പ്രതിപക്ഷ നേതാവ് ബിജെപിയുടെ സംസ്ഥാന വക്താവ് ; യു.ഡി.എഫ് കിഫ്ബിയുടെ കഴുത്തിൽ കുരുക്കിടുന്ന ആരാച്ചാർ

0
116

കിഫ്ബിയെ കുറിച്ച് പരിഹസിക്കുമ്പോഴും അതിന്റെ കഴുത്തില്‍ കുരുക്കിടാനുള്ള ആരാച്ചാര്‍ പണി യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് ആരും കരുതിയിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ അതും സംഭവിച്ചു. പ്രതിപക്ഷം തുറന്നുകൊടുത്ത വാതിലിലൂടെയാണ് കേന്ദ്ര ഏജന്‍സികള്‍ നശീകരണ പ്രവര്‍ത്തനം നടത്തുന്നത്. അവര്‍ക്ക് കിഫ്ബിയെ തകര്‍ക്കണമെന്നും ലൈഫ് പദ്ധതി അട്ടിമറിക്കണമെന്നും അദ്ദേഹം ആരോപിച്ചു.

കിഫ്ബിക്കെതിരേ കോണ്‍ഗ്രസിനും യു.ഡി.എഫിനും ആര്‍.എസ്.എസിനും ഒരേ വികാരമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. നാടിനും ജനങ്ങള്‍ക്കും പ്രയോജനകരമായ ഒരു കാര്യവും നടക്കരുത് എന്ന വാശിയിലാണ് കോണ്‍ഗ്രസും യുഡിഎഫും അവരെ സഹായിച്ചുകൊണ്ട് ബിജെപിയും നടത്തുന്നത്. എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള നടപടിയാണെന്നും പ്രതിപക്ഷ നേതാവ് ബിജെപിയുടെ സംസ്ഥാന വക്താവായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.

ഭക്ഷ്യകിറ്റും ക്ഷേമ പെന്‍ഷനും മുടക്കാനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചു. സര്‍ക്കാര്‍ പെന്‍ഷനും അരിയും വിതരണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് കണ്ടുകൊണ്ടല്ല. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ വിതരണം ചെയ്ത ഭക്ഷ്യകിറ്റിന്റെ കിറ്റിന്റെ പിതൃത്വം കേന്ദ്രത്തിനാണ് എന്ന് പ്രചരിപ്പിച്ച സംഘപരിവാറിനെ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ അതിജീവന ശ്രമങ്ങളെ തകര്‍ക്കാര്‍ ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന് അവസരം തുറന്നിട്ട് കൊടുക്കുകയാണ്. ജനങ്ങള്‍ക്കുള്ള ഭക്ഷണവും പെന്‍ഷനും പോലും മുടക്കണം എന്ന നിലപാടെടുത്ത പ്രതിപക്ഷ നേതാവ് കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ കേരളത്തിലെ ശക്തനായ വക്താവായി മാറിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.