സ്മൃതി ഇറാനിയുടെ റോഡ് ഷോയ്ക്കിടെ ജന്മഭൂമി ഫോട്ടോഗ്രാഫർക്ക്‌ ബിജെപിക്കാരുടെ മർദനം

0
90

കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ റോഡ് ഷോയ്ക്കിടെ മാധ്യമ പ്രവർത്തകന് മർദനമേറ്റു. ജന്മഭൂമി ഫോട്ടോഗ്രാഫർ ദിനേശിനാണ് ബിജെപി പ്രവർത്തകരുടെ മർദനമേറ്റത്. കണ്ണട തകർന്ന് മുഖത്ത് പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു.

സ്മൃതി ഇറാനി തുറന്ന വാഹനത്തിലായിരുന്നു റോഡ് ഷോ നടത്താൻ തീരുമാനിച്ചത്. ഇതുപ്രകാരം വാഹനത്തിൽ കയറിനിന്ന ഇവർ അൽപം കഴിഞ്ഞ്​ തനിക്ക് യാത്ര ചെയ്യാൻ സ്കൂട്ടർ ലഭിക്കുമോയെന്ന് ആരാഞ്ഞു. തുടർന്ന് സ്കൂട്ടർ എത്തിച്ചു.

സ്കൂട്ടറിൽ യാത്ര തുടർന്നതോടെ വാഹനത്തിന് മുന്നിൽ ഫോട്ടോഗ്രാഫർമാരും ഓടാൻ തുടങ്ങി.പ്രകടനത്തിലുള്ളയാൾ ദിനേശനോട് തട്ടിക്കയറുകയും മുഖത്ത് അടിക്കുകയും ചെയ്യുകയായിരുന്നു. ഇതേതുടർന്ന് മറ്റുള്ളവരും അടിക്കാൻ ശ്രമിക്കുന്നതിനിടെ മാധ്യമ പ്രവർത്തകർ തടയുകയായിരുന്നു.ഇയാളെ സ്മൃതി ഇറാനി സന്ദർശിച്ചു.കക്കോടി മുതൽ കുമാരസ്വാമി വരെ ആയിരുന്നു സമൃതി ഇറാനിയുടെ റോഡ് ഷോ ഉണ്ടായിരുന്നത്.

കണ്ണിനു‌ താഴെ മുറിവേറ്റ ദിനേശന്‌ ഒരാഴ്‌ചയിലേറെ വിശ്രമം വേണമെന്നാണ്‌ ഡോക്ടർമാർ നിർദേശിച്ചത്‌. അതേസമയം മാധ്യമപ്രവർത്തകർ ബിജെപി നേതാക്കളോട്‌ സംഭവത്തെ കുറിച്ച്‌ പരാതിപ്പെട്ടപ്പോൾ മറ്റു പാർടിക്കാരുടെ മേൽ കെട്ടിവച്ച്‌‌ തലയൂരാനായിരുന്നു ശ്രമം.

എന്നാൽ ആക്രമിക്കുന്നതിന്റെ ഫോട്ടോ കൈയിലുണ്ടെന്ന്‌ പറഞ്ഞപ്പോൾ ക്ഷമചോദിച്ച്‌ തടിതപ്പി. ആർഎസ്‌എസ്‌ പ്രവർത്തകനായ നന്മണ്ട സ്വദേശി സന്ദീപാണ്‌ അക്രമികളിലൊരാളെന്ന്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌.

തെരഞ്ഞെടുപ്പു‌ കാലത്ത്‌ ‌സ്വന്തം പാർടി പത്രത്തിന്റെ ഫോട്ടോഗ്രാഫർക്കു‌പോലും ബിജെപി പ്രവർത്തകരിൽനിന്ന്‌ രക്ഷയില്ലെന്നതിന്റെ ഉദാഹരണമാണ്‌ കക്കോടിയിലുണ്ടായത്‌. മറ്റു ‌മാധ്യമപ്രവർത്തകർ ചേർന്ന്‌ ബിജെപി പ്രവർത്തകരെ തള്ളിമാറ്റിയതിനാലാണ്‌ കൂടുതൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്‌. കണ്ണിന്‌ താഴെ മുറിവേറ്റ ദിനേശ്‌ കുമാറിനെ ഉടൻ കോംട്രസ്‌റ്റ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിൽ കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.