എട്ടടിച്ച്‌ ബൽജിയം, ഡച്ചിന്‌ ഏഴ്

0
90

യൂറോപ്പിലെ ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരങ്ങളിൽ മുൻനിര ടീമുകൾക്ക്‌ ആധികാരിക ജയം. ബൽജിയം എട്ടു ഗോളിന്‌ ബെലാറസിനെയും നെതർലൻഡ്‌സ്‌ ഏഴു ഗോളിന്‌ ജിബ്രാൾട്ടറിനെയും തകർത്തു. ക്രിസ്‌റ്റ്യാനോ റൊണാൾഡോ തിളങ്ങിയ കളിയിൽ പോർച്ചുഗൽ 3–-1ന്‌ ലക്‌സംബർഗിനെ കീഴടക്കി.

ക്രൊയേഷ്യ മൂന്നു ഗോളിന്‌ മാൾട്ടയെ മറികടന്നു.കഴിഞ്ഞ മത്സരത്തിൽ ചെക്ക്‌ റിപ്പബ്ലിക്കിനോട്‌ സമനിലയിൽ കുരുങ്ങിയ ബൽജിയം ബെലാറസിനെതിരെ തകർപ്പൻ കളിയാണ്‌ പുറത്തെടുത്തത്‌. ലിയാൻഡ്രോ ട്രൊസാർഡും ഹാൻസ്‌ വനകെനും ഇരട്ടഗോൾ വീതം നേടി. മിച്ച്‌ ബാത്‌ഷുവായി, ഡെന്നിസ്‌ പ്രായെറ്റ്‌, ജെറെമി ഡോകു, ക്രിസ്‌റ്റ്യൻ ബെന്റക്കെ എന്നിവരും ലക്ഷ്യംകണ്ടു. ജയത്തോടെ ഗ്രൂപ്പ്‌ ഇയിൽ ബൽജിയം ഒന്നാമതെത്തി.

മറ്റൊരു മത്സരത്തിൽ ഡാനിയേൽ ജയിംസിന്റെ ഗോളിൽ വെയ്‌ൽസ്‌ ചെക്കിനെ മറികടന്നു. ഗ്രൂപ്പ്‌ ജിയിൽ ജിബ്രാൾട്ടറിനെ തകർത്ത ഡച്ച്‌ യോഗ്യതാ പ്രതീക്ഷ സജീവമാക്കി. മെംഫിസ്‌ ഡിപെ ഇരട്ടഗോളടിച്ചു. സ്‌റ്റീവൻ ബെർഗുയ്‌സ്, ലൂക്ക്‌ ഡി യോങ്‌, ജോർജിനോ വൈനാൽദം, ഡോന്യെൽ മലെൻ, ഡോണി വാൻ ബീക്ക്‌ എന്നിവരും ലക്ഷ്യംകണ്ടു.

രണ്ടാം സ്ഥാനത്താണ്‌ നെതർലൻഡ്‌സ്‌. ഒന്നാമതുള്ള തുർക്കി ലാത്വിയയുമായി 3–-3ന്‌ പിരിഞ്ഞു. പോർച്ചുഗൽ ഒരു ഗോളിനു പിന്നിട്ടുനിന്നശേഷമാണ്‌ ലക്‌സംബർഗിനെതിരെ ജയം സ്വന്തമാക്കിയത്‌. ആദ്യപകുതി അവസാനിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ ദ്യേഗോ ജോട്ട പോർച്ചുഗലിനെ ഒപ്പമെത്തിച്ചു.

രണ്ടാംപകുതിയുടെ തുടക്കത്തിൽ റൊണാൾഡോയുടെ ഗോൾ വന്നു. അവസാനഘട്ടത്തിൽ ജോയോ പലീന്യയുടെ ഹെഡറിൽ പോർച്ചുഗൽ ജയം പൂർത്തിയാക്കി. ഗ്രൂപ്പ്‌ എയിൽ സെർബിയയെ മറികടന്ന്‌ ഒന്നാമതെത്താനും പോർച്ചുഗലിനു കഴിഞ്ഞു. സെർബിയ സ്വിറ്റ്‌സർലൻഡുമായി 2–-2ന്‌ പിരിഞ്ഞു.