2016 നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടുചോദിച്ചെത്തിയ എൽഡിഎഫ് സ്ഥാനാർഥി പി കെ ശശി നൽകിയത് വെറും വാക്കല്ലെന്നു ഷൊർണൂർ നഗരസഭ പ്രദേശത്തുള്ളവർ പറയുന്നു. ‘കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം വേണം’ എന്ന ജനങളുടെ ആവശ്യം വിജയിച്ചാൽ പ്രശ്നം എന്നേക്കുമായി പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകിയിരുന്നു.
ഷൊർണൂർ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട് ഒരു വർഷത്തിനകം ഭാരതപ്പുഴയ്‌ക്ക് കുറുകെ തടയണ നിർമിച്ച് കുടിവെള്ളം പ്രശ്നത്തിന് പരിഹാരം കണ്ടു. ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കുന്ന സാഹചര്യം മാറി. ഇപ്പോൾ ഷൊർണൂർ നഗരസഭ പരിധിയിലെ വീടുകളിലെ പൈപ്പിൽ 24 മണിക്കൂറും വെള്ളം സുലഭം.
തടയണ വന്നതോടെ കിണർ, കുളം ഉൾപ്പെടെയുള്ള ജലസ്രോതസ്സുകളിലും ജലനിരപ്പ് ഉയർന്നു. തടയണ വരും മുമ്പ് ഫെബ്രുവരി ആവുമ്പോഴേക്കും കിണറുകൾ വറ്റുമായിരുന്നു. എന്നാൽ ഇപ്പോൾ വെള്ളം സുലഭമാണ്.
ഭാരതപ്പുഴയിൽ കൊച്ചി പാലത്തിനു സമീപം ഷൊർണൂർ–-ചെറുതുരുത്തി തീരങ്ങളെ ബന്ധിപ്പിച്ചാണ് തടയണ. 2017 ൽ കിഫ്ബിയിൽ ഉൾപ്പെടുത്തി 55 കോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തിയാക്കിയത്. 360 മീറ്റർ നീളവും രണ്ടരമീറ്റർ ഉയരവുമാണ് തടയണയ്‌ക്ക്. വേനലിലും തടയണ ജലസമൃദ്ധമാണ്.
20 ദശലക്ഷം ലിറ്റർ പ്രതിദിന ശേഷിയുള്ള ജല ശുദ്ധീകരണശാല, കുളപ്പുള്ളിയിൽ നിലവിലുള്ള 20 ദശലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ജലസംഭരണിയിലേയ്ക്ക് പമ്പിങ് മെയിൻ, റോ വാട്ടർ ആൻഡ് ക്ലിയർ വാട്ടർ പമ്പ് സെറ്റുകൾ, ട്രാൻസ്ഫോർമർ എന്നിവ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഷൊർണൂർ നഗരസഭ, വാണിയംകുളം പഞ്ചായത്ത്, തൃശൂർ ജില്ലയിലെ ചേലക്കര, വള്ളത്തോൾ നഗർ, പാഞ്ഞാൾ, ചേലക്കര എന്നീ പഞ്ചായത്തുകൾക്കും സ്ഥിരം വെള്ളം നൽകാൻ കഴിയുന്ന തടയണയാണിത്. തടയണയുടെ സൗന്ദര്യം ആസ്വദിക്കാൻ ദിനംപ്രതി നിരവധി പേർ എത്തുന്നുണ്ട്. തടയണ തീരത്ത് മ്യൂസിക്കൽ വാക് വെയും അനുബന്ധ ടൂറിസം പ്രവൃത്തികൾക്കുമായി കഴിഞ്ഞ ബജറ്റിൽ- അഞ്ചുകോടി രൂപ വകയിരുത്തിയിട്ടുണ്ട്.