ബിജെപിയുമായി വോട്ട് ധാരണയ്ക്ക് എത്തിയത് കുഞ്ഞാലിക്കുട്ടി ; വെളിപ്പെടുത്തലുമായി സി കെ പത്മനാഭന്‍

0
105

ബിജെപിയുമായുള്ള മുസ്ലീം ലീഗിന്റെയും യുഡിഎഫിന്റെയും വോട്ട് ധാരണ നടന്നതായി വെളിപ്പെടുത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥി രംഗത്ത്. ബിജെപിയുമായി വോട്ട് ധാരണയ്ക്ക് എത്തിയത് മുസ്ലീം ലീഗ് മുതിര്‍ന്ന നേതാവും ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ കുഞ്ഞാലിക്കുട്ടിയാണെന്ന് ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ഥി സികെ പത്മനാഭനാണ് പ്രമുഖ വാര്‍ത്താ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

കേരളത്തില്‍ കോ-ലീ-ബി സഖ്യമുണ്ടെന്ന ഇടതുപക്ഷത്തിന്റെ വെളിപ്പെടുത്തലുകള്‍ക്ക് ശക്തി നല്‍കുന്നതാണ് സികെ പത്മനാഭന്റെ വെളിപ്പെടുത്തല്‍. 1991ന് ശേഷം 2001ലും യുഡിഎഫ് നേതാക്കള്‍ ബിജെപിയുമായി വോട്ട് ധാരണയുണ്ടാക്കാന്‍ ശ്രമിച്ചു എന്നും പത്മനാഭന്‍ പറയുന്നു.

കാസര്‍കോട് വച്ചാണ് വോട്ട് ധാരണയ്ക്കുള്ള ചര്‍ച്ച നടന്നതെന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവുമാണ് യുഡിഎഫിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയ്‌ക്കെത്തിയതെന്നും പത്മനാഭന്‍ വെളിപ്പെടുത്തി. താനും പി പി മുകുന്ദനും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു എന്നും പത്മനാഭന്‍ പറഞ്ഞു.

ബിജെപിയുടെ കേരള ചുമതലയുണ്ടായിരുന്ന വേദപ്രകാശ് ഗോയലും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നുവെന്നും സി കെ പത്മനാഭന്‍ പറഞ്ഞു.1991ല്‍ കോസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപിയും ലീഗും കോണ്‍ഗ്രസും തമ്മില്‍ വോട്ട് ധാരണയുണ്ടായിരുന്നു.

മാരാര്‍ജി ജയിക്കുമെന്ന് ബിജെപി ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍, രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ പിന്നീട് സാഹചര്യം മാറിയെന്നും പത്മനാഭന്‍ പറയുന്നു. കോണ്‍ഗ്രസ് അന്ന് വാക്ക് പാലിച്ചില്ല. പിന്നീട് ചര്‍ച്ചയ്ക്ക് ക്ഷണിച്ചപ്പോള്‍ തങ്ങള്‍ക്ക് അവരെ വിശ്വാസമില്ലാതായി എന്നും പത്മനാഭന്‍ പറയുന്നു. വോട്ട് ചോദിക്കാന്‍ വരികയും പിന്നീട് ന്യൂനപക്ഷ വോട്ടുകള്‍ കിട്ടാന്‍ തങ്ങളെ തള്ളിപ്പറയുകയും ചെയ്യുകയാണ് യുഡിഎഫിന്റെ പതിവ് എന്നും പത്മനാഭന്‍ അഭിമുഖത്തില്‍ പറയുന്നു.