സര്‍ക്കാരിനെ മോശപ്പെടുത്താന്‍ ബോധപൂര്‍വ്വം ചില ഉദ്യോഗസ്ഥര്‍ നടത്തുന്ന നീക്കത്തിനെതിരെ ജാഗ്രത പാലിക്കണം: സിപിഐഎം

0
129

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ചില ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി വാട്ടര്‍ കണക്ഷന്‍ വിച്ഛേദിക്കുകയും, വൈദ്യുതി വിച്ഛേദിക്കുകയും ചെയ്‌ത്‌ ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ട്‌ സൃഷ്ടിക്കുന്നുണ്ട്‌.

സംസ്ഥാന സര്‍ക്കാരിനെ മോശപ്പെടുത്താന്‍ ഉദ്ദേശിച്ച്‌ ബോധപൂര്‍വ്വം ചില ഉദ്യോഗസ്ഥര്‍ നടത്തുന്ന ഇത്തരം നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന്‌ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

വെള്ളത്തിന്റെയും വൈദ്യുതിയുടെയും ബില്‍തുക അടയ്‌ക്കുന്നതിന്‌ സാവകാശം നല്‍കുകയാണ്‌ ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടിയിരുന്നത്‌ എന്നാല്‍ അതിനുപകരം തെരഞ്ഞെടുപ്പ്‌ സമയത്ത്‌ കണക്ഷന്‍ വിച്ഛേദിക്കുന്നത്‌ ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിക്കുന്നതിനാണ്‌.

കൊവിഡ്‌ കാലത്ത്‌ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ട്‌ പരിഹരിക്കുന്നതിന്‌ നിതാന്ത ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ്‌ സര്‍ക്കാര്‍ നടത്തിയത്‌. ആരും പട്ടിണികിടക്കരുതെന്ന ഉദ്ദേശത്തോടുകൂടിയാണ്‌ മുടങ്ങാതെ ഭക്ഷ്യകിറ്റും, ക്ഷേമപെന്‍ഷനുകളും എല്ലാ വിഭാഗം ജനങ്ങള്‍ക്കും നല്‍കിയത്‌.

ജനങ്ങളെ ചേര്‍ത്തുപിടിച്ചുകൊണ്ടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ മുന്നോട്ട്‌ പോകുന്നത്‌. എല്‍.ഡി.എഫ്‌ സര്‍ക്കാരില്‍ ജനങ്ങള്‍ വലിയ വിശ്വാസമാണ്‌ അര്‍പ്പിച്ചിട്ടുള്ളത്‌. അതിനെ തകര്‍ക്കാനാണ്‌ പ്രതിപക്ഷം ശ്രമിക്കുന്നത്‌. അത്തരം നീക്കത്തിന്‌ ആക്കം കൂട്ടാന്‍ എല്‍.ഡി.എഫ്‌ വിരുദ്ധരായ ഉദ്യോഗസ്ഥരാണ്‌ ഇത്തരം നീക്കത്തിന്‌ പിന്നില്‍.

കുടുംബാംഗങ്ങളുമായി യാത്ര ചെയ്യുന്നവരെപോലും തടഞ്ഞു നിര്‍ത്തി ചില പോലീസ്‌ ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുന്ന വാര്‍ത്തകളും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വരുന്നുണ്ട്‌. ഇതെല്ലാം സംസ്ഥാന സര്‍ക്കാരിനെ കരിതേച്ച്‌ കാണിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട്‌ ചില ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വം നടത്തുന്നതാണ്‌. ഇത്തരം നീക്കത്തില്‍ നിന്നും ഈ ഉദ്യോഗസ്ഥര്‍ പിന്തിരിയണം.

പാലക്കാട്‌ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കര്‍ഷകരില്‍ നിന്നും നെല്ല്‌ സംഭരണം നടന്നുകൊണ്ടിരിക്കുന്ന സമയമാണ്‌ ഇത്‌. എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ കൃഷിക്കാരില്‍ നിന്നും നെല്ല്‌ സംഭരിക്കുന്നത്‌ വൈകിപ്പിക്കാന്‍ ശ്രമം നടത്തുന്നുണ്ട്‌. ഇത്‌ കൃഷിക്കാരില്‍ അസംതൃപ്‌തി സൃഷ്ടിക്കാനുള്ള നടപടിയാണ്‌.

നെല്ലിന്റെ താങ്ങ്‌വില വര്‍ദ്ധിപ്പിച്ച്‌ സിവില്‍സപ്ലൈസ്‌ വഴി കൃഷിക്കാര്‍ ഉല്‍പ്പാദിപ്പിക്കുന്ന മുഴുവന്‍ നെല്ലും സംഭരിക്കാനുള്ള നടപടി സ്വീകരിച്ചത്‌ എല്‍.ഡി.എഫ്‌ സര്‍ക്കാരാണ്‌. ഇതിന്‌ തുരങ്കം വെയ്‌ക്കാനാണ്‌ ചില ഉദ്യോഗസ്ഥര്‍ ഈ ഘട്ടത്തില്‍ ശ്രമിക്കുന്നത്‌. ഇതിനെതിരെ കൃഷിക്കാര്‍ ജാഗ്രത പാലിക്കണമെന്നും സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.