ലീഗിന്റെ പൗരത്വ ഭേദഗതി പ്രസ്താവന ബിജെപി വോട്ട് കിട്ടുന്നതിനുവേണ്ടി : മുഖ്യമന്ത്രി

0
103

ബിജെപി വോട്ട് കിട്ടുന്നതിനുവേണ്ടിയാണ് പൗരത്വ നിയമത്തെ സംബന്ധിച്ച മുസ്ലിം ലീഗ് നേതാക്കളുടെ പുതിയ പ്രസ്താവനകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതി നിയമം നടപ്പിലാകുമ്പോൾ അതിനുള്ള ഫോം പൂരിപ്പിച്ച് നൽകാൻ ലീഗ് മുൻകൈ എടുക്കുമെന്ന ഗുരുവായൂർ മണ്ഡലം സ്ഥാനാർത്ഥി കെഎൻഎ ഖാദറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇതേ ഗുരുവായൂർ മണ്ഡലത്തിലാണ് ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാതായത്. അത് വെറുതെയങ്ങ് ഇല്ലാതായതാണെന്നോ കയ്യബദ്ധം പറ്റിപ്പോയതാണെന്നോ വിശ്വസിക്കാൻ കഴിയുന്ന കാര്യമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുടെ കൂടെ പിന്തുണ വാങ്ങാൻ കഴിയുന്ന പരസ്യപ്രകടനങ്ങൾ ലീഗ് സ്ഥാനാർത്ഥിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്.

വർഗീയത വളർത്താൻ ബിജെപിയും ആർഎസ്എസും ശ്രമിക്കുമ്പോൾ, അതിന് നിങ്ങളെന്തിനാണ് ഞങ്ങളിവിടെയുണ്ടല്ലോ എന്ന നിലയിലാണ് കോൺഗ്രസും ലീഗും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കുമ്പോൾ അന്ന് പിന്താങ്ങാൻ കെഎൻഎ ഖാദറുണ്ടായിരുന്നു. ഇപ്പോൾ പുതിയ നിലപാട് സ്വീകരിക്കുന്നത് തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് ആഗ്രഹിച്ചുകൊണ്ടാണ് എന്ന് വ്യക്തമാണ്.

എവിടെയാണ് ലീഗിന്റെ നിലപാടും സത്യസന്ധതയും എന്നാണ് കാണേണ്ടത്. രാജ്യത്തെ പൗരരെ തരംതിരിക്കുന്ന നിയമം കൊണ്ടുവന്നതിലൂടെ രാജ്യത്ത് സൃഷ്ടിച്ച ഭീതിയുണ്ട്. സ്വന്തം പൗരത്വം സംരക്ഷിക്കാൻ തെരുവിൽ ഇറങ്ങിയവരെ വെടിവെച്ച് കൊല്ലാൻ സംഘപരിവാർ നേതാക്കൾ പരസ്യമായി ആഹ്വാനം ചെയ്യുന്നത് വരെ കാര്യങ്ങളെത്തി.

രാജ്യത്തെ വെട്ടിമുറിക്കുന്ന ആപത്കരമായ നടപടിക്കെതിരെ രംഗത്തിറങ്ങിയവരെ മനുഷ്യത്വ ഹീനമായി വേട്ടയാടി. ഇതൊക്കെ നടക്കുമ്പോഴും ബിജെപിക്ക് ഭരണമുള്ള സംസ്ഥാനങ്ങളിൽ പൗരന്മാരെ തടങ്കിലിടാൻ കോൺസൺട്രേഷൻ ക്യാമ്പുകളെ അനുസ്മരിപ്പിക്കുന്ന ഡിറ്റൻഷൻ ക്യാമ്പുകൾ ഒരുങ്ങുകയാണ്. ഇപ്പോൾ പൗരത്വ നിയമം നടപ്പാക്കിയാൽ ഫോം പൂരിപ്പിച്ച് നൽകുമെന്ന് പറയുന്ന ലീഗ് നേതാക്കൾ ബിജെപി ഒരുക്കുന്ന തടങ്കൽ പാളയങ്ങൾക്ക് കാവൽ നിൽക്കാനും മടിക്കില്ല.