സംസ്ഥാനത്തെ 7 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

0
73

സംസ്ഥാനത്തെ 7 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ് (എൻ.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന ആരോഗ്യ വകുപ്പിനെ അറിയിച്ചു.

തൃശൂർ ഗുരുവായൂർ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (സ്‌കോർ 92.97 ശതമാനം), കോഴിക്കോട് കിനശേരി അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (സ്‌കോർ 90.85), കൊല്ലം വെളിയം കുടുംബാരോഗ്യ കേന്ദ്രം (സ്‌കോർ 94.93), എറണാകുളം തൃപ്പുണ്ണിത്തുറ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (സ്‌കോർ 89.01), തൃശൂർ മുല്ലശേരി സാമൂഹികാരോഗ്യ കേന്ദ്രം (സ്‌കോർ 90.1), മലപ്പുറം മംഗലശേരി അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (സ്‌കോർ 94.2), മലപ്പുറം ഇരവിമംഗലം അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (സ്‌കോർ 93.4) എന്നീ കേന്ദ്രങ്ങൾക്കാണ് ഇപ്പോൾ ദേശീയ ഗുണനിലവാര അംഗീകാരമായ എൻ.ക്യൂ.എ.എസ്. ബഹുമതി ലഭിച്ചത്. കഴിഞ്ഞമാസം 8 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.ക്യൂ.എ.എസ്. ബഹുമതി ലഭിച്ചതിന് പുറമേയാണിത്.

ഇതോടെ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ എൻ.ക്യു.എ.എസ്. അംഗീകാരം നേടുന്ന സംസ്ഥാനമായി (23 കേന്ദ്രങ്ങൾ) കേരളം മാറിയിരിക്കുകയാണ്.

രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തിൽ ആദ്യത്തെ 12 സ്ഥാനവും കേരളം ഇപ്പോഴും നിലനിർത്തുകയാണ്. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രവും കാസർഗോഡ് കയ്യൂർ രക്തസാക്ഷി സ്മാരക കുടുംബാരോഗ്യ കേന്ദ്രവും 99 ശതമാനം സ്‌കോർ കരസ്ഥമാക്കി ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്താണ്.

7 സ്ഥാപനങ്ങൾക്കു കൂടി പുതുതായി എൻ.ക്യു.എ.എസ്. ലഭിച്ചതോടെ സംസ്ഥാനത്ത് ആകെ 108 ആരോഗ്യ സ്ഥാപനങ്ങൾക്കാണ് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനായത്. 3 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 7 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 23 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 71 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളത്.

സർവീസ് പ്രൊവിഷൻ, പേഷ്യന്റ് റൈറ്റ്, ഇൻപുട്‌സ്, സപ്പോർട്ടീവ് സർവീസസ്, ക്ലിനിക്കൽ സർവീസസ്, ഇൻഫെക്ഷൻ കൺട്രോൾ, ക്വാളിറ്റി മാനേജ്‌മെന്റ്, ഔട്ട് കം, എന്നീ 8 വിഭാഗങ്ങളായി 6500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് എൻ.ക്യു.എ.എസ് അംഗീകാരം നൽകുന്നത്. ജില്ലാതല പരിശോധന സംസ്ഥാനതല പരിശോധന എന്നിവയ്ക്ക് ശേഷം എൻ.എച്ച്.എസ്.ആർ.സി നിയമിക്കുന്ന ദേശീയതല പരിശോധകർ നടത്തുന്ന പരിശോധനകൾക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്.

ഇവയിൽ ഓരോ വിഭാഗത്തിലും 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്ന സ്ഥാപനങ്ങൾക്ക് ഭാരത സർക്കാർ എൻ.ക്യു.എ.എസ് അംഗീകാരം നൽകുന്നത്. എൻ.ക്യു.എ.എസ് അംഗീകാരത്തിന് 3 വർഷകാലാവധിയാണുളളത്. 3 വർഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും.

എൻ.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കൾക്ക് 2 ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസറ്റീവ്‌സ് ലഭിക്കും. ആശുപത്രിയുടെ കൂടുതൽ വികസനത്തിന് ഇത് സഹായകരമാണ്.