ഇരുപതുലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ പോര്‍ട്ടല്‍ വ‍ഴി തൊ‍ഴില്‍ നല്‍കാന്‍ ക‍ഴിയുമെന്ന് മുഖ്യമന്ത്രി

0
72

അടുത്ത അഞ്ചുവർഷത്തിനുള്ളില്‍ സംസ്ഥാനത്ത് 10000 കോടി രൂപയുടെ വ്യവസായ നിക്ഷേപങ്ങൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ തൊ‍ഴിലവസരങ്ങള്‍ വര്‍ധിക്കുമെന്നും മുഖ്യമന്ത്രി എറാണാകുളത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പറഞ്ഞു.

കാര്‍ഷിക മേഖലയും വരും വര്‍ഷങ്ങളില്‍ സ്വയം പര്യാപ്തമാകുമെന്നും ഇതിലൂടെയും സംസ്ഥാനത്ത് തൊ‍ഴിലവസരങ്ങള്‍ വര്‍ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ചെറുകിട, പരമ്പരാഗത വ്യവസായങ്ങളെ ശാക്തീകരിക്കും. ഐടി മേഖലയില്‍ ഉള്‍പ്പെടെ കേരളം വികസന കുതിപ്പിലാണെന്നും ലക്ഷക്കണക്കിന് യുവാക്കൾക്ക് ഐടി മേഖല വഴി തൊഴിൽ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്തെ സൈബര്‍ വാലിയാക്കി മാറ്റും.

സ്റ്റാർട്ടപ്പുകളുടെ ഏറ്റവും നല്ല വിളയിടം കേരളം ആണെന്ന് കേന്ദ്രം തന്നെ സമ്മതിച്ചിട്ടുണ്ടെന്നും കൊവിഡ് കാലത്ത് പലരും വീട്ടിലിരുന്നാണ് ജോലി ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇത് ഒരു ആശയമാക്കി മാറ്റി സർക്കാർ ഒരു പോർട്ടൽ ആരംഭിച്ചു കഴിഞ്ഞുവെന്നും വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോര്‍ട്ടല്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തനമാരംഭിച്ചുക‍ഴിഞ്ഞു. അരലക്ഷത്തിലധികം തൊ‍ഴിലന്വേഷകര്‍ പോര്‍ട്ടലില്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തുക‍ഴിഞ്ഞുവെന്നും തൊ‍ഴില്‍ നല്‍കാന്‍ അല്‍പം താമസമുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇടിനോടകം നിരവധിപേര്‍ പോര്‍ട്ടല്‍ വ‍ഴി ജോലിയില്‍ പ്രവേശിച്ചു ക‍ഴിഞ്ഞുവെന്നും ഇരുപത് ലക്ഷം പേര്‍ക്ക് ഇതുവ‍ഴിമാത്രം തൊ‍ഴില്‍ നല്‍കാന്‍ ക‍ഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.