ബിജെപിയും യുഡിഎഫും ഒന്നിച്ചാലും എൽഡിഎഫിന്‌ തുടർഭരണം ഉറപ്പ്‌

0
109

ബിജെപിയും യുഡിഎഫും ഒന്നിച്ചുനിന്നാലും കേരളത്തിൽ എൽഡിഎഫിന്‌ തുടർഭരണം ഉറപ്പാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കോൺഗ്രസ്‌–- ബിജെപി വോട്ടുകച്ചവടത്തെ മതനിരപേക്ഷതയുടെ പ്രതിരോധമുയർത്തി പരാജയപ്പെടുത്തി‌ കേരളം രാജ്യത്തിന്‌ മാതൃകയാകും.

കാട്ടക്കട മണ്ഡലത്തിലെ പേയാടും വാമനപുരം മണ്ഡലത്തിലെ വെഞ്ഞാറമൂട്ടിലും എൽഡിഎഫ്‌ പൊതുസമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു യെച്ചൂരി.എൽഡിഎഫിന്റെ വിജയം കേരളത്തിന്‌ മാത്രമല്ല, രാജ്യത്തിനാകെ ആവശ്യമാണ്‌. ഭരണഘടനാമൂല്യങ്ങളും മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കാനുള്ള പോരാട്ടത്തിന്‌‌ കരുത്താകും ഈ ജനവിധി.

ഇന്ത്യയുടെ മതനിരപേക്ഷ മൂല്യങ്ങളെ തകർക്കുന്ന മോഡി ഭരണത്തിന്‌ ബദലുണ്ടെന്ന്‌ കാട്ടിക്കൊടുത്തത്‌ കേരളമാണ്‌. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന്‌ ആദ്യമായി പ്രമേയം പാസാക്കിയത്‌ കേരള നിയമസഭയാണ്‌. ആ ധീരതയെ മറ്റ്‌ സംസ്ഥാനങ്ങൾ പിന്തുടരുകയായിരുന്നു.

തങ്ങൾക്കെതിരായ ജനവിധി പണമൊഴുക്കി അട്ടിമറിച്ചാണ്‌ പല സംസ്ഥാനത്തും ബിജെപി അധികാരം പിടിച്ചെടുത്തത്‌. ഇത്തരത്തിൽ പണം വാങ്ങി കൂറുമാറിയ എംഎൽഎമാരിൽ അമ്പത്‌ ശതമാനത്തിലേറെയും കോൺഗ്രസുകാരാണ്‌. മൂന്ന്‌ മണ്ഡലത്തിൽ ബിജെപിക്ക്‌ സ്ഥാനാർഥികളില്ല.

അവരുടെ വോട്ട്‌ എങ്ങോട്ട്‌ പോകുമെന്നത്‌ ഊഹിക്കാവുന്നതേയുള്ളൂ. വിദേശയാനങ്ങൾക്ക്‌ കടൽ തുറന്നുകൊടുക്കാനുള്ള നീക്കത്തിനെതിരെ പാർലമെന്റിൽ ശക്തമായ പ്രതിരോധമുയർത്തിയത്‌ ഇടതുപക്ഷമാണ്‌. അന്ന്‌ ഒരേ നിലപാട്‌ പിന്തുടർന്ന കോൺഗ്രസും ബിജെപിയും ഇപ്പോൾ എൽഡിഎഫ്‌ സർക്കാരിനെതിരെ ഒരുമിച്ച്‌ അപവാദം പ്രചരിപ്പിക്കുന്നു.

കേരളത്തിലും ലൗജിഹാദ്‌ നിയമം കൊണ്ടുവരുമെന്നാണ്‌ ബിജെപി പറയുന്നത്‌. പ്രായപൂർത്തിയായ ഏതൊരു പൗരനും സ്വന്തം ഇഷ്ടപ്രകാരം ജാതിയോ മതമോ പരിഗണിക്കാതെ വിവാഹം കഴിക്കാൻ ഭരണഘടന അവകാശം നൽകുന്നുണ്ട്‌. ഇത്‌ നിഷേധിക്കാൻ ബിജെപിക്ക്‌ ആരാണ്‌ അധികാരം നൽകിയതെന്നും‌ യെച്ചൂരി പറഞ്ഞു.