ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡിപ്പാർട്ടുമെന്റും കസ്റ്റംസും എൻഐഎയുമടക്കമുള്ള കേന്ദ്ര ഏജൻസികൾ കള്ളക്കഥകളുമായി കേരളത്തിൽ തെരഞ്ഞെടുപ്പു പ്രചാരണം ഏറ്റെടുത്തിരിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള.
ഓരോദിവസവും ഓരോ പുതിയ കഥയുടെ എപ്പിസോഡുകൾ രാവിലെ, ഉച്ചക്ക്, വൈകുന്നേരം എന്ന നിലയിൽ ഇറക്കുകയാണ്. എന്നാൽ ഈ കഥകളൊന്നും ജനങ്ങൾ വിശ്വസിക്കില്ല. മാത്രമല്ല, ഇത്തരം നിയമവിരുദ്ധ നീക്കങ്ങൾക്ക് കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദി പ്രസ്സിൽ സംസാരിക്കുകയായിരുന്നു എസ് ആർ പി.
1957ൽ രാജ്യത്താദ്യമായി ഇടതുപക്ഷ സർക്കാരിനെ അധികാരത്തിലേറ്റി ചരിത്രദൗത്യം നിർവഹിച്ച കേരളജനത ഇത്തവണ ഇടതുപക്ഷ സർക്കാരിന് ഭരണത്തുടർച്ച നൽകി മറ്റൊരു ചരിത്രം രചിക്കും.
രാജ്യത്തിന്റെ ഭരണാധികാരികൾ എല്ലാം കോർപറേറ്റുകൾക്ക് കൈമാറുമ്പോൾ സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടും സമാനതകളില്ലാത്ത വികസന- ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കിയും അഞ്ചുവർഷം പൂർത്തിയാക്കിയ സർക്കാരാണ് കേരളത്തിൽ. ഇതു തുടരേണ്ടതുണ്ട്.
സ്വാഭാവികമായി എതിർപ്പുകളും ശക്തമാണ്. പരസ്പരം ഏറ്റുമുട്ടുന്നവർ പോലും ഒറ്റക്കെട്ടായി നിന്ന് ഇടതുപക്ഷ തുടർഭരണം വരുന്നതിനെ എതിർക്കുന്നു. മോഡിയും രാഹുലും പ്രിയങ്കയും വരെ ഒരേ ഭാഷയിലാണ് ഈ സർക്കാരിനെതിരെ സംസാരിക്കുന്നത്.
’57ലെ സർക്കാരിനെ താഴെയിറക്കാനും വലതുപക്ഷ ശക്തികൾ ഒറ്റക്കെട്ടായിരുന്നു. എന്നാൽ, എല്ലാ എതിർപ്പുകളെയും നേരിട്ട് എൽഡിഎഫ് ഈ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടും. 12 ജില്ലകളിലും പര്യടനം നടത്തിയ തനിക്ക് ഇടതുപക്ഷത്തിന് അനുകൂലമായ വലിയ ജനവികാരമാണ് അനുഭവപ്പെട്ടതെന്നും എസ്ആർപി പറഞ്ഞു.