വികസന വിരോധികൾക്കും വിവാദ പ്രചാരകർക്കും തെരഞ്ഞെടുപ്പിൽ ജനം തിരിച്ചടി നൽകും: മുഖ്യമന്ത്രി

0
103

സംസ്‌ഥാനം നേടിയ വികസനം അട്ടിമറിക്കാൻ നോക്കുന്ന വികസന വിരോധികളേയും വിവാദ പ്രചാരകരേയും തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നൽകി ജനം മൂലക്കിരുത്തുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ വികസന വിരോധികൾ സംസ്ഥാനതല ഐക്യം ഉണ്ടാക്കിയിരിക്കുയാണ്‌. ബൊഫോഴ്സ് മുതൽ 2ജി വരെയുള്ള അഴിമതികൾ നടത്തിയിട്ടുള്ളവരാണ് കേരളത്തിൽ വന്ന് അഴിമതിയുണ്ടെന്ന് ആക്ഷേപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ പുരോഗതിയെക്കുറിച്ച ചർച്ച ചെയ്യാൻ തയ്യാറാകാതെ ഓരോ മണിക്കൂറിലും പുതിയ വിവാദങ്ങൾ സൃഷ്ടിച്ച്‌ നാടിനെക്കുറിച്ച് വ്യാജകഥകൾ ലോകത്താകെ പ്രചരിപ്പിക്കുകയാണ് അവർ. അത്‌ ചില മാധ്യമങ്ങളും ഏറ്റെടുക്കുകയാണ്‌.

കേരളമാണ് ഇന്ത്യയിൽ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമെന്ന്‌ ട്രാൻസ്പരൻസി ഇൻറർനാഷണൽ എന്ന ഏജൻസി ഒരു സർവെ നടത്തിയാണ്‌ പ്രഖ്യാപിച്ചത്‌. അതേസമയം കോൺഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാനിലാണ്‌ കൈക്കൂലിയും അഴിമതിയും കൂടുതലെന്നും ആ സർവെ പറയുന്നുണ്ട്‌. ആ കോൺഗ്രസിന്റെ നേതാക്കളാണ്‌ വികസനത്തിൽ ബഹുകാതം മുന്നോട്ടുപോയ കേരളത്തിൽ വന്നിട്ട് അഴിമതിയെക്കുറിച്ച് പറയുന്നത്‌.

ബൊഫോഴ്സ് മുതൽ 2ജി വരെയും പാമോയിൽ മുതൽ ടൈറ്റാനിയം വരെയുള്ള അഴിമതിക്കേസുകളിൽപ്പെട്ട കൂട്ടരുടെ നേതാക്കളാണ്‌ കേരളത്തെ അഴിമതിയുടെ പേരിൽ ആക്ഷേപിക്കുന്നത്‌.

നാടിന്റെ വികസനം തടയുന്നതിനായി കിഫ്ബിയും ലൈഫ് പദ്ധതിയും പൂട്ടിക്കുമെന്ന്‌ പറഞ്ഞത്‌ യുഡിഎഫിൻറെ കൺവീനറാണ്. ആ യുഡിഎഫിൻറെ നശീകരണ രാഷ്ട്രീയത്തിന് ആയുധമാക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെ ഇറക്കി വിടുകയാണ്. കിഫ്ബിക്കെതിരെ ഒന്നിനു പിറകെ ഒന്നായി അന്വേഷണ ഏജൻസികളെ ഇറക്കുന്നത് അതിന്റെ ഭാഗമാണ്‌.

കിഫ്‌ബിയെ തകർത്തിട്ട് നിങ്ങൾ എന്താണ് നേടാൻ ഉദ്ദേശിക്കുന്നത്. ഇന്നാട്ടിലെ സ്കൂളുകളും റോഡുകളും ആശുപത്രികളും പാലങ്ങളും ഇനി വികസിക്കേണ്ടതില്ല എന്നാണോ. അവർ സ്വന്തം നേട്ടമായി അവതരിപ്പിക്കുന്നവ പാലാരിവട്ടം പാലം പോലെ പൊളിഞ്ഞു പോയിട്ടുമുണ്ട്.

യുഡിഎഫും ബിജെപിയും ചേർന്നാണ് എൽ ഡിഎഫിനെ നേരിടുന്നത്. അവർ തമ്മിലുള്ള ഐക്യം ഇപ്പോൾ തുടങ്ങിയതല്ല. പല കാര്യങ്ങളിലും ഒരേ പോലെ നിൽക്കുന്നവരാണവർ. ചരിത്രം നോക്കിയാൽ ഇന്ത്യയിൽ സ്വാതന്ത്ര്യത്തിനു ശേഷം ഭരണമേധാവിത്വത്തിൻറെ ഒത്താശയോടെ രണ്ട് വംശഹത്യകളാണ് നടന്നിട്ടുള്ളത്. 1984ൽ ഡെൽഹിയിൽ കോൺഗ്രസിൻറെ നേതൃത്വത്തിൽ സിഖുകാരെ കൊലപ്പെടുത്തിയതും 2002 ഗുജറാത്തിൽ സംഘപരിവാറിൻറെ നേതൃത്വത്തിൽ മുസ്ലിങ്ങളെ കൊന്നൊടുക്കിയതും. ആ പാരമ്പര്യമുള്ളവർ കേരളത്തിൽ വന്ന് അക്രമത്തെക്കുറിച്ച് പറയുകയാണ്‌.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി മൂന്നുനാലു മാസം കൊണ്ട് ആറ് കമ്യൂണിസ്റ്റുകാരെ കൊന്നുതള്ളിയവരാണ് ഇപ്പോൾ സമാധാനത്തിൻറെ വെള്ളരിപ്രാവുകളാകുന്നത്‌. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഇറങ്ങും മുമ്പ്‌ അവർ കണ്ണാടിയിൽ നോക്കി സ്വന്തം മുഖം ഒന്ന് നോക്കണം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലിരിക്കുന്നവരെയും കുടുംബാംഗങ്ങളെയും നീചമായി കടന്നാക്രമിക്കുന്നു. അഖിലേന്ത്യാ നേതാക്കളെ പോലും ഉപയോഗിക്കാനാണ് കോൺഗ്രസ്സ് തയാറാകുന്നത്. കേരളത്തെ കുറിച്ചോ ഇവിടത്തെ ജനങ്ങളെ കുറിച്ചോ പ്രശ്നങ്ങളെക്കുറിച്ചോ ഒന്നും അറിയാത്തവർ ഇവിടെ പറന്നിറങ്ങി സംസ്ഥാന നേതാക്കൾ ചൊല്ലുന്നത് ഏറ്റുപാടുകയാണ്.

യൂദാസിൻറേയും യേശുവിൻറേയും ഒക്കെ പേരുപറഞ്ഞ് ആരെയെങ്കിലുമൊക്കെ ആകർഷിക്കാൻ പറ്റുമോ എന്ന് മോഹിക്കുന്നവരുമുണ്ട്. ഗ്രഹാം സ്റ്റെയ്ൻസിനെയും അദ്ദേഹത്തിൻറെ രണ്ട് പിഞ്ചു കുഞ്ഞുങ്ങളെയും ഇവിടെ ആരും മറന്നിട്ടില്ല. കാണ്ഡമാലും മറന്നിട്ടില്ലെന്നും അതിന്‌ പിന്നിലുള്ളവരെ കുറിച്ച്‌ ജനത്തിന്‌ ശരിയായ ധാരണയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.