കോൺഗ്രസ് -ബിജെപി ഭായി ഭായി ബന്ധം, ജനം തിരിച്ചടി നൽകും : മുഖ്യമന്ത്രി

0
117

ആരെല്ലാം വന്ന്‌ ഇകഴ്‌ത്തി കാണിച്ചാലും ബിജെപിക്ക്‌ വളരാവുന്ന ഒരു മണ്ണല്ല കേരളത്തിന്റെതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷതയുടെ ശക്തിദുർഗമായി ഇടതുപക്ഷം നിൽക്കുമ്പോൾ നാടിനെ വർഗീയമായി ചേരിതിരിക്കാനും മതാന്ധതയിലേക്ക് നയിക്കാനും ആർഎസ്എസ് നടത്തുന്ന ഒരു നീക്കവും ഇവിടെ വിജയിക്കില്ല.

മറ്റ്‌ സംസ്‌ഥാനങ്ങളിൽ ചെയ്‌തതുപോലെ കേരളത്തെ വെള്ളിത്തളികയിലാക്കി ബിജെപിക്ക് കാഴ്ചവെക്കാനുള്ള പണ്ടമായി മാറ്റാം എന്ന് കോൺഗ്രസ്സും കരുതേണ്ട . ഇരട്ടസഹോദരങ്ങളെപോലെ ബിജെപിയും കോൺഗ്രസും നടത്തുന്ന ഭായി ഭായി കളിക്ക്‌ കേരള ജനത കനത്ത തിരിച്ചടി നൽകുമെന്നും കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇവിടെ ഒരു സീറ്റിൽ പോലും ജയിക്കും എന്ന് ഉറപ്പില്ലാത്ത പാർടിയാണ് ബിജെപി. എന്നിട്ടും പ്രധാനമന്ത്രിയടക്കമുള്ള നേതാക്കൾ കേരളത്തെ കുറിച്ച് വ്യാജമായ പ്രചരണമാണ്‌ നടത്തുന്നത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ നരേന്ദ്രമോഡി കേരളത്തെ വിശേഷിപ്പിച്ചത് സോമാലിയയോടായിരുന്നു. കേരളത്തെ ഇകഴ്ത്തി കാണിക്കാൻ വല്ലാത്തൊരു താൽപര്യമാണവർക്ക്‌.

കഴിഞ്ഞ തവണ യുഡിഎഫിന്റെ സഹായത്താൽ നേമത്ത്‌ തുറന്ന അക്കൗണ്ട്‌ എൽഡിഎഫ്‌ ക്ലോസ്‌ ചെയ്യും. കഴിഞ്ഞ തവണ അവർ നേടിയ വോട്ടുപോലും ഇത്തവണ കിട്ടില്ല. ഇതാണ്‌ ബിജെപി നേരിടാൻ പോകുന്ന അവസ്‌ഥയെന്ന്‌ അഖിലേന്ത്യാ നേതൃത്വം മനസിലാക്കുന്നത്‌ നല്ലതാണ്‌.

കേരളത്തിൻറെ കഴിഞ്ഞ അഞ്ചു വർഷത്തെ അതിജീവനത്തിലും വളർച്ചയിലും സഹായിക്കാതെ ഓരോ ഘട്ടത്തിലും തുരങ്കം വെക്കാൻ ശ്രമിച്ചവരാണ്‌ കേന്ദ്രസർക്കാർ. മഹാപ്രളയമുണ്ടായപ്പോൾ രക്ഷാ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സേന നടത്തിയ സേവനത്തിന്‌ കേരളത്തിലേക്ക് ബില്ല് പുറകെ വന്നു. എന്നാൽ നമ്മുടെ സ്വന്തം സേനയായ മത്സ്യത്തൊഴിലാളികൾ രക്ഷാദൗത്യത്തിൽ ഏർപ്പെട്ടതിന്‌ അവരാരും ഒരു ചില്ലിക്കാശുപോലും ആവശ്യപ്പെട്ടില്ല.

പ്രളയത്തിലാണ്ട കേരളത്തിന് കേന്ദ്രം അരി നൽകി എന്ന് ഇവിടെ ചിലർ കൊട്ടിഘോഷിച്ചു. ആ അരിക്കു വരെ കേന്ദ്രം അണപൈ കണക്കു പറഞ്ഞു. എന്നാൽ കേരളത്തിലെ ഏതെങ്കിലും ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണത്തിൻറെ പേരിൽ പണം ഈടാക്കിയോ.പ്രളയത്തിനുശേഷം കേരളത്തിൻറെ പുനർനിർമാണത്തിനായി സ്വന്തം നിലയ്ക്ക് വിദേശ രാജ്യങ്ങൾ സഹായം നൽകാനായി വന്നപ്പോൾ അതിന്‌ വിലക്കേർപ്പെടുത്തി. അതേസമയം മുമ്പ്‌ ഗുജറാത്തിലടക്കം സഹായം സ്വീകരിച്ചിട്ടുമുണ്ട്‌.

ഇവിടെ കോൺഗ്രസും ബിജെപിയും ഇരട്ട സഹോദരങ്ങളായാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സർക്കാരിനെ കടന്നാക്രമിക്കാൻ കേന്ദ്ര ഏജൻസികൾക്ക് അകമ്പടി സേവിക്കുന്നതും യുഡിഎഫാണ്.

ജനങ്ങൾ വിശ്വസിച്ച് അധികാരത്തിലേറ്റിയ എത്ര സംസ്ഥാന സർക്കാരുകളെയാണ് കോൺഗ്രസ്സ് ബിജെപിക്ക് സമ്മാനിച്ചത്. അതുപോലെ കേരളത്തെ സമ്മാനിക്കാമെന്ന്‌ കരുതേണ്ട . എൽഡിഎഫ് സർക്കാർ എന്തൊക്കെ ചെയ്തു എന്നും ഈ നാടിനും നാട്ടുകാർക്കും നല്ല ബോധ്യമുണ്ട്. ആ ബോധ്യം കൊണ്ടാണ് എൽഡിഎഫ് സർക്കാർ വീണ്ടും വരണം എന്ന ആഗ്രഹം കേരളത്തിൻറെ പൊതുവികാരമായി മാറുന്നതെന്നും മുുഖ്യമന്ത്രി പറഞ്ഞു.