ബം​ഗാളിലും അസമിലും ആദ്യഘട്ട വോട്ടെടുപ്പ്‌ ഇന്ന്

0
232

ബംഗാളിലും അസമിലും ആദ്യഘട്ട വോട്ടെടുപ്പ്‌ ഇന്ന്. ബംഗാളില്‍ ഒരു മാസത്തിലധികം നീളുന്ന എട്ടുഘട്ടമായുള്ള വോട്ടെടുപ്പിന്റെ ആദ്യഘട്ടമാണിന്ന്‌. അസമിൽ ഒന്നാംഘട്ടത്തിൽ വോട്ടെടുപ്പ്‌ നടക്കുന്ന 47 മണ്ഡലത്തിൽ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ അടക്കം നിരവധി പ്രമുഖരാണ്‌ ജനവിധി തേടുന്നത്‌.

ബംഗാളിൽ പൂരുളിയ, ബാങ്കുറ, ജാർഗ്രാം പശ്ചിമ മെദിനിപ്പുർ, കിഴക്കൻ മെദിനിപ്പുർ ജില്ലകളിലെ 30 മണ്ഡലത്തിലാണ് വോട്ടെടുപ്പ്. ഇടതുമുന്നണി സംയുക്ത മോർച്ച, തൃണമൂല്‍, ബിജെപി ത്രികോണമത്സരമാണ് എല്ലായിടത്തും.

ആകെ 191 സ്ഥാനാർഥികള്‍. ഇവരില്‍ ഏറ്റവും പ്രായം കുറഞ്ഞവര്‍ പാര മണ്ഡലത്തിലെ സിപിഐ എം സ്ഥാനാര്‍ഥി സ്വപൻ ബൗരിയും(27) ഖരക്പുർ മണ്ഡലത്തിലെ സിപിഐ എം സ്ഥാനാർഥി ഷേക്ക് സദാം അലിയും(28). സംയുക്ത മോർച്ചയില്‍ സിപിഐ എം 17, സിപിഐ 3, ആർഎസ്‌പി, ഫോർവേഡ് ബ്ലോക്ക് ഒന്നു വീതം, കോണ്‍ഗ്രസ് 5, ഐഎസ്എഫ് 3 സീറ്റുകളില്‍ മത്സരിക്കുന്നു. ആകെ 10,288 ബൂത്ത്‌, 659 കമ്പനി കേന്ദ്ര സേനയെയാണ് നിയോ​ഗിച്ചിട്ടുള്ളത്.

അസമിൽ പ്രധാന തേയിലത്തോട്ടം മേഖലകളുൾപ്പെടുന്ന ആദ്യഘട്ടത്തിൽ 264 സ്ഥാനാർഥികളുണ്ട്‌. ബിജെപി 39 സീറ്റിലും സഖ്യകക്ഷിയായ എജെപി 10 സീറ്റിലും മത്സരിക്കുന്നു. ലക്ഷിംപുർ, നഹർകാടിയ മണ്ഡലങ്ങളിൽ ഇവ തമ്മിലും മത്സരിക്കുന്നുണ്ട്‌.

കോൺഗ്രസ്‌ 43 സീറ്റിലും സഖ്യകക്ഷികളായ എഐയുഡിഎഫ്‌, സിപിഐ എംഎൽ, ആർജെഡി, എജിഎം എന്നിവ ഓരോ സീറ്റിലും മത്സരിക്കുന്നു. അസം ജാതീയ പരിഷത്ത്‌ 41 സീറ്റിലും റൈജോർദൾ 19 സീറ്റിലും മത്സരിക്കുന്നുണ്ട്‌. 59 സ്വതന്ത്രരും മത്സരിക്കുന്നു. സിഎഎ പ്രതിഷേധത്തിന്റെ പേരിൽ ജയിലിലടച്ച റൈജോർദൾ നേതാവ്‌ അഖിൽ ഗൊഗോയ്‌ ശിവസാഗറിൽ മത്സരിക്കുന്നുണ്ട്‌.