പ്രധാന പ്രഖ്യാപനങ്ങളെല്ലാം നടപ്പിലാക്കി എൽഡിഎഫ്‌ സർക്കാർ, ആനുകൂല്യങ്ങളിൽ വൻവർധന

0
94

എൽഡിഎഫ്‌ സർക്കാർ നടപ്പുവർഷം ബജറ്റിലുൾക്കൊള്ളിച്ച പ്രധാന പ്രഖ്യാപനങ്ങളെല്ലാം നടപ്പിലാക്കി. വിവിധ ആനുകൂല്യങ്ങളടക്കം വർധിപ്പിച്ച്‌ ധനവകുപ്പ്‌ ഇറക്കിയ ഉത്തരവ്‌ പ്രാബല്യത്തിലായി‌. ഈ മാസംമുതൽ പുതുക്കിയ ആനുകൂല്യങ്ങളാകും കൈകളിലെത്തുക.

പ്രധാന ആനുകൂല്യങ്ങളുടെ വർധന:

• സാമൂഹ്യസുരക്ഷാ, ക്ഷേമ പെൻഷൻ 1600 രൂപയാക്കി

•റബർ താങ്ങുവില‌ 20 രൂപ കൂട്ടി 170 രൂപ

• നെല്ലിന്റെ സംഭരണ വില 28 രൂപ; തേങ്ങയുടേത്‌‌ 32 രൂപ

• വിദേശ മലയാളികളുടെ ക്ഷേമനിധി പെൻഷനുകൾ 3000, 3500 നിരക്കുകളിൽ

• തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ ഓണറേറിയം 1000രൂപ

• സ്‌കൂൾ കൗൺസിലർമാരുടെ ഓണറേറിയം 24,000 രൂപയാക്കി

•പത്തുവർഷത്തിൽ കൂടുതൽ പരിചയമുള്ള പ്രീ-പ്രൈമറി അധ്യാപകർക്കും ആയമാർക്കും ശമ്പളത്തിൽ 1000 രൂപ വർധന; പത്തു വർഷത്തിൽ താഴെയുള്ളവർക്ക്‌ 500 രൂപയും

• 2012നുശേഷം ആരംഭിച്ച സർക്കാർ പ്രീ-പ്രൈമറികളിലെ അധ്യാപകർക്കും ആയമാർക്കും 1000 രൂപവീതം പ്രതിഫലം

• ലൈബ്രേറിയന്മാരുടെ ഓണറേറിയം 1000 രൂപ.

• ജേർണലിസ്റ്റ്, നോൺ ജേർണലിസ്റ്റ്‌ പെൻഷൻ 1000 രൂപ

• സിഡിഎസ് ചെയർപേഴ്സൻമാരുടെ ഓണറേറിയം 8000 രൂപയാക്കി

• അങ്കണവാടി അധ്യാപകരുടെ പെൻഷൻ 2500 രൂപ; ഹെൽപ്പർമാരുടെത്‌ 1500 രുപ. അലവൻസിൽ 500 മുതൽ 1000 രൂപവരെ വർധന.

• ഹയർ സെക്കൻഡറി മുതൽ ഉയർന്ന കോഴ്‌സുകൾക്ക്‌‌‌ പ്രതിവർഷം 1500 മുതൽ 7000 രൂപവരെ സ്കോളർഷിപ്.

• 100 രൂപയുടെ സമ്മാനങ്ങൾക്ക് ലോട്ടറി ഏജന്റ്സ് പ്രൈസ് 10ൽനിന്ന്‌ 20 രൂപയാക്കി; മറ്റു സമ്മാനങ്ങളിൽ‌ 12 ശതമാനം. എല്ലാ സ്ലാബിലുമുള്ള ഡിസ്കൗണ്ടും അരശതമാനം ഉയർത്തി. ലോട്ടറി തൊഴിലാളി ക്ഷേമാനുകൂല്യങ്ങളും കൂട്ടി:

വിവാഹ ധനസഹായം 5000ൽനിന്ന്‌ 25,000മാക്കി. പ്രസവാനുകൂല്യം 5000ൽനിന്ന്‌ 10,000 രൂപയാക്കി. പ്രത്യേക ചികിത്സാസഹായം 20,000ൽനിന്ന്‌ 50,000 രൂപയാക്കി. ചികിത്സാ ധനസഹായം 3000ൽനിന്ന്‌ 5000 രൂപയാക്കി.

അഗതിമന്ദിരങ്ങളിലെ അന്തേവാസികൾക്കും കുറഞ്ഞനിരക്കിൽ അരി

കോവിഡ്‌ പ്രതിസന്ധിക്കിടെ മുൻഗണനേതര കാർഡുകാർക്ക്‌ സംസ്ഥാന സർക്കാർ നൽകുന്ന സ്‌പെഷ്യൽ അരി സംസ്ഥാനത്തെ അഗതി മന്ദിരങ്ങളിലെയും ആശ്രമങ്ങളിലെയും അന്തേവാസികൾക്കും. സംസ്ഥാനത്ത്‌ പുതുതായി രൂപീകരിച്ച നോൺ പ്രയോറിട്ടി (ഇൻസ്‌റ്റിറ്റ്യൂഷൻ) റേഷൻ കാർഡുകാർക്കാണ്‌ ഈ ആനുകൂല്യം.

സർക്കാർവക റേഷൻ പെർമിറ്റ് ഇല്ലാത്ത വൃദ്ധസദനങ്ങൾ, കന്യാസ്ത്രീമഠങ്ങൾ, അഗതിമന്ദിരങ്ങൾ, ആശ്രമങ്ങൾ, ക്ഷേമാശുപത്രികൾ, ക്ഷേമ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നതും മറ്റൊരു റേഷൻ കാർഡിലും ഉൾപ്പെട്ടിട്ടില്ലാത്തവരുമായ വ്യക്തികളാണ്‌ ഈ കാർഡിന്റെ പരിധിയിലുള്ളത്‌.

സ്ഥാപനത്തിലെ ഓരോ വ്യക്തിക്കും 15 രൂപ നിരക്കിൽ രണ്ട്‌ കിലോ വീതം അരിയാണ്‌ ഈ മാസം നൽകുന്നത്‌. ഇതിന്‌ പുറമെ കിലോയ്ക്ക് 10.90 രൂപ നിരക്കിൽ പ്രതിമാസം രണ്ട്‌ കിലോ അരിയും ലഭ്യതയ്ക്ക് അനുസരിച്ച് ഒരു കിലോ ആട്ടയും കാർഡംഗങ്ങൾക്ക്‌ ലഭിക്കും. മുൻഗണനാ കാർഡുകാർക്കുള്ള സ്‌പെഷ്യൽ അരി വിതരണം ബുധനാഴ്‌ച ആരംഭിച്ചു. എല്ലാ കാർഡുകാർക്കുമുള്ള വിഷു, ഈസ്‌റ്റർ ഭക്ഷ്യക്കിറ്റ്‌ വിതരണവും പുരോഗമിക്കുകയാണ്‌. മാർച്ചിലെ കിറ്റ്‌ വാങ്ങാത്തവർക്ക്‌ രണ്ട്‌ മാസത്തെ കിറ്റ്‌ ഒന്നിച്ച്‌ വാങ്ങാം.

ശമ്പളം, പെൻഷൻ: ട്രഷറി തുറക്കും

പുതുക്കിയ ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ അവധി ദിവസങ്ങളിലും ട്രഷറി തുറന്നുപ്രവർത്തിക്കും. വെള്ളി, ഞായർ ദിവസങ്ങളിലെ അവധി ഒഴിവാക്കി. ശനിയാഴ്‌ച മുതൽ പുതിയ ശമ്പളവും പെൻഷനും ലഭ്യമാകും. പുതുക്കിയ ശമ്പളം സമയബന്ധിതമായി ലഭ്യമാക്കാനും സർക്കാർ അനുവദിച്ച മുടങ്ങിക്കിടക്കുന്ന ഡിഎ കുടിശ്ശിക ബില്ലുകൾ മാറാനും അടിയന്തര നടപടി സ്‌പാർക്കിൽ ഉറപ്പാക്കി. പുതുക്കിയ ശമ്പളം ലഭ്യമാക്കുന്നതിന്‌ സ്പാർക്ക് മൊഡ്യുളുകൾ സജീവമാക്കി. ഗസറ്റഡ് റാങ്കിൽ ജോലി ചെയ്യുന്നവരുടെ ശമ്പളം പരിഷ്‌കരിക്കുന്ന ജോലികൾ വേഗത്തിലാക്കാൻ അക്കൗണ്ടന്റ്‌ ജനറലിനോട്‌ സർക്കാർ അഭ്യർഥിച്ചു.

സംസ്ഥാന സർവീസ് പെൻഷൻകാരുടെയും ട്രഷറിവഴി പെൻഷൻ വാങ്ങുന്ന യുജിസി അധ്യാപകരുടെയും പെൻഷൻ പരിഷ്‌കരണ നടപടികളും സ്വീകരിച്ചു. പെൻഷൻ പരിഷ്‌കരിച്ച് മുൻ‌കൂർ തീയതിയിട്ടാണ്‌ ഏപ്രിൽ ആദ്യത്തെ പ്രവൃത്തിദിവസംതന്നെ പുതിയ പെൻഷൻ കൈകളിലെത്തിക്കുന്നത്‌.