അന്നം മുടക്കികളായ പ്രതിപക്ഷതിരെ ജനകീയ പ്രതിഷേധം ശക്തമാക്കും: സി പി ഐ എം

0
70

സാധാരണ ജനങ്ങളുടെ സൗജന്യ റേഷൻ നിർത്തലാക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. പരാതിയിന്മേൽ നടപടി സ്വീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷന് അരി വിതരണം നിർത്തി വെക്കാൻ ഉത്തരവിട്ടു. ഈ സഹസാഹര്യത്തിലാണ് ജനങ്ങൾക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങൾക്കും തുരങ്കം വെക്കുന്ന പ്രതിപക്ഷത്തിനെതിരെ സിപിഐഎം രാഷ്ട്രീയ പ്രതിരോധത്തിന് ആഹ്വാനം ചെയ്തത്. വിഷയത്തിൽ ജനകീയ പ്രതിരോധം തീർക്കുമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.

റേഷനും ഭക്ഷ്യക്കിറ്റും തടഞ്ഞ് ജനങ്ങളുടെ അന്നംമുടക്കുന്ന യു.ഡി.എഫ് നേതൃത്വത്തിന്റെ നടപടിക്കെതിരെ ശക്തമായ ജനരോഷം ഉയർത്തണമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.തെരഞ്ഞെടുപ്പിലെ തിരിച്ചടി മുന്നിൽക്കണ്ട് പരിഭ്രാന്തിയിലായ പ്രതിപക്ഷത്തിന്റെ വികലമായ മനോനിലയാണ് ഈ നടപടിയിലൂടെ പ്രകടമാകുന്നത്. പ്രതിപക്ഷത്തിന്റെ
നിഷേധാത്മക രാഷ്ട്രീയത്തിന്റെ തുടർച്ചയാണിത്. കേരളം പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലൊന്നും ക്രിയാത്മകമായി ഇടപെടാനോ ജനങ്ങൾക്കൊപ്പം നിൽക്കാനോ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. പകരം പ്രതിസന്ധികൾക്കു നടുവിൽനിന്ന് നാടിനെ പിടിച്ചുയർത്താനുള്ള സർക്കാരിന്റെ ശ്രമങ്ങളെ അട്ടിമറിക്കാനാണ് നോക്കിയത്. മുൻഗണനേതര വിഭാഗങ്ങൾക്കുള്ള അരിവിതരണമാണ് പ്രതിപക്ഷനേതാവിന്റെ പരാതിയെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ തടഞ്ഞിരിക്കുന്നത്.

സ്കൂൾ വിദ്യാർഥികൾക്കുള്ള അരി, വിഷുവും ഈസ്റ്ററും റമദാനും കണക്കിലെടുത്തുള്ള
ഭക്ഷ്യക്കിറ്റ്, ക്ഷേമപെൻഷൻ എന്നിവയുടെ വിതരണവും തടയണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷന് ഭക്ഷ്യ സിവിൽസപൈ്ലസ് വകുപ്പ് വിശദീകരണം നൽകിയിരിക്കുകയാണ്. പെൻഷനും റേഷനും കിറ്റുമൊന്നും വിതരണം ചെയ്തത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടല്ല. കഴിഞ്ഞവർഷം
ലോക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ ജനങ്ങൾക്ക് ആശ്വാസമെത്തിക്കാനുള്ള ഇത്തരം നടപടികൾ സർക്കാർ സ്വീകരിച്ചിരുന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ, അരി നൽകുന്നത് വോട്ടർമാരെ സ്വാധീനിക്കാനാണെന്ന ആരോപണം കേരളജനതയുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്നതാണ്.

റേഷനും, ഭക്ഷ്യകിറ്റും വിതരണം തടഞ്ഞ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിക്കണം. ജനങ്ങൾക്കുള്ള സഹായം തുടരുകതന്നെ വേണം. ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്ന പ്രതിപക്ഷത്തിന്റെ ക്രൂരമായ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണം. എൽ.ഡി.എഫ് പ്രവർത്തകർ വീടുവീടാന്തരം കയറി വോട്ടർമാരെ നേരിൽക്കണ്ട് പ്രതിപക്ഷത്തിന്റെ അധമ രാഷ്ട്രീയം തുറന്നുകാണിക്കണമെന്ന് സി പി ഐ എം സംസ്ഥാന സെക്രെട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.