രക്തസാക്ഷികളെ കോണ്‍ഗ്രസ് മോശമായി ചിത്രീകരിക്കുന്നു ; സോണിയക്ക് ഹഖിന്റെ ഭാര്യയുടെ കത്ത്

0
80

കോൺഗ്രസുകാർ കൊലപ്പെടുത്തിയ തന്റെ ഭർത്താവിനെ തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങളിൽ മോശമായി ചിത്രീകരിക്കുന്നതും കോൺഗ്രസ്‌ രക്തസാക്ഷിയായി പ്രചരിപ്പിക്കുന്നതും ചൂണ്ടിക്കാട്ടി ഹഖ്‌ മുഹമ്മദിന്റെ ഭാര്യ നജില എഐസിസി ജനറൽ സെക്രട്ടറി സോണിയ ഗാന്ധിക്ക്‌ കത്തയച്ചു.

തിരുവോണത്തലേന്ന്‌, 2020 ആഗസ്‌ത്‌ 30 ഞായറാഴ്‌ച രാത്രി ‌11.30ന്‌ വെഞ്ഞാറമൂട്‌ തേമ്പാംമൂട്ടിൽവച്ചാണ് ഡിവൈഎഫ്‌ഐ പ്രവർത്തകരായ‌ ഹഖ്‌‌ മുഹമ്മദിനെയും മിഥിലാജിനെയും പ്രാദേശിക കോൺഗ്രസ്‌ നേതാക്കൾ കൊലപ്പെടുത്തിയത്‌.

“അടുത്തിടെ യുഡിഎഫ്‌ ആരംഭിച്ച ചില പ്രത്യേക പ്രചാരണങ്ങളിലും ഔദ്യോഗിക വീഡിയോയിലും ഹഖിന്റെയും മിഥിലാജിന്റെയും ചിത്രങ്ങൾ ഉപയോഗിച്ചതായി കണ്ടു. ഇതിൽ ഇവർ കോൺഗ്രസിന്റെ രക്തസാക്ഷികളാണെന്നും ഇടതുപക്ഷക്കാരാണ്‌ കൊലപാതകികളെന്നും ആരോപിക്കുന്നുണ്ട്‌. ഇത്‌ പൂർണമായും തെറ്റാണ്‌.

ഈ വ്യാജപ്രചാരണത്തിൽ കുട്ടികളടങ്ങുന്ന എന്റെ കുടുംബം അനുഭവിക്കുന്ന മാനസിക സംഘർഷം ഏറെയാണ്‌. മൂന്ന്‌ വയസ്സും ആറുമാസവും പ്രായമുള്ള രണ്ട്‌ കുട്ടികളുടെ വിധവയായ അമ്മ എന്ന നിലയിൽ എന്റെ അവസ്ഥ താങ്കൾക്ക്‌ മനസ്സിലാകുമെന്ന്‌ ഞാൻ കരുതുന്നു. കാരണം താങ്കളും ഒരു രക്തസാക്ഷിയുടെ വിധവയാണ്‌. യുഡിഎഫിന്റെ ഇത്തരം വ്യാജപ്രചാരണങ്ങൾ എന്റെ ഭർത്താവിനെയും കുടുംബത്തെയും ഒരുപോലെ അപകീർത്തിപ്പെടുത്തുന്നതാണ്‌. ഇത്‌ ഇടതുപക്ഷ പ്രവർത്തകരുടെ വികാരത്തെയും വ്രണപ്പെടുത്തുന്നുണ്ടെന്ന് നജില കത്തിൽ പറഞ്ഞു.

നജില രണ്ടാമത്തെ കുഞ്ഞിനെ നാലുമാസം ഗർഭിണിയായിരിക്കെയാണ്‌ ഹഖ്‌ കൊല്ലപ്പെടുന്നത്‌. അതൊരു ആസൂത്രിത കൊലപാതകമായിരുന്നെന്നും വെമ്പായത്തെ സജീവ കോൺഗ്രസ്‌ പ്രവർത്തകരാണ്‌ ഇതിനുപിന്നിലെന്നും അവർ പറഞ്ഞു. ഇവർ അടുത്തിടെ മറ്റൊരു കൊലപാതകക്കേസിൽ കുറ്റക്കാരാണെന്ന്‌ തെളിയുകയും ചെയ്തു.

പ്രതികൾ‌ കോൺഗ്രസ്‌ നേതാക്കളായ അടൂർ പ്രകാശ്‌, ആനാട്‌ ജയൻ, ബി ആർ എം ഷഫീർ തുടങ്ങിയവരുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്‌. ആനാട്‌ ജയനും ഷഫീറും തുടർച്ചയായി രക്ഷസാക്ഷികളെ അപമാനിക്കുകയാണ്‌. ഇരുവരും നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ സ്ഥാനാർഥികളായി മത്സരിക്കുന്നവരാണെന്നും നജില കത്തിൽ പറയുന്നു.