ജനങ്ങളെ ചേർത്തുപിടിച്ചു ഈ സർക്കാർ – സീതാറാം യെച്ചൂരി സംസാരിക്കുന്നു

0
200

കാസർകോട്‌ മുതൽ തിരുവനന്തപുരംവരെ തുടർച്ചയായി പൊതുയോഗങ്ങളും കാർയാത്രയും. എഴുപതിലേക്ക്‌ കടക്കുന്നയാളാണ് സീതാറാം യെച്ചൂരി. ഞായറാഴ്ച കാണുമ്പോൾ വിശ്രമമില്ലാത്ത യാത്രയുടെ ക്ഷീണം നന്നായി ബാധിച്ചിട്ടുണ്ടെങ്കിലും കണ്ണിൽ സന്തോഷത്തിളക്കംമുണ്ടായിരുന്നു. രാവിലെ ഡോ. ജോൺ പണിക്കർ മുറിയിലെത്തി പരിശോധിച്ച്‌ ചില മരുന്നുകൾ കൊടുത്തു. പ്രഭാതഭക്ഷണം കഴിച്ച്‌ ഇറങ്ങുകയായി. മീറ്റ്‌ ദ പ്രസ്‌, ചാനൽ അഭിമുഖം, നേതാക്കളുമായി ചർച്ച, പൊതുയോഗങ്ങൾ.

ചരിത്രം തിരുത്തിക്കുറിക്കാൻ ഒരുങ്ങുന്ന കേരള ജനതയുടെ വികാരവായ്‌പുകൾ നേരിലനുഭവിച്ചതിന്റെ സന്തോഷമാണ്‌ ആദ്യം പങ്കുവച്ചത്‌. അദ്ദേഹം നിസ്സംശയം പറഞ്ഞു; ‘അരനൂറ്റാണ്ടത്തെ കേരള ചരിത്രം ഇക്കുറി തിരുത്തിക്കുറിക്കും. 
എൽഡിഎഫ്‌ സർക്കാരിനെ ഈ ജനത വീണ്ടും അധികാരത്തിലേറ്റും.’

അക്കമിട്ട്‌ കാരണങ്ങൾ നിരത്തുന്നു യെച്ചൂരി. പ്രതിസന്ധികളിലും ജനങ്ങളെ ചേർത്തുപിടിച്ചത്‌, ബദൽ നയപരിപാടികളിൽ ഇന്ത്യക്ക്‌ മാതൃകയായത്‌, വർഗീയമായി ജനതയെ വിഭജിക്കാനുള്ള നീക്കങ്ങളെ കോട്ടപോലെനിന്ന്‌ തടുക്കുന്നത്‌. സിപിഐ എമ്മിന്റെ ഇന്ത്യയിലെ അമരക്കാരൻ സീതാറാം യെച്ചൂരി ദേശാഭിമാനി പ്രതിനിധി ദിനേശ്‌ വർമയുമായി സംസാരിക്കുന്നു

കേരളപര്യടനം കഴിഞ്ഞപ്പോൾ എന്ത്‌ തോന്നി ?

എൽഡിഎഫിന്‌ ചരിത്രവിജയം നൽകാനൊരുങ്ങുന്നു‌ കേരള ജനത. കാസർകോട്‌ മുതൽ തിരുവനന്തപുരംവരെ വിവിധ പ്രദേശങ്ങളിലെ ജനങ്ങളെ കണ്ടു. എൽഡിഎഫ്‌ സർക്കാരിന്‌ ഏറ്റവും അനുകൂല പ്രതികരണം. അമ്പതുകൊല്ലത്തെ ചരിത്രം കേരളം തിരുത്തിയെഴുതാൻ പോകുകയാണ്‌. അധികാരത്തിൽ വരുമ്പോൾ മുന്നോട്ടുവച്ച 600ൽ 580 വാഗ്ദാനവും നടപ്പാക്കി. ബാക്കിയുള്ളവ നടപ്പാക്കിവരുന്നു. ജനങ്ങളെ ചേർത്തുപിടിച്ചു ഈ സർക്കാർ.

മറ്റേതെങ്കിലും സംസ്ഥാനവുമായി താരതമ്യമുണ്ടോ ?

ഇന്ത്യയിൽ മറ്റേത്‌ സംസ്ഥാനത്ത്‌ ഈ സ്ഥിതിയുണ്ട്‌ ? മുമ്പ്‌ ഒരിക്കലുമില്ലാത്ത വികസനപ്രവർത്തനങ്ങൾ. ഇതൊക്കെ നടപ്പാക്കിയത് സാധാരണമായ ഒരവസ്ഥയിലല്ലെന്നോർക്കണം. പ്രകൃതി ദുരന്തങ്ങളും പകർച്ചവ്യാധികളും നിരന്തരമായി പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലൂടെയാണ്‌ സംസ്ഥാനം കടന്നുപോയത്‌.

കൊറോണയും ദേശീയ ലോക്‌ഡൗണും പിന്നാലെ വന്നു. അതു മാത്രമോ ? നോട്ട്‌ നിരോധനവും ചെറുകിട വ്യവസായങ്ങളെ തകർത്തതും ജിഎസ്‌ടിയുമുൾപ്പെടെ കേന്ദ്രമേൽപ്പിച്ച പ്രഹരങ്ങൾ വരുത്തിയ ആഘാതമെത്രയായിരുന്നു. കേന്ദ്ര സർക്കാരിന്റെ ദ്രോഹനടപടികൾ വേറെ.

ഭരണഘടനാ പ്രകാരം അവകാശപ്പെട്ടതുപോലും കേരളത്തിന്‌ നിഷേധിച്ചു. ഫെഡറൽ തത്വങ്ങളെ കാറ്റിൽ പറത്തിയ നടപടികൾ ഓരോന്നായി കേന്ദ്രം കേരളത്തിനെതിരെ പുറത്തെടുത്തു. അർഹമായ ജിഎസ്‌ടി വിഹിതം തടഞ്ഞുവച്ചു. വിവിധ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ വേട്ടയാടാൻ ശ്രമിച്ചു.

പ്രകൃതിദുരന്തമുഖത്ത്‌ പകച്ചുനിന്ന വേളയിൽ സഹായിക്കാൻ‌ മുന്നോട്ടുവന്ന വിദേശ രാജ്യങ്ങളെയടക്കം തടയുകയാണ്‌ കേന്ദ്ര സർക്കാർ ചെയ്‌തത്‌. ഇത്രയൊക്കെ പ്രതിസന്ധിയുണ്ടായിട്ടും ഈ സർക്കാർ ജനങ്ങളുടെ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണാനാണ്‌ ശ്രമിച്ചത്‌.

എങ്ങനെയാണ്‌ കേരളം ബദൽ ആകുന്നത്‌ ?

ഇന്ത്യയിൽ ബദൽ നയങ്ങളുയർത്തിപ്പിടിച്ച സർക്കാർ എന്ന നിലയിലും കേരളത്തിന്റെ പ്രാധാന്യം വർധിക്കുകയാണുണ്ടായത്‌. പൗരത്വബില്ലിനെതിരായ പ്രതിഷേധം ആദ്യം ഉയർത്തിയ സർക്കാരാണിത്‌. പൗരത്വ നിയമം നടപ്പാക്കില്ലെന്ന്‌ കേരള നിയമസഭ വ്യക്തമാക്കി.

കോർപറേറ്റുകൾക്കുവേണ്ടി കർഷകരെ ദ്രോഹിക്കുന്ന നിയമം കൊണ്ടുവന്നപ്പോഴും അത്‌ കേരളത്തിൽ നടപ്പാക്കില്ലെന്ന്‌ സഭ ചേർന്ന്‌ പ്രമേയം പാസാക്കി. മാത്രമല്ല, കാർഷിക പരിഷ്കാരം സംബന്ധിച്ച ബദലും മുന്നോട്ടുവച്ചു. ഇന്ത്യയിൽ ആദ്യമായി‌ പച്ചക്കറിക്ക്‌ തറവില നിശ്ചയിച്ച സംസ്ഥാനമാണ്‌ കേരളം. കർഷകർക്ക്‌ സഹായകമായ ഒട്ടനവധി നടപടികളെടുത്തു.

സ്വകാര്യവൽക്കരണം വഴി ദേശീയ സമ്പത്ത്‌ കൊള്ളയടിക്കാൻ കേന്ദ്രസർക്കാർ അവസരമൊരുക്കുമ്പോൾ കേരളം മറ്റൊരു മാതൃക കാണിച്ചു. ഒരു പൊതുമേഖലാ സ്ഥാപനംപോലും സ്വകാര്യവൽക്കരിക്കില്ലെന്ന ഉറച്ച നിലപാടെടുത്തു. കേന്ദ്രം വിൽക്കാൻ വച്ച കേരളത്തിലെ സ്ഥാപനങ്ങളെ ഏറ്റെടുക്കാൻ നടപടിയെടുത്തു.

കേരളത്തിൽ നഷ്ടത്തിലായിരുന്ന പൊതുമേഖലാ വ്യവസായങ്ങളിൽ ബഹുഭൂരിപക്ഷവും ലാഭത്തിലാക്കി. ഓരോ ചെറിയ പ്രശ്നത്തിലും എന്താണ്‌ ബദൽ എന്ന്‌ ചിന്തിക്കുകയും അത്‌ നടപ്പാക്കി കാണിക്കുകയുമാണ്‌ കേരളം‌. അത്‌ ഇന്ത്യക്കാകെ മാതൃക കാണിക്കുന്നു.

ഇന്ത്യയിൽ താരതമ്യേന ചെറിയ കക്ഷിയായിട്ടും ഇടതുപക്ഷം എന്തുകൊണ്ട്‌ ബിജെപിയുടെ ബദ്ധശത്രുവാകുന്നു ?

ഇടതുപക്ഷത്തിന്റെ സ്വാധീനവും ശേഷിയും തെരഞ്ഞെടുപ്പുകളുടെ അല്ലെങ്കിൽ നിയമനിർമാണ സഭകളിലെ അംഗത്വംമാത്രം വച്ച്‌ അളക്കേണ്ടതല്ല. അത്തരം കണ്ണിലൂടെ നോക്കുമ്പോഴാണ്‌ പ്രശ്നം. സഭകളിൽ അംഗങ്ങളില്ലെങ്കിൽ ചെറുത്‌ എന്ന വിശേഷണം ഇടതു പാർടികൾക്ക്‌ ചേരില്ല, അതിന്‌ മറ്റ്‌ അളവുകോലുകൾ വേണം‌. പ്രധാന ശേഷി എന്നു പറയുന്നത്‌ ജനങ്ങളെ പ്രക്ഷോഭത്തിലേക്കും മുന്നേറ്റത്തിലേക്കും നയിച്ച്‌ കേന്ദ്ര അജൻഡയെ സ്വാധീനിക്കുന്നതിലാണ്‌.

ഇക്കാര്യത്തിൽ ഇടതു സ്വാധീനം ഇന്ത്യയിൽ വർധിക്കുകതന്നെയാണ്‌. പൗരത്വ ബില്ലിനെതിരെയുള്ള ജനകീയ പ്രക്ഷോഭവും കർഷകദ്രോഹ ബില്ലിനെതിരെ തുടരുന്ന ദേശവ്യാപക സമരങ്ങളും നാം കണ്ടു. സ്വകാര്യവൽക്കരണത്തിനെതിരെയും ദേശീയ സമ്പത്ത്‌ കൊള്ളയടിക്കുന്നതിനെതിരെയും തൊഴിലാളികളുടെ ശക്തമായ ശബ്ദമാണ് ഉയരുന്നത്‌‌.

തൊഴിലിനുവേണ്ടി യുവാക്കളും വിദ്യാർഥികളും രാജ്യത്ത്‌ സമരം ചെയ്യുന്നു. സർവകലാശാലകളെല്ലാം ബിജെപിക്കെതിരാണ്‌, അതുകൊണ്ട്‌ അതിനെല്ലാമെതിരെ തിരിയുകയാണ്‌ ബിജെപിയും കേന്ദ്ര സർക്കാരും.

ഇതെല്ലാം കാണിക്കുന്നത്‌ ജനകീയ സമരങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിലും ജനങ്ങളുടെ അജൻഡ ചർച്ചയാക്കുന്നതിനുമുള്ള ഇടതുപക്ഷത്തിന്റെ ശേഷിയാണ്‌. അതുകൊണ്ടുതന്നെയാണ്‌ ബിജെപിക്ക്‌ ഇടതുപക്ഷത്തിന്റെ വളർച്ചയിൽ ആശങ്കയുള്ളത്‌. ബിജെപി ഒരുകാലത്തും കോൺഗ്രസിനെ ഭയപ്പെടുന്നില്ല.

തങ്ങളെ വിജയിപ്പിച്ചില്ലെങ്കിൽ ബിജെപിയിലേക്ക്‌ പോകുമെന്നാണല്ലോ കേരളത്തിലെ കോൺഗ്രസ്‌ പറയുന്നത്‌ ?

ജനങ്ങൾ എന്തിനാണ്‌ കോൺഗ്രസിനെ രക്ഷിക്കാൻ വോട്ട്‌ ചെയ്യുന്നത്‌. ജനം അവരുടെയും കുട്ടികളുടെയും ഭാവിക്കും സുരക്ഷയ്‌ക്കും‌ ക്ഷേമത്തിനും ഉയർച്ചയ്‌ക്കും വേണ്ടിയല്ലേ വോട്ട്‌ ചെയ്യുക. ‘ഞങ്ങളുടെ നിലനിൽപ്പിനായും ഭാവിക്കായും നിങ്ങൾ വോട്ടു ചെയ്യൂ’ എന്ന അസാധാരണമായ വിലാപമാണ്‌ കോൺഗ്രസിൽ നിന്നുയരുന്നത്‌. സ്വയം നിലനിൽക്കാൻ കഴിയാത്തവരാണ്‌ മറ്റുള്ളവരുടെ സഹായം തേടുന്നത്‌. എന്നിട്ട്‌ അവരെന്താണ്‌ ചെയ്യുന്നതെന്നും നാം കണ്ടു.

കോൺഗ്രസിനുണ്ടായിരുന്ന പകുതിയിലധികം എംഎൽഎമാർ ബിജെപിയിലേക്ക്‌ പോയ സംഭവങ്ങൾ ചില സംസ്ഥാനത്തുണ്ടായി. കർണാടകത്തിൽ കോൺഗ്രസ്‌ വിജയിച്ചെങ്കിലും സർക്കാരുണ്ടാക്കിയത്‌ ബിജെപി. മധ്യപ്രദേശിലും സമാനം. അവർ വിൽപ്പന വസ്തുവായി മാറിയിരിക്കുന്നു. പക്ഷേ, ഇടതുപക്ഷത്തെ അതിന്‌ കിട്ടില്ല. അതുകൊണ്ട്‌ ബിജെപി ഇടതുപക്ഷത്തെ ‘ടാർഗറ്റ്‌’ ചെയ്യുന്നു.

തുടർഭരണം സിപിഐ എമ്മിന്റെ നിലനിൽപ്പിന്‌‌ ഭീഷണിയാണെന്ന്‌ എ കെ ആന്റണി പറയുന്നു?

എ കെ ആന്റണി കോൺഗ്രസിന്റെ മുതിർന്ന നേതാവാണ്‌. രാജ്യസഭയിലെ കാലാവധി കഴിയുന്നതോടെ പാർലമെന്ററി രംഗത്തുനിന്ന്‌ മാറി പൂർണ സമയവും പാർടി പ്രവർത്തകനാകുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്‌. സിപിഐ എം എങ്ങനെയാണ്‌ പ്രവർത്തിക്കുന്നതെന്ന്‌ അദ്ദേഹത്തിനറിയില്ല.

അതുകൊണ്ട്‌ സിപിഐ എമ്മിന്റെ പ്രവർത്തനത്തെക്കുറിച്ച്‌ അദ്ദേഹം അഭിപ്രായം പറയാതിരിക്കുകയാണ്‌ നല്ലത്‌. സിപിഐ എമ്മിന്റെ കാര്യം ജനങ്ങളുടെ പിന്തുണയോടെ ഞങ്ങൾ നോക്കിക്കോളാം. ആന്റണി അദ്ദേഹത്തിന്റെ സമയവും ഊർജവും കോൺഗ്രസിനെ രക്ഷപ്പെടുത്താനായി ഉപയോഗിക്കണം.

കോൺഗ്രസിന്‌ എന്ത്‌ സംഭവിച്ചുവെന്ന്‌ നോക്കണം. സ്വന്തം എംപിമാരും എംഎൽഎമാരും വിൽപ്പനച്ചരക്കായതെങ്ങനെയെന്ന്‌ ആന്റണി പരിശോധിക്കണം.

കേരളത്തിലെ പ്രതിപക്ഷ പ്രവർത്തനം ?

കേരളത്തിലെ പ്രതിപക്ഷം ഒരു ഘട്ടത്തിലും സൃഷ്‌ടിപരമായി പ്രവർത്തിച്ചതായി കാണുന്നില്ല. നശീകരണമാണ്‌ ലക്ഷ്യം. നിർണായക ഘട്ടത്തിലെല്ലാം തടസ്സങ്ങൾ സൃഷ്ടിക്കുകയായിരുന്നു യുഡിഎഫ്‌. വാർത്തയിൽ നിറയാനുള്ള വെമ്പലിൽ അവർ പൂർണമായും അവഗണിച്ചത്‌ കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങളെയാണ്‌, അവരുടെ ആവശ്യങ്ങളെയാണ്‌.

ഏതെങ്കിലും പാർടി സ്വന്തം ജനതയുടെ അരി തടയാൻ ശ്രമിക്കുമോ ? കേട്ടപ്പോൾ‌ത്തന്നെ ലജ്ജ തോന്നി. അതുകൊണ്ടുതന്നെ ജനങ്ങൾ അവരെ ശിക്ഷിക്കാൻ പോകുകയാണ്‌.

അഞ്ച്‌ സംസ്ഥാനത്ത്‌ നടക്കുന്ന തെരഞ്ഞെടുപ്പിൽ കേന്ദ്രനയങ്ങൾക്കെതിരായ പ്രതികരണമുണ്ടാകില്ലേ ?

സംശയമില്ല, അഞ്ചുസംസ്ഥാനത്തും കേന്ദ്രനയങ്ങൾക്കെതിരായ ശക്തമായ പ്രതികരണമുണ്ടാകും. അസമിൽ മാത്രമാണ്‌ ബിജെപിക്ക്‌ ഒപ്പത്തിനൊപ്പമെന്ന നിലയുള്ളത്‌. മറ്റ്‌ നാല്‌ സംസ്ഥാനത്തും ബിജെപിക്കെതിരായി ശക്തമായ വികാരമുണ്ട്‌. അവിടങ്ങളിലൊന്നും ബിജെപിക്ക്‌ മെച്ചപ്പെടാനോ സർക്കാർ രൂപീകരിക്കാനോ കഴിയില്ല. ഇന്ത്യയാകെ അത്‌ സ്വാധീനിക്കാനും പോകുകയാണ്‌. ഇത്‌ രാജ്യത്തിന്‌ ഗുണകരമാകുന്ന ജനവിധിയാകും.