കഴക്കൂട്ടം യുഡിഎഫ്‌ സ്ഥാനാർത്ഥിയ്‌ക്ക്‌ ഒരു ബൂത്തിൽ തന്നെ രണ്ടു വോട്ട്

0
97

‌കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി എസ് എസ് ലാലിന് ഇരട്ടവോട്ട്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ നൂറ്റി എഴുപതാം നമ്പര്‍ ബൂത്തിലാണ് രണ്ട് വോട്ടുമുള്ളത്. നിലവില്‍ വോട്ട് ഉണ്ടെന്നിരിക്കയാണ് പുതുതായി എസ് എസ് ലാല്‍ വോട്ട് ചേര്‍ത്തത്.

എല്‍ ഡി എഫ് നേതാക്കള്‍ ക്രമക്കേട് നടത്തി വോട്ടിരട്ടിപ്പ് നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ തന്നെ ഇരട്ടവോട്ടുകളുടെ വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

ഡോ.എസ് എസ് ലാലിന്‌ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ നൂറ്റി എഴുപതാം നമ്പര്‍ ബൂത്തിലാണ് രണ്ട് വോട്ടും .616,1243 എന്നീ ക്രമനമ്പരുകളിലാണ് അദ്ദേഹത്തിന് വോട്ടുള്ളത്. KL/20/135/033605,UHE 3246972 എന്നീ നമ്പരുകളിലുള്ള ഇലക്ഷന്‍ ഐ ഡി കാര്‍ഡുകളും അദ്ദേഹം കൈപ്പറ്റിയിട്ടുണ്ട്.

616 ക്രമ നമ്പര്‍ പ്രകാരം വോട്ട് ഉണ്ടെന്നിരിക്കെ വീണ്ടും എസ് എസ് ലാല്‍ വോട്ടര്‍ പട്ടികയില്‍ പേര്‌ ചേ ര്‍ക്കുകയായിരുന്നു.അക്കാരണത്താലാണ് 1243ക്രമ നമ്പര്‍ പ്രകാരം പുതിയ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കപെട്ടത്. നിലവില്‍ വോട്ട് ഉണ്ടെന്നിരിക്കെ വീണ്ടും പേര് ചേര്‍ത്തത് എന്തിനെന്ന് വ്യക്തമല്ല.

എല്‍ ഡി എഫിനെതിരെ ഇരട്ടവോട്ട് ആരോപണവുമായി വന്ന ചെന്നിത്തലക്കും കോണ്‍ഗ്രസിനും ഓരോ ദിവസം കഴിയും തോറും പുറത്ത് വരുന്ന തെളിവുകള്‍ തിരിച്ചടിയാവുകയാണ്.എസ് എസ് ലാലിന്റെ ഇരട്ടവോട്ടിനെതിരെ പരാതിനല്‍കുമെന്ന് എല്‍ ഡി എഫ് അറിയിച്ചു.