെ കൈവിടാതെ കാത്തു. ലോകത്തിന്റെ ചില ഭാഗങ്ങളെങ്കിലും പട്ടിണിയിലാണ്ടു ഇക്കാലത്ത്. എന്നാൽ, എല്ലാ വരുമാനസ്രോതസ്സും അടഞ്ഞ ഘട്ടത്തിൽപ്പോലും കേരളത്തിലെ ഒരു കുടുംബത്തിലും പട്ടിണിയുണ്ടാകാതെ നാം കാത്തു. ജീവിതവൈഷമ്യങ്ങൾമൂലം ഒരാളും ആത്മഹത്യ ചെയ്യാത്ത അവസ്ഥ പരിപാലിച്ചു. ഇതൊക്കെ ചെയ്തുകൊണ്ടുതന്നെ കേരള പുനർനിർമാണവും രോഗപകർച്ചാ നിയന്ത്രണവും സാധ്യമാക്കി.

നാടിനെ വീണ്ടും തകർക്കാൻ യുഡിഎഫ്
‌‌
ആ പ്രക്രിയയിൽ കേരളം ഒരു സവിശേഷ ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ഇക്കഴിഞ്ഞ അഞ്ചുവർഷം കൊണ്ടുണ്ടായ നേട്ടങ്ങൾ തകർക്കാൻ ആർക്കും വിട്ടുകൊടുക്കരുതെന്ന ബോധ്യത്തിന്റെ ഘട്ടമാണിത്. നന്നായ റോഡുകൾ തകരാനിടയാകരുത്. ശുദ്ധിയായ ജലവാഹിനികൾ മലിനമാകരുത്. സർക്കാർ വിദ്യാലയങ്ങളിലുണ്ടായ അറിവിന്റെ പുതുവെളിച്ചം കെടരുത്. പുതിയ സ്കൂൾ കെട്ടിടങ്ങൾ ഉപേക്ഷിക്കപ്പെട്ട പഴകിദ്രവിച്ച നിലയിലാകരുത്. നവീകരിച്ച ആതുരാലയങ്ങൾ പഴയ ജീർണതയിലേക്കു വീണുപോകരുത്. സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾ സ്വകാര്യ വിദ്യാലയങ്ങളിലേക്ക്‌ തിരിച്ചൊഴുകുന്ന സ്ഥിതി വരരുത്.

മഹാപ്രളയം വന്നപ്പോൾ ചേർത്തുപിടിച്ച കൈ അയയരുത്. പട്ടിണിയായിപ്പോകേണ്ടിയിരുന്ന ദിനങ്ങളിൽ ഭക്ഷ്യക്കിറ്റുകൾ എത്തിച്ച കനിവ് വറ്റിപ്പോകരുത്. മഹാരോഗ ഘട്ടങ്ങളിൽ തെളിഞ്ഞുവന്ന കരുണയുടെ കൈത്തിരി അണഞ്ഞുപോകരുത്. ചുറ്റുപാടും കാണുന്ന വികസനത്തിന്റെ മാറ്റം മരവിച്ചുപോകരുത്. തൊഴിൽദിനങ്ങൾ തിരികെ നേടിത്തന്നതും പെൻഷൻ വർധിപ്പിച്ച് വീട്ടിലെത്തിച്ചുതന്നതുമായ കരുതൽ കൈവിട്ടുപോകരുത്.

ഇതിനൊക്കെ എന്തു ചെയ്യണം? ആ ചോദ്യത്തിനുമുമ്പിൽ ജനങ്ങൾക്കുമുമ്പിൽ രണ്ടാമതൊരു ഉത്തരമില്ല. ഇതൊക്കെ തുടരണം. തുടരണമെങ്കിലോ എൽഡിഎഫ് ഭരണം തുടരണം. അങ്ങനെയാണ് ഭരണത്തുടർച്ച എന്നത് കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പൊതുവായ മുദ്രാവാക്യമായി മാറുന്നത്. കേരളജനതയുടെ ആ മനോവികാരത്തിലാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി വിശ്വാസമർപ്പിക്കുന്നത്. നമുക്കൊരുമിച്ചുനിന്ന് പ്രതിസന്ധികളെ നേരിടാം. അതിജീവിക്കാം. പുതിയ ഒരു ഭാവിയുടെ ചക്രവാളത്തിലേക്ക് ചുവടുവച്ച് നീങ്ങാം.

ഭരണം എന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണിയെ സംബന്ധിച്ചിടത്തോളം അധികാരത്തിന്റെ ആഘോഷമായിരുന്നില്ല. കൊടിവച്ച കാറിലെ പറക്കലായിരുന്നില്ല. പിന്നെയോ? വിഷമമനുഭവിക്കുന്ന പാവങ്ങളുടെ കണ്ണീരൊപ്പലായിരുന്നു. പുതിയ തലമുറയുടെ ഭാവി കരുപ്പിടിപ്പിക്കലായിരുന്നു. അടിസ്ഥാനഘടനാ സൗകര്യങ്ങൾ വികസിപ്പിക്കലായിരുന്നു. അതിലൂടെയുള്ള വികസനത്തിന്റെ വഴിയൊരുക്കലായിരുന്നു.

ഭരണം എന്ന വ്യവസ്ഥാപിത സങ്കൽപ്പംതന്നെ എൽഡിഎഫ് സർക്കാർ മാറ്റി എഴുതി. അധികാരത്തിൽ വന്ന് എവിടെനിന്നോ കെട്ടിയിറക്കിത്തരുന്നതല്ല, മറിച്ച് ജനപങ്കാളിത്തത്തോടെ തദ്ദേശതലങ്ങളിലടക്കം സാധ്യമാക്കുന്നതാണ് വികസനമെന്നു വന്നു. ക്ഷേമനടപടികൾക്കുവേണ്ടി വികസനത്തെയോ വികസനത്തിന്റെ പേരിൽ ക്ഷേമ നടപടികളെയോ കൈയൊഴിയാതെ രണ്ടിനെയും ഒരേസമയം പരസ്പരപൂരകമായി മുമ്പോട്ടുകൊണ്ടുപോകലാണ് എന്നു വന്നു.

പരമ്പരാഗത ശൈലിയിൽനിന്ന്‌ മാറി ചിന്തിച്ചു. അങ്ങനെയാണ് കിഫ്ബിയും അതിലൂടെയുള്ള വികസനങ്ങളും വന്നത്. ബജറ്റിലൂടെ മാത്രമുള്ള വിഭവസമാഹരണവും വിനിയോഗവും മാത്രമേ ഇന്ത്യ കണ്ടിട്ടുള്ളു. എന്നാൽ, ആ ഘടനയ്ക്കുപുറത്ത് 63,000 കോടിയുടെവരെ വിഭവസമാഹരണ വിനിയോഗങ്ങൾ ഭാവനാപൂർണമായി അഞ്ചുവർഷത്തിൽ നടപ്പാക്കി. സമാനതകളില്ലാത്ത അടിസ്ഥാനസൗകര്യ വികസനങ്ങൾ ഉണ്ടായതെങ്ങനെയാണ്. പുതിയ റോഡുകളും പാലങ്ങളും സ്കൂൾ കെട്ടിടങ്ങളും സ്മാർട്ട് ക്ലാസുകളും ഹൈടെക് പഠനവും ലോകനിലവാരത്തിലുള്ള അധ്യയനവും വന്നതെങ്ങനെയാണ്.

ഇതൊക്കെ കാണുന്നവർ, കിഫ്ബി നിർത്തും, കേരള ബാങ്ക് പൂട്ടിക്കും, കുടുംബശ്രീ പിരിച്ചുവിടും ലൈഫ് ഇല്ലാതാക്കും എന്നൊക്കെയുള്ള ആക്രോശങ്ങൾ എങ്ങൊക്കെയോനിന്ന്‌ കേൾക്കുമ്പോൾ ഉള്ളിൽ ഞെട്ടുകയാണ്. എല്ലാം തകർക്കാൻ നിൽക്കുന്നവർക്കല്ല, എല്ലാം നിർമിക്കാൻ നിൽക്കുന്നവർക്കാണ് തങ്ങളുടെ വോട്ട് എന്ന് പ്രതിജ്ഞയെടുക്കുകയാണ്.കിഫ്ബിയിലൂടെ വന്ന വികസനമാറ്റങ്ങൾ മാത്രമല്ല, അതിലൂടെ വന്ന തൊഴിൽദിനങ്ങൾ, പ്രതിസന്ധിഘട്ടങ്ങളെ മുറിച്ചുകടക്കാൻ സഹായിച്ചതെങ്ങനെയെന്ന്‌ ജീവിതംകൊണ്ട് അറിഞ്ഞവർ കൂടിയാണിവിടെ ഉള്ളത്.

സർവതലസ്പർശിയും മേഖലാപരമായ സന്തുലിതാവസ്ഥ പാലിക്കുന്നതുമായ വികസനം സാധ്യമാകുകയാണ്. നിർമിച്ചാൽ അടുത്തയാഴ്ച തകരുന്ന പാലങ്ങളുടെയും കെട്ടിടങ്ങളുടെയും കാലത്തിന്‌ കേരളം വിടപറഞ്ഞിരിക്കുകയാണ്. എല്ലാ മേഖലയിലും ഈ മാറ്റം അനുഭവിച്ചറിയുകയാണ് കേരളം.

നോട്ടുനിരോധനം വന്നപ്പോഴും പ്രളയം വന്നപ്പോഴും പകർച്ചവ്യാധി വന്നപ്പോഴും മഹാമാരി വന്നപ്പോഴും ചേർത്തുപിടിച്ച ഇടതുപക്ഷ മനസ്സിനെ കേരളം തിരികെ ചേർത്തുപിടിക്കുകയാണ്. ജാതി മത വിദ്വേഷങ്ങളാൽ തങ്ങളെ ഭിന്നിപ്പിക്കാൻ നിരന്തരം ശ്രമിക്കുന്ന വർഗീയശക്തികളെ നേരിട്ട് വെല്ലുവിളിച്ച് മതനിരപേക്ഷത കാത്തവരെ കേരളം ആവർത്തിച്ചു തിരിച്ചറിയുകയാണ്. സമാധാനപരമായ ജീവിതവും അഴിമതിരഹിതമായ പൊതുജീവിതവും സ്ത്രീസുരക്ഷയും ഉറപ്പുനൽകിയ അഞ്ചുവർഷത്തെ ഇടതുപക്ഷ ജനാധിപത്യ ഭരണത്തെ അംഗീകരിക്കുകയാണ്.

എല്ലാം നഷ്ടപ്പെട്ട; ഇനി ഒന്നും ബാക്കിയില്ല എന്ന നൈരാശ്യത്തിൽനിന്ന് നമുക്ക് നേടാനേയുള്ളൂ എന്ന മുദ്രാവാക്യവുമായി നാടിനെ നയിച്ച രാഷ്ട്രീയനിരയെ ജനത തിരിച്ചറിയുകയാണ്. ഭേദചിന്തകൾക്കതീതമായി മനുഷ്യമനസ്സുകളിലെ നൻമ, സ്നേഹം, പരസ്പരസഹായ പ്രവണത എന്നിവയെ തട്ടിയുണർത്തി വലിയ സാധ്യതകളാക്കി മാറ്റിയ രാഷ്ട്രീയ മുൻകൈയെ തിരിച്ചറിയുകയാണ്.

സർക്കാർ എന്ന സംവിധാനം ജനതാൽപ്പര്യങ്ങൾക്കു വിരുദ്ധമായി നീങ്ങുന്ന അടിച്ചമർത്തൽ സംവിധാനമാണെന്ന ധാരണയെ, ജനതയെ ചേർത്തുപിടിച്ച് ഒപ്പം നിർത്തുന്ന ജനകീയ സംവിധാനമാണ് സർക്കാർ എന്ന നിലയിലേക്ക്‌ തിരുത്തിയ അഞ്ചുവർഷമാണ് കടന്നുപോയത്. ചെയ്യാമെന്നു പറഞ്ഞത് എത്രത്തോളം ചെയ്തു എന്ന്‌ പരിശോധിച്ച് ജനങ്ങൾക്കു മുമ്പിൽ പ്രോഗ്രസ് റിപ്പോർട്ടായി അവതരിപ്പിച്ച സർക്കാർ ജനങ്ങളോടുള്ള ഭരണത്തിന്റെ ഉത്തരവാദിത്തത്തിന് അടിവരയിട്ടുകൊണ്ട് ജനാധിപത്യ സങ്കൽപ്പംതന്നെ പുരോഗമനപരമായി പൊളിച്ചെഴുതുകയായിരുന്നു.

ജനങ്ങളോടും ഈ നാടിനോടും മാത്രമല്ല, നമ്മുടെ ഭരണഘടനയോടും മതനിരപേക്ഷത, ജനാധിപത്യം, സ്വാതന്ത്ര്യം, ഫെഡറലിസം തുടങ്ങിയ അതിലെ മൂല്യങ്ങളോട് തികഞ്ഞ കൂറുപുലർത്തിയ അഞ്ചുവർഷമാണ് കടന്നുപോയത്. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ സത്യസന്ധമായും വിവേചനമില്ലാതെയും നീതിബോധത്തോടെയും ഈ സർക്കാർ നിർവഹിച്ചെങ്കിൽ ഇനി തങ്ങളുടെ ജനാധിപത്യപരമായ കർത്തവ്യം നിർവഹിക്കാനുള്ള ഉത്തരവാദിത്തം കേരളത്തിലെ പൗരന്മാർക്കാണ്, സമ്മതിദായകർക്കാണ്.

വോട്ടവകാശമുള്ള എല്ലാവരും തങ്ങളുടെ സമ്മതിദായകാവകാശം വിനിയോഗിക്കണം, ഭരണഘടനാപരവും ജനാധിപത്യപരവുമായ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റണം. അത് നാടിന്റെ ഭാവിക്ക് ഉതകുന്ന ഒന്നായി മാറണം. നമ്മുടെ സമൂഹം ഏതു തരത്തിൽ മുന്നേറണമെന്നും നമ്മുടെ കുഞ്ഞുങ്ങൾ ഏതൊരന്തരീക്ഷത്തിൽ വളരണമെന്നുമുള്ള അടയാളപ്പെടുത്തലായി അത് മാറണം. കഴിഞ്ഞ അഞ്ചുവർഷവും ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിനെ നെഞ്ചിലേറ്റിയ ഓരോ കേരളീയനോടും നന്ദി രേഖപ്പെടുത്തുകയാണ്. ഈ നാടിന്റെ നൻമയ്ക്കായി തുടർന്നും നമുക്ക് ഒന്നിച്ച് ഉറപ്പോടെ മുന്നോട്ടുപോകാം.

ഈ മേന്മകൾ ഇടതുപക്ഷത്തിന്റെ മാത്രം

1957 മുതൽക്കിങ്ങോട്ടുള്ള ആധുനിക കേരളത്തിന്റെ ചരിത്രമെടുത്തു പരിശോധിച്ചാൽ ഇടവേളകളോടെ സർക്കാരുകൾ മാറിവരുന്ന നിലയാണ് നാം കണ്ടത്. ഇടയ്ക്കിടയ്ക്കായി അധികാരത്തിൽ വന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരുകൾ മത്സരിച്ചത് തൊട്ടുമുമ്പുള്ള യുഡിഎഫ് സർക്കാരിന്റെ പ്രവർത്തനവുമായല്ല, മറിച്ച് നേരത്തേയുണ്ടായിരുന്ന ഇടതുപക്ഷ ഭരണങ്ങളുടെ പ്രവർത്തനങ്ങളുമായാണ്. ഓരോ ഘട്ടത്തിലും കൂടുതൽ നന്നാക്കാനാണ് നോക്കിയത്. അങ്ങനെ മത്സരിക്കാൻ വേണ്ട അടിത്തറ ഇടതുപക്ഷേതര സർക്കാരുകൾ ഉണ്ടാക്കിയിരുന്നില്ല എന്നു ചുരുക്കം.

ഓരോ മേഖലയിലും അതിന്റേതായ അടയാളമുദ്ര പതിപ്പിച്ചാണ് കടന്നുപോയത്. ഭൂപരിഷ്കരണംമുതൽ ജനകീയാസൂത്രണംവരെ. വിദ്യാഭ്യാസപരിഷ്കാരംമുതൽ പൊതുജനാരോഗ്യംവരെ. ഭരണപരിഷ്കാരംമുതൽ അധികാരവികേന്ദ്രീകരണംവരെ. ആ പരമ്പരയിൽ ഓരോ എൽഡിഎഫ് സർക്കാരിനും മുമ്പത്തെ എൽഡിഎഫ് സർക്കാരുമായേ മത്സരിക്കാൻ കഴിയുമായിരുന്നുള്ളൂ. ഉയർച്ചയ്ക്ക് കൂടുതൽ ഉയർച്ചയോടല്ലാതെ തകർച്ചയുമായി മത്സരിക്കാനാകില്ലല്ലോ.

അങ്ങനെയാണ് പെൻഷൻ 1600 രൂപയായി വർധിച്ചതും 61 ലക്ഷം പേർക്ക് പെൻഷൻ വിതരണം ചെയ്യുന്ന നിലയിലേക്ക് എത്തിയതും. കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് 32,034 കോടി രൂപ പെൻഷനായി വിതരണം ചെയ്തതും സാമൂഹ്യസുരക്ഷ, വികസന മേഖലകളിൽ 73,280 കോടി രൂപ ചെലവഴിച്ചതും അങ്ങനെയാണ്. 20 രൂപയ്ക്ക് ഊണുനൽകുന്ന 876 ജനകീയ ഹോട്ടൽ ആരംഭിച്ചതും അങ്ങനെയാണ്.

ദുരിതാശ്വാസനിധിയിലൂടെ 5432 കോടി രൂപ വിതരണം ചെയ്തതും 2,57,000 പേർക്ക് ലൈഫ് മിഷനിലൂടെ വീട് നിർമിച്ചുനൽകിയതും 1.76 ലക്ഷം പേർക്ക് പട്ടയം വിതരണം ചെയ്തതും നെല്ലുൽപ്പാദനം 588 ലക്ഷം മെട്രിക് ടണ്ണായി വർധിപ്പിച്ചതും പച്ചക്കറി ഉൽപ്പാദനം 15 ലക്ഷം മെട്രിക് ടണ്ണായി വർധിപ്പിച്ചതും നെൽവയൽ കൃഷി 2.23 ലക്ഷം ഹെക്ടറായി വ്യാപിപ്പിച്ചതും പാലുൽപ്പാദനം 31,421.38 ലക്ഷം ലിറ്ററായി ഉയർത്തിയതും ഇത്തരത്തിൽ മുൻ ഇടതുപക്ഷ സർക്കാരുകളുടെ നേട്ടങ്ങളുമായി മത്സരിച്ചതുകൊണ്ടാണ്.

45,000 ക്ലാസ് മുറി ഹൈടെക്കാക്കിയും 1,20,000ത്തോളം ലാപ്ടോപ് വിതരണം ചെയ്തും പാഠപുസ്തകവിതരണം അധ്യയനവർഷം തുടങ്ങുന്നതിനുമുമ്പ് പൂർത്തിയാക്കിയും 20,800 കോടി രൂപ സ്കൂൾ വിദ്യാഭ്യാസത്തിനുമായി വകയിരുത്തിയുമാണ് 6.8 ലക്ഷം കുട്ടികൾ പൊതുവിദ്യാലയങ്ങളിലേക്ക് അധികമായി കടന്നുവന്നത്.

വൈദ്യുതിയുടെ ഉൽപ്പാദനശേഷിയിൽ 236 മെഗാവാട്ടിന്റെ വർധന ഉണ്ടായതും കുടിവെള്ള കണക്‌ഷനുകളുടെ കാര്യത്തിൽ 11.33 ലക്ഷത്തിന്റെ വർധനവും 11,580 കിലോമീറ്റർ റോഡുകൾ നവീകരിച്ചതും ആകെ റോഡുകളുടെ ദൈർഘ്യം 3,31,904 കിലോമീറ്ററായി വർധിപ്പിച്ചതും ഒക്കെ മുൻ ഇടതുസർക്കാരുടെ നേട്ടങ്ങളോട് മത്സരിച്ചതുകൊണ്ടാണ്.

ശിശുമരണനിരക്ക് ഏഴ്‌ എന്ന രാജ്യത്തെ കുറഞ്ഞ നിലയിലേക്ക് ചുരുക്കാനായതും അഞ്ഞൂറിലധികം കുടുംബാരോഗ്യ കേന്ദ്രം യാഥാർഥ്യമാക്കാൻ കഴിഞ്ഞതും 7263 തസ്തിക ആരോഗ്യമേഖലയിൽ പുതുതായി ആരംഭിച്ചതും താലൂക്ക്, ജില്ലാ ആശുപത്രികളിൽവരെ സൂപ്പർ സ്പെഷ്യാലിറ്റി സേവനം ലഭ്യമാക്കിയതും ഒക്കെ നാം ഇനിയും മുന്നേറണം എന്ന കാഴ്ചപ്പാടുണ്ടായതുകൊണ്ടാണ്.

പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാക്കിയതും പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉൽപ്പാദനം വർധിപ്പിച്ചതും കുടുംബശ്രീയുടെ അംഗത്വം ഉയർത്തിയതും പ്രവാസിക്ഷേമത്തിന് മൂന്നിരട്ടി ഫണ്ട് അനുവദിച്ചതും മുടങ്ങിക്കിടന്ന ഗെയിൽ പൈപ്പ്‌ലൈൻ, ഇടമൺ–-കൊച്ചി വൈദ്യുതിലൈൻ, റെയിൽവേ വികസനം എന്നിവയൊക്കെ യാഥാർഥ്യമാക്കിയതും മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയ ജലപാത, ദേശീയപാത വികസനം, പുഗലൂർ–-മാടത്തറ എച്ച്‌ഡിസി ലൈൻ എന്നിവ ഏറ്റെടുത്തതും കണ്ണൂർ വിമാനത്താവളം, കൊച്ചി വാട്ടർ മെട്രോ എന്നിവയുടെ പ്രവർത്തനം ആരംഭിച്ചതും കൊച്ചി മെട്രോയുടെ വികസനം സാധ്യമാക്കിയതും ഒക്കെ വികസനപ്രക്രിയയിൽ നിശ്ചയദാർഢ്യത്തോടെ എൽഡിഎഫ് സർക്കാർ ഇടപെട്ടതുകൊണ്ടാണ്.