വ്യാജ മൊഴിപരമ്പര : ഇ ഡി കർസേവകർക്ക് നിയമമൊന്നും ബാധകമല്ലേ …?

0
103

– കെ വി –

നിയമം ആരും കൈയിലെടുക്കരുത് ; കളിപ്പാട്ടമാക്കുകയും ചെയ്യരുത്. സാധാരണക്കാർക്കെന്നപോലെ ഏത് സർക്കാർ ഉദ്യോഗസ്ഥർക്കും ബാധകമായ തത്ത്വം. ജനാധിപത്യ ഭരണക്രമത്തിൽ അത് ലംഘിക്കുന്ന ചെയ്തികൾ ഒട്ടും ഭൂഷണമല്ല. എന്നാൽ , സ്വർണക്കടത്തു കേസിലെ പ്രതികളുടെ മൊഴിപരമ്പര സൃഷ്ടിച്ച് രാഷ്ട്രീയ ദാസ്യവേലക്കിറങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികൾ ചെയ്യുന്നതെന്താണ് …? അവർ കേരളത്തിലെ ജനങ്ങളുടെ സാമാന്യബുദ്ധിക്കുനേരെ കൊഞ്ഞനം കുത്തുന്നത് കണ്ടില്ലെന്ന് നടിക്കാം. അല്ലെങ്കിൽ വിവരക്കേടെന്ന് കരുതി തള്ളാം. എന്നാൽ , ഉന്നത പദവികളിലുള്ള ജനനേതാക്കളെ തുടർച്ചയായി അപകീർത്തിപ്പെടുത്തുന്നത് അത്ര ഉദാസീനതയോടെ നോക്കിനിൽക്കാനാകുമോ … അതിരുവിട്ട ധിക്കാരത്തിനും തെറ്റായ നടപടികൾക്കും അർഹിക്കുന്ന മറുപടി കൊടുക്കേണ്ടേ … ഭരണകൂട പിൻബലത്തിൽ വല്ലാതെ നെഗളിച്ച പല പുലിക്കോടന്മാരെയും കോടതി കയറ്റുകയും നിലയ്ക്കുനിർത്തുകയും ചെയ്ത മണ്ണാണിത്. ഉത്തരേന്ത്യയിലെപോലെ തരംതാണ ഇ ഡി മുറകൾ ഇവിടെ വിലപ്പോവില്ല.
എൻഫോഴ്മെന്റ് ഡയരക്ടരേറ്റ് ഉദ്യോഗസ്ഥർക്കെന്താ കൊമ്പുണ്ടോ … നിയമാനുസൃതമായി പ്രവർത്തിക്കാനേ അവർക്ക് അധികാരമുള്ളൂ. എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമൊന്നുമില്ല. കസ്റ്റഡിയിലുള്ള പ്രതികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഗഡുക്കളായി വിചിത്രമൊഴി നിർമിതി നടത്തുന്നതും അത് വാർത്താ മാധ്യമങ്ങൾക്ക് പകർത്തിയെത്തിക്കുന്നതും ഏത് നിയമ വ്യവസ്ഥപ്രകാരമാണ് … അതവർ വ്യക്തമാക്കേണ്ടതുണ്ട്.
സാധാരണ നിലയിൽ ഇത്തരം മൊഴികൾ നിയമസാധുത ഇല്ലാത്തതാണ്. വിചാരണക്കോടതി അനുബന്ധ തെളിവുകൾസഹിതം സ്വീകരിച്ചാലേ ഇതിന് പ്രസക്തിയുള്ളൂ. എന്നിട്ടും ആധികാരിക വസ്തുതകളെന്നു തോന്നിപ്പിക്കുമാറ് നുണ സൃഷ്ടികൾ പ്രചരിപ്പിക്കുകയാണ്. നിയമസഭാ സ്പീക്കർ ക്കതിരെയടക്കം എന്തൊക്കെ വ്യാജ മൊഴികളാണ് ഇക്കൂട്ടർ പടച്ചുവിടുന്നത്. പത്തു മാസത്തിലധികം അര ഡെസൻ കേന്ദ്ര ഏജൻസികൾ തിരുവനന്തപുരത്ത് വട്ടമിട്ട് റാകിപ്പറന്നിട്ട് അവതരിപ്പിക്കുന്ന കഥകൾ കേമംതന്നെ. ഈന്തപ്പഴം – ഖുർആൻ കടത്ത് വിവാദംതന്നെ മതിയല്ലോ ഈ അന്വേഷണ സംഘങ്ങളുടെ നിലവാരം ബോധ്യപ്പെടാൻ .

നിയമസഭാ തെരഞ്ഞെടുപ്പുവേളയിൽ തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്താൻ അന്വേഷണ ഏജൻസികൾ അങ്ങേയറ്റം തരം താഴുകയാണ്. കേന്ദ്ര ഭരണകക്ഷിയുടെ ചൊല്പടിക്ക് ഏത് ക്വട്ടേഷനും ഏറ്റെടുക്കുന്ന ചില ഉദ്യോഗസ്ഥരുണ്ട്. അന്ധമായ ഇടതുപക്ഷ വിരോധം പുലർത്തുന്ന ചില മാധ്യമങ്ങളാവട്ടെ, സത്യമല്ലെന്നറിഞ്ഞു കൊണ്ടുതന്നെ വ്യാജ വാർത്താ നിർമിതിക്ക് വലിയ പരിഗണന നൽകുകയും ചെയ്യുന്നു. യു ഡി എഫിന്റെ വളർത്തു മുത്തശ്ശിയായ മലയാള മനോരമയും മൗദൂദിസ്റ്റ് പത്രമായ മാധ്യമവുമാണ് ഈ ദുഷിച്ച രീതി കൂടുതൽ പ്രോത്സാഹിപ്പിക്കുന്നത്. ഹൈക്കോടതിതന്നെ ഈയിടെ നിശിതമായി വിമർശിച്ച മാധ്യമ ദുർബോധനമാണിത്. ഏത് മൊഴിയും വിചാരണവേളവരെ അന്വേഷണ ഏജൻസികൾ രഹസ്യമായി സൂക്ഷിക്കേണ്ടതാണ്. മൊഴികൾ മാധ്യമങ്ങൾക്ക് ചോർത്തിനൽകി വാർത്തയാക്കുന്നത് സദുദ്ദേശപരമല്ല. കേസിനെക്കുറിച്ച് മുൻ വിധികൾ രൂപപ്പെടാൻ ഇത് ഇടയാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
നിയമത്തിനും നീതിക്കും നിരക്കാത്ത രാഷ്ട്രീയ വിടുവേലയ്ക്ക് മുതിരുന്നത് ഏത് അന്വേഷണ ഏജൻസിയായാലും ഒരുകാര്യം ഓർക്കുന്നത് നന്ന്. ജനങ്ങളുടെ ക്ഷമ പരീക്ഷിച്ച് പ്രകോപനം സൃഷ്ടിക്കാതിരിക്കുകയാവും ഔചിത്യവും ബുദ്ധിയും.
സ്വാതന്ത്ര്യസമര സേനാനിയും പയ്യന്നൂർ എം എൽ എ യുമായിരുന്ന കമ്യൂണിസ്റ്റ് നേതാവ് എൻ സുബ്രഹ്മണ്യ ശേണായിയുടെ ഒരു പ്രസംഗം ഓർമ്മവരികയാണ്. ഇ കെ നായനാർ മന്ത്രിസഭയെ ആന്റണി വിഭാഗം കോൺഗ്രസ്സുകാർ മറിച്ചിട്ടശേഷം യു ഡി എഫ് സർക്കാർ അധികാരമേറ്റ സന്ദർഭം. 1983 ആദ്യത്തിലാണ്. കണ്ണൂർ രാമന്തളിയിൽ സി പി ഐ -എം പ്രവർത്തകർക്കുനേരെ വ്യാപകമായി മുസ്ലീം ലീഗുകാർ അക്രമം അഴിച്ചുവിട്ടു. അവർക്ക് താങ്ങായി പൊലീസും രംഗത്തിറങ്ങി. സഖാക്കളുടെ വീടുകൾ കൈയേറി ലീഗുകാർക്ക് പിറകെ പൊലീസും അതിക്രമ ത്തിന് മുതിർന്നു. സ്ത്രീകൾമാത്രമുള്ള ചില വീടുകളിൽ അസമയത്ത് കടന്നുചെന്നുള്ള ശല്യങ്ങൾവരെയുണ്ടായി. സ്ഥിതി അസഹ്യമായപ്പോൾ അവിടെ സംഘടിപ്പിച്ച പ്രതിഷേധയോഗത്തിലായിരുന്നു പൊലീസുകാരെ വിറപ്പിച്ച ശേണായിയുടെ പ്രസംഗം.
ചില വികടന്മാരായ പൊലീസുകാരുടെ പേരുകൾതന്നെ ഉദ്ധരിച്ച് ശേണായി താക്കീത് നൽകി : “എടോ താനൊക്കെ എവിടന്ന് വരുന്നു എന്ന് ഞങ്ങൾക്കറിയാം. തോക്കുമായിറങ്ങി ഇവിടെ ഞങ്ങളെയങ്ങ് ഒതുക്കിക്കളയാമെന്നാണോ ധാരണ. വീടുകളിൽ കയറി അമ്മപെങ്ങന്മാരെ ദ്രോഹിച്ചാലുണ്ടല്ലോ. തന്റെ വീട്ടിലുള്ളവരും വിവരമറിയും. അരുതായ്മകൾക്ക് ഒരുമ്പെട്ടാൽ അനുഭവിക്കേണ്ടിവരും. അവർക്കൊന്നും ആരും തോക്കുമായി കാവൽ നിൽക്കുന്നില്ല. അതോർമ്മ വേണം. ” അന്നുതൊട്ട് സംഘർഷനാളുകൾ കഴിയുവോളം പൊലീസുകാർ അച്ചടക്കമുള്ളവരായി അടങ്ങിക്കഴിഞ്ഞു പിന്നെ. നിലമറന്ന് പെരുമാറിയ ഉദ്യോഗസ്ഥരിൽ വീണ്ടുവിചാരമുണ്ടാക്കാൻ ശേണായിയുടെ തീപ്പാറുന്ന വാക്കുകൾ ധാരാളമായിരുന്നു.