കേരളത്തിൽ വ്യവസായ അനുകൂല അന്തരീക്ഷം ഇപ്പോഴുണ്ട് : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

0
84

സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ വളരെ അനുകൂലമായ അന്തരീക്ഷമാണ് ഇപ്പോഴുള്ളതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എൽഡിഎഫ് സർക്കാർ സംസ്ഥാനത്ത് വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സ്വീകരിച്ച നടപടികളെ അഭിനന്ദിക്കുന്ന അഭിപ്രായങ്ങൾ സംരംഭക സംഘടനയായ ടൈ കേരളയുടെ സംരംഭക അവാർഡുദാന ചടങ്ങിലാണ് ​ഗവർണർ പറഞ്ഞത്.

ബിസിനസ് രംഗത്ത് കടന്നുവരുന്നവരെക്കൊണ്ട് ‘വിനാശകാലേ വ്യവസായബുദ്ധി’ എന്നു പറയിപ്പിക്കുന്ന കാലമല്ല ഇതെന്നും അനുകൂലമായ ബിസിനസ് സാഹചര്യങ്ങൾ കണക്കിലെടുത്ത് കൂടുതൽ യുവാക്കൾ സംരംഭക ആശയങ്ങളുമായി വരണമെന്നും ​ഗവർണർ പറഞ്ഞു.

ഏഴു വിഭാ​ഗങ്ങളിലായാണ് സംരംഭകർക്ക് ടൈ കേരള അവാർഡുകൾ സമ്മാനിച്ചത്. പി കെ ഗ്രൂപ്പ് ചെയർമാൻ പി കെ അഹമ്മദ് (ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്)-, ജനറൽ റോബോട്ടിക്‌സ് സിഇഒയും സഹസ്ഥാപകനുമായ വിമൽ ഗോവിന്ദ് (എമർജിങ്‌ എന്റർപ്രണർ ഓഫ് ദി ഇയർ-), റാപ്പിഡോർ സ്ഥാപകനും സിഇഒയുമായ തോംസൺ സ്‌കറിയ (സ്റ്റാർട്ടപ്‌ എന്റർപ്രണർ ഓഫ് ദി ഇയർ), ലൂക്കർ ഇലക്‌ട്രിക് എംഡിയും സ്ഥാപകനുമായ വി ജ്യോതിഷ്‌കുമാർ (എന്റർപ്രണർ ഓഫ് ദി ഇയർ), വി–-ഗാർഡ് ഇൻഡസ്ട്രീസ് എംഡി മിഥുൻ ചിറ്റിലപ്പിള്ളി (നെക്സ്റ്റ് ജനറേഷൻ അച്ചീവർ) എന്നിവർ ​അവാർഡ് ഏറ്റുവാങ്ങി. ടൈ കേരള പ്രസിഡന്റ്‌ അജിത് മൂപ്പൻ, വിവേക് കൃഷ്ണ ഗോവിന്ദ്, മുൻ പ്രസിഡന്റ്‌ എം എസ് എ കുമാർ എന്നിവർ സംസാരിച്ചു.