ഗൃഹജോലിയുടെ മൂല്യം അം​ഗീകരിച്ചുകൊണ്ട് വീട്ടമ്മമാർക്ക് പെൻഷൻ – പ്രൊഫ. കെ എൻ ഗംഗാധരൻ എഴുതുന്നു

0
66

മൂന്നു മുന്നണികളുടെ പ്രകടന പത്രികകൾ കേരളത്തിനു മുന്നിലുണ്ട്. എൻഡിഎയുടെത് ആരും ​ഗൗരവത്തോടെ പരിഗണിക്കില്ല; കാരണം അവർ അധികാരത്തിൽ വരില്ല. യുഡിഎഫിന്റേതാകട്ടെ നടപ്പാക്കപ്പെടുകയുമില്ല. അതാണ് അനുഭവം. എൽഡിഎഫിന്റെ പ്രകടന പത്രിക നടപ്പാക്കപ്പെടും എന്ന്‌ ജനങ്ങൾ വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ അതിലെ വാ​ഗ്ദാനങ്ങൾ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുമുണ്ട്.

ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു വാ​ഗ്ദാനം എൽഡിഎഫ് മുന്നോട്ടുവയ്‌ക്കുന്നു. വീട്ടമ്മമാർക്ക് പെൻഷൻ. പത്രികയിലെ 41–-ാം ഖണ്ഡിക ഇങ്ങനെ പറയുന്നു. ​””ഗൃഹജോലിയുടെ മൂല്യം അം​ഗീകരിച്ചുകൊണ്ട് വീട്ടമ്മമാർക്ക് പെൻഷൻ നൽകും. വാ‍ർധക്യകാല പെൻഷൻ, വിധവാപെൻഷൻ, തൊഴിലില്ലായ്‌മ വേതനം തുടങ്ങിയവയിൽ നിന്നെല്ലാം വിഭിന്നമാണ്‌ വീട്ടമ്മ പെൻഷൻ. ഗൃഹജോലിയുടെ മൂല്യം അംഗീകരിക്കുന്നു എന്നതാണ് അതിന്റെ സവിശേഷതയും ഔന്നത്യവും.‌

വീട്ടമ്മമാർ നിർവഹിക്കുന്ന ജോലിയുടെ മൂല്യം അംഗീകരിക്കുവാൻ നാളിതുവരെയും ഒരു സ‍ർക്കാരോ മുന്നണിയോ സമൂഹമോ തയ്യാറായിരുന്നിട്ടില്ല. വീട്ടുജോലികൾ സ്ത്രീകളുടെ കടമയായി വ്യാഖ്യാനിക്കപ്പെട്ടുപോരുന്നു, ആയതിനാൽ കൂലി നൽകേണ്ടതില്ലെന്നും ആദിമ മനുഷ്യൻ ഭക്ഷണത്തിനായി വേട്ടയാടി നടന്ന കാലത്ത്, സ്ത്രീകൾ വീട്ടുജോലികൾ നിർവഹിക്കുകയും കുട്ടികളെ പരിപാലിക്കുകയും ചെയ്തുപോന്ന അടിമപൂർവ വ്യവസ്ഥയുടെ സൃഷ്ടിയാണ് സ്ത്രീയും പുരുഷനും തമ്മിലെ തൊഴിൽ വിഭജനം.

അടിമ വ്യവസ്ഥയിലും ഫ്യൂഡൽ വ്യവസ്ഥയിലും അണുവിട ഭംഗം വരുത്താതെ ആ തൊഴിൽ വിഭജനം നിലനിർത്തിപ്പോന്നു. സ്ത്രീകൾ വീട്ടുജോലികൾ നിർവഹിക്കാൻ ബാധ്യതപ്പെട്ടവർ എന്ന രീതിയും വിശ്വാസവും നിലനിർത്തുന്നതിൽ പുരുഷന്മാർ ശ്രദ്ധാലുക്കളായി തുടർന്നു. വരുമാനം കൊണ്ടുവരുന്നവരെന്ന പദവി സ്ത്രീകൾ കയ്യാളാൻ തുടങ്ങിയിട്ടും പുരുഷന്റെ മനോഭാവത്തിൽ മാറ്റമുണ്ടായില്ല.

സ്ത്രീകൾ അടുക്കള ജോലി ചെയ്യേണ്ടവരുമാണെന്ന മൂല്യബോധം എങ്ങനെ സമൂഹം സൃഷ്ടിച്ചെടുത്തു. സ്ത്രീകളെ കൂലിയില്ലാത്ത അടിമപ്പണി ചെയ്യുന്നവരാക്കിമാറ്റി. വിപ്ലവകരമായ നിർദേശമാണ് എൽഡിഎഫ് പ്രകടന പത്രിക മുന്നോട്ടുവയ്‌ക്കുന്ന വീട്ടമ്മ പെൻഷൻ. ജോലിക്ക് കൂലി വാഗ്ദാനം ചെയ്യുകയല്ല, ജോലിയുടെ മൂല്യം അംഗീകരിക്കുകയാണ് വീട്ടമ്മ പെൻഷന്റെ അന്തഃസത്ത.

അത്തരമൊരു സമീപനം കൈക്കൊള്ളാൻ കമ്യൂണിസ്റ്റുകാർക്ക്‌ മാത്രമേ കഴിയു. അധ്വാനശേഷി പ്രയോഗത്തിന്‌ മാന്യമായ കൂലി മാർക്സിസ്റ്റ് ബോധമാണ്. വീട്ടമ്മ പെൻഷൻ മാർക്സിസം നടപ്പിലാക്കലല്ല. മറിച്ച്, നിലവിലെ സാമൂഹ്യവ്യവസ്ഥയ്ക്കു നേരെ ചോദ്യമുയർത്തലാണ്. സ്ത്രീ പുരുഷ അസമത്വത്തിനു നേരെ വിരൽ ചൂണ്ടുകയാണ്. ഇത് ആദ്യ ചുവടുവയ്‌പ്പാണ്. ഏതു ദീർഘയാത്രയും ആരംഭിക്കുന്നത് ആദ്യ ചുവടുവച്ചാണല്ലോ.

സ്ത്രീകൾ എങ്ങനെ പെരുമാറണമെന്നും എന്തെല്ലാം കടമകൾ നിർവഹിക്കണമെന്നും സമൂഹം ചില നിഷ്ഠകളും നിയമങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. കൂലികൂടാതെ വീട്ടുജോലികൾ നിർവഹിക്കുക അതിന്റെ ഭാഗമാണ്. ജൈവശാസ്ത്രപരമായ ചില ധർമങ്ങളൊഴികെ മറ്റെന്തും പുരുഷന്മാരെപ്പോലെ സ്ത്രീകൾക്ക്‌ നിർവഹിക്കാൻ കഴിയും.

സ്ത്രീകൾക്ക് പ്രത്യേകിച്ച്‌ തലങ്ങളും പെരുമാറ്റരീതികളും കൽപ്പിച്ചു നൽകിയതും നിലനിർത്തുന്നതും സമൂഹമാണ്. അതിനെയാണ് ജന്റർ എന്നു വിശേഷിപ്പിക്കുന്നത്. ജെന്റർ ധർമങ്ങൾ കല്ലിൽ തീർത്തതല്ല. അത്‌ സമൂഹം തോറും മാറും. പരിഷ്‌കൃതസമൂഹത്തിൽ പുരുഷന്മാർ അടുക്കള ജോലികൾ നിർവഹിക്കുന്നതും അതിന്റെ ഭാഗമാണ്.

സർക്കാരുകൾ ബജറ്റുകൾ തയ്യാറാക്കുമ്പോൾ സ്ത്രീകൾക്കുകൂടി പ്രയോജനപ്പെടുന്ന പ്രോജക്ടുകൾ പ്രത്യേകമായി ഉൾപ്പെടുത്തുന്നതാണ് ജെന്റർ ബജറ്റ്. അതു പ്രത്യേക ബജറ്റല്ല. പൊതുബജറ്റിന്റെ ഭാഗമാണ്. ബജറ്റ് ഉണ്ടാക്കുന്നവരും നടപ്പിലാക്കുന്നവരും ഉൾക്കൊള്ളേണ്ട ആശയമാണ്.

ഉയർന്ന പ്രാധാന്യമാണ് സംസ്ഥാന സർക്കാർ ജെന്റർ ബജറ്റിങ്ങിന് നൽകുന്നത്. മൊത്തം പദ്ധതി അടങ്കലിൽ തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം കുറച്ചുള്ള തുകയുടെ 11.4 ശതമാനമാണ് 2017-18 ൽ ജെന്റർ ബജറ്റിന്‌ നീക്കിവച്ചത്. തുടർന്നുള്ള വർഷങ്ങളിൽ അത്‌ ക്രമാനുഗതമായി ഉയർത്തി, 2021‐22ബജറ്റിൽ 19.54 ശതമാനമാക്കി.

വീണ്ടും പത്തു ശതമാനം അധികമായി വകയിരുത്തുമെന്ന് പ്രകടനപത്രിക ഉറപ്പുചെയ്യുന്നു. തൊഴിലുള്ളവരും തൊഴിലന്വേഷകരുമായ സ്ത്രീകൾ ആകെ സ്ത്രീകളുടെ 28.5 ശതമാനവും. വിദ്യാസമ്പന്നരായ 60 ലക്ഷം സ്ത്രീകൾ തൊഴിൽ രഹിതരായി തുടരുന്നു എന്നതാണ് കണക്ക്.

അവർക്ക് തൊഴിലും തൊഴിൽ ചെയ്യാനുള്ള പ്രാവീണ്യവും ഉണ്ടാകണം. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് 50 ശതമാനമായി ഉയർത്തുകയാണ് പ്രകടനപത്രിക മുന്നോട്ടു വയ്ക്കുന്ന ലക്ഷ്യം. ജെന്റർ ബജറ്റിങ്ങിന്റെ പ്രധാന ലക്ഷ്യം തന്നെ സ്ത്രീകളുടെ തൊഴിലും വരുമാനവും ഉയർത്തുകയാണ്.

അടുക്കളയിൽ പാവപ്പെട്ട സ്ത്രീകൾ ഇനി മുതൽ കഠിനാധ്വാനം ചെയ്യേണ്ട. ജോലിഭാരം ലഘൂകരിക്കുന്ന വാഷിങ്‌ മെഷീൻ, ഗ്രൈന്റർ, റെഫ്രിജറേറ്റർ എന്നിവ പലിശ കൂടാതെ തവണവ്യവസ്ഥയിൽ സ്വായത്തമാക്കാൻ സ്മാർട്ട് കിച്ചൻ പദ്ധതി ആവിഷ്‌കരിക്കുമെന്ന് പ്രകടന പത്രിക ഉറപ്പു നൽകുന്നു. കുടുംബശ്രീയിൽ നിലവിൽ 45 ലക്ഷം അംഗങ്ങളുണ്ട്.

യുഡിഎഫിന്റെ അവസാന വർഷം കുടുംബശ്രീക്ക് അനുവദിച്ചത് 75 കോടി രൂപയായിരുന്നു. അത് 2020‐21 ആയപ്പോഴേക്കും 260 കോടി രൂപയാക്കി ഉയർത്തി. കുടുംബശ്രീ വിഹിതം 500 കോടി രൂപയാക്കി വർധിപ്പിക്കാൻ പ്രകടന പത്രിക ലക്ഷ്യമിടുന്ന യുവതികളുടെ പ്രാതിനിധ്യം ഉറപ്പുവരുത്താൻ അനുബന്ധ യൂണിറ്റുകൾ തുടങ്ങും. തൊഴിലുറപ്പു പദ്ധതിയിലെ ചുരുങ്ങിയ തൊഴിൽ ദിനങ്ങൾ 75 ആക്കും.

സ്‌ത്രീകൾക്ക് ഉയർന്ന പരിഗണനയാണ് എൽഡിഎഫ് നൽകുന്നത്. സ്വാഭാവികമായും വാഗ്ദാനങ്ങൾ സ്ത്രീകളെ കാര്യമായി ആകർഷിക്കുന്നുണ്ട്. വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുമുണ്ട്. നടപ്പാക്കും ; വീൺവാക്കല്ല എന്ന തിരിച്ചറിവ് പ്രകടന പത്രികയുടെ സ്വീകാര്യത ഉയർത്തി. പ്രകടന പത്രികയിലെ പൊൻതൂവലാണ് വീട്ടമ്മ പെൻഷൻ എന്ന്‌ നിസ്സംശയം പറയാം .

തങ്ങളുടെ അധ്വാനം അംഗീകരിക്കപ്പെടുന്നു എന്നത് ആഹ്ലാദത്തോടെയാണ് സ്ത്രീകൾ വരവേൽക്കുന്നത്. ഒരു കോടി മുപ്പത്തേഴു ലക്ഷത്തിലധികം വനിതാ വോട്ടർമാരെ സ്വാധീനിക്കാൻ പോന്ന വീട്ടമ്മ പെൻഷൻ പൊതുമണ്ഡലത്തിൽ ചർച്ചയാകാതിരിക്കാൻ നിഗൂഢമായ താൽപ്പര്യമാണ് മുഖ്യധാരാ മാധ്യമങ്ങൾ പുലർത്തുന്നത്. അത് ദൗർഭാഗ്യകരമാണ്.