സ്വർണക്കടത്ത്‌ : ഫൈസൽ ഫരീദിനെ‌ തൊടാതെ‌ കേന്ദ്ര ഏജൻസികൾ

0
76

നയതന്ത്ര ബാഗേജ്‌വഴി സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതി ഫൈസൽ ഫരീദിനെ തൊടാൻ മടിച്ച്‌ കേന്ദ്ര അന്വേഷണ ഏജൻസികൾ. എട്ടരമാസമായി യുഎഇ പൊലീസിന്റെ കസ്‌റ്റഡിയിലുള്ള ഇയാളെ അറസ്റ്റ്‌ ചെയ്ത്‌ കേരളത്തിലെത്തിക്കുന്നത്‌ തടയുന്നത്‌ കേന്ദ്രസർക്കാരിലെ ഉന്നതർ‌.

കേന്ദ്രത്തിലെ ഉന്നതനുമായും കസ്‌റ്റംസ്‌ ഉന്നതരുമായുള്ള ‘ആത്മബന്ധത്തെ’ കുറിച്ച്‌ ഇയാൾ‌ എൻഐഎയ്‌ക്ക്‌ മൊഴി നൽകിയിരുന്നു. കസ്‌റ്റംസ്‌ ഇയാളെ നാട്ടിലെത്തിക്കാൻ ഒരു ഹർജിയും കോടതിയിൽ സമർപ്പിച്ചിട്ടില്ല. രാജ്യസുരക്ഷയെ ബാധിക്കുമെന്ന്‌ എൻഐഎ കോടതിയിൽ റിപ്പോർട്ട്‌ നൽകിയ കേസിലാണ്‌ മുഖ്യപ്രതിയെ തൊടാത്തത്‌.

മൂന്നാംപ്രതി കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശി ഫൈസൽ ഫരീദിനെ 2020 ജൂലൈ 16നാണ്‌ ഇന്റർപോളിന്റെ നിർദേശപ്രകാരം യുഎഇ പൊലീസ്‌ അറസ്റ്റ്‌‌ ചെയ്തത്‌‌. കൊച്ചി എൻഐഎ കോടതിയുടെ അറസ്റ്റ്‌ വാറന്റുമായി അന്വേഷണ ഉദ്യോഗസ്ഥർ യുഎഇയിൽ എത്തിയെങ്കിലും മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ വെറും കൈയോടെ മടങ്ങി. എന്നാൽ ഇതിന്‌ ശേഷം യുഎഇയിൽ അറസ്‌റ്റിലായ 10–-ാം പ്രതി സബിൻസൻ ഹമീദിനെ എൻഐഎ അറസ്‌റ്റ്‌ രേഖപ്പെടുത്തി കേരളത്തിലെത്തിച്ചു.

ഫൈസൽ ഫരീദാണ്‌ സ്വർണം കോൺസൽ ജനറലിന്റെ വിലാസത്തിൽ നയതന്ത്ര ബാഗേജായി അയച്ചത്‌. ഇത്തരത്തിൽ 30ലേറെ തവണ സ്വർണം കടത്തി‌. ഈ സ്വർണം കൂടുതലും പോകുന്നത് ‌ഗുജറാത്തിലേക്കാണ്‌. ബിജെപിയുടെ ചില ഉന്നതരാണ്‌ ഗുജറാത്തിൽ സ്വർണ വ്യാപാരം നിയന്ത്രിക്കുന്നത്‌. കസ്‌റ്റംസിലെ ചിലർക്ക്‌‌ സ്വർണക്കടത്തുമായി നേരിട്ട്‌ ബന്ധമുള്ളതായി സിബിഐ കണ്ടെത്തിയിരുന്നു‌.

തുടക്കംമുതൽ യഥാർഥ പ്രതികൾ പിടിയിലാകാതിരിക്കാനുള്ള കരുതൽ കേന്ദ്ര സർക്കാരിനുണ്ടായിരുന്നു. സ്വപ്‌നയ്‌ക്ക്‌ ഒളിവിൽ പോകാൻ ഉപദേശം നൽകിയ ബിജെപി ചാനൽ മേധാവിയെ അറസ്റ്റ്‌‌ ‌ചെയ്‌തില്ല. ബിജെപിക്കാരനായ സന്ദീപ്‌ നായരെ മാപ്പുസാക്ഷിയാക്കുകയും ചെയ്തു.