സ്ത്രീകൾക്ക് നാമമാത്രവും ജയസാധ്യത ഇല്ലാത്തതുമായ സീറ്റുകൾനൽകി വഞ്ചിക്കുന്ന നയമാണ് കോൺഗ്രസിലുള്ളതെന്ന് മുൻ മഹിളാ കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ്. തന്നെ പുറത്താക്കിയതിനെതിരെ ഫേസ്‌ബുക്ക് പ്രസ്‌താവനയിലൂടെയാണ് ലതിക പ്രതികരിച്ചത്.
‘മുപ്പതുവർഷം ചോരയും നീരും കൊടുത്ത് കുടുബംപോലും ഉപേക്ഷിച്ച് ജീവനുതുല്യം സ്നേഹിച്ച പ്രസ്ഥാനം ഒരു പത്രപ്രസ്താവനകൊണ്ട് എന്നെ പുറത്താക്കിയിരിക്കുന്നു. വനിതകൾ മുഖ്യമന്ത്രിമാരായി വരണമെന്നുള്ള രാഹുൽ ഗാന്ധിയുടെ ആഹ്വാനമോ, ഇത്തവണ സ്ത്രീകൾക്ക് കൂടുതൽ സീറ്റ് നൽകണമെന്നുള്ള സോണിയ ഗാന്ധിയുടെ നിർദേശമോ അംഗീകരിക്കാതെ, അതിന് പുല്ലുവില കൽപ്പിച്ചാണ് കെപിസിസി നേതൃത്വം സീറ്റ് വിഭജനം പൂർത്തിയാക്കിയത്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശത്തെപോലും പാടെ അവഗണിച്ചുള്ള സ്ത്രീ വിരുദ്ധ നിലപാട് തുടർച്ചയായി സ്വീകരിച്ച കോൺഗ്രസ് നേതൃനിരയെ മുൻകൂട്ടി അറിയിച്ചതിനുശേഷം തന്നെയായിരുന്നു തന്റെ പ്രതിഷേധം’–- ലതിക പറഞ്ഞു.