ബിജെപിയും കുരുക്കിൽ ; എം ടി രമേശിനും ഇരട്ടവോട്ട്

0
133

കോൺഗ്രസ്‌ നേതാക്കൾക്കുപിറകെ ബിജെപിയും ഇരട്ടവോട്ട്‌ കുരുക്കിൽ. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുമായ എം ടി രമേശിന് രണ്ടിടത്ത്‌ വോട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ രേഖകളിൽനിന്ന് വ്യക്തമാകുന്നത്. തിരുവനന്തപുരം മണ്ഡലത്തിലും കോഴിക്കോട് നോർത്ത് മണ്ഡലത്തിലുമാണ് രമേശിന് വോട്ട്.

തിരുവനന്തപുരം മണ്ഡലത്തിലെ തൈക്കാട് വാർഡിലെ 98നമ്പർ ബുത്തിലാണ് രമേശിന്റെ വോട്ട്. 21/2788 എന്ന വീട്ടുനമ്പറിലാണ് വോട്ട് ചേർത്തത്. അതേസമയം കോഴിക്കോട് നോർത്ത് മണ്ഡലത്തിലും വോട്ട് ചേർത്തു. നോർത്തിൽ 35–-ാം നമ്പർ ബൂത്തിലാണ് രമേശിന് വോട്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായപ്പോൾ പോലും ഇരട്ട വോട്ട് ഒഴിവാക്കാൻ രമേശ് ശ്രമിച്ചില്ലെന്ന ആരോപണവുമുണ്ട്.

ഇരട്ടവോട്ട്‌ ആരോപണത്തിൽ നേരത്തെ രമേശ്‌ ചെന്നിത്തലയുടെ അമ്മ അടക്കമുള്ളവർ ഉൾപ്പെട്ടിരുന്നു. കോൺഗ്രസിന്റെ ആരോപണം ഏറ്റുപിടിച്ച ബിജെപി നേതാക്കളുടെയും ഇരട്ടവോട്ട്‌ വിവരങ്ങൾ പുറത്തുവരികയാണ്‌. സംഭവത്തിൽ എം ടി രമേശ്‌ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.