വിവാദ വ്യവസായം : തുടർഭരണം തടയാൻ പാരകളുമായി അഞ്ഞൂറാന്മാർ

0
79

– കെ വി –

കേരളത്തിൽ കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ ആത്മഹത്യ ചെയ്യുമെന്ന് പണ്ടൊരു മാധ്യമ തറവാട്ടുകാരണവർ പറഞ്ഞിരുന്നു. എന്നാൽ, ഇവിടെ കമ്യൂണിസ്റ്റ് പാർട്ടി നയിക്കുന്ന ഭരണം അദ്ദേഹത്തിന് കാണേണ്ടിവന്നു. കടുത്ത നിരാശയോടെ അത് സഹിക്കുകയല്ലാതെ പിന്നെ നിവൃത്തിയുണ്ടായിരുന്നില്ല. അദ്ദേഹം കാലയവനികയ്ക്ക് പിന്നിലേക്ക് മറഞ്ഞെങ്കിലും പഴയ വിരോധം അതേ അളവിൽ തുടർന്നും നിലനിർത്തുകയാണ് പിന്തുടർച്ചാവകാശികൾ. ഇടതുപക്ഷവിരുദ്ധത മലയാള മനോരമയുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. ആളിയും അമർന്നും തലമുറകൾതോറും അത് കത്തിക്കൊണ്ടിരിക്കും. തെരഞ്ഞടുപ്പുകാലത്താണ് അതിന് ആധിക്യമുണ്ടാവുക. വോട്ടെടുപ്പുനാൾ അടുക്കുന്നതോടെ സ്ഥാപനത്തിലെ മൂപ്പന്മാർ മുണ്ടും മാടിക്കെട്ടിയൊരു ഇറക്കമാണ് – മുതിർന്ന നടൻ എൻ എൻ പിള്ള കസറിയ “ഗോഡ് ഫാദർ ” സിനിമയിലെ അഞ്ഞൂറാന്മാരെപ്പോലെ . ഇപ്പോൾ അവർ ആഞ്ഞുപിടിച്ചു വളർത്തുന്ന വിവാദ വ്യവസായവും അതിൻ്റെ ഭാഗംതന്നെ.

മകാരാദി വാർത്താ മാധ്യമങ്ങൾ വിവാദ വ്യവസായം ഇനിയും കൊഴുപ്പിച്ചുകൊണ്ടേയിരിക്കും. വസ്തുകൾ നിരത്തി അതിനെ പ്രതിരോധിക്കുകയേ നമുക്ക് മാർഗമുള്ളൂ. യു ഡി എഫിനെ ഇനിയും അഞ്ചുവർഷമെങ്കിലും അധികാരത്തിൽനിന്ന് പുറത്തുനിർത്തുമെന്ന് ജനങ്ങൾ ഏതാണ്ട് തീരുമാനിച്ച മട്ടാണ്. അത് ഉൾക്കൊള്ളാൻ ചില മാധ്യമ കേസരികൾക്ക് കഴിയുന്നില്ല. കോ-ലീ- ബിയെ എങ്ങനെയെങ്കിലും രക്ഷിച്ചെടുക്കാൻ അവർ പാടുപെടുകയാണ്. അതിനുവേണ്ടി എത് ആഴക്കടലിലും മുങ്ങിപ്പരതും. പുതിയ പുതിയ നുണമുത്തുകൾ കണ്ടെത്തി പറപ്പിക്കും.

സാധാരണനിലയിൽ ഏത് കരാറും ധാരണാപത്രവും റദ്ദാക്കിയാൽ അവയുടെ കഥ കഴിയും. സർക്കാരിന് വല്ല താല്പര്യവും ഉണ്ടെങ്കിൽ എം ഒ യു വിൽ കടിച്ചുതൂങ്ങാൻ ശ്രമിക്കുകയല്ലേ ചെയ്യുക . മുമ്പ് യു ഡി എഫ് ഭരണകാലത്ത് വിവാദകരാറുകളിൽ അങ്ങനെ ആയിരുന്നല്ലോ. പാമോയിൽ ഇറക്കുമതി ഇടപാടുമുതൽ തിരുവനന്തപുരം ടൈറ്റാനിയം ഫാക്ടറി നവീകരണത്തിൻ്റെയും വിഴിഞ്ഞം ഹാർബർ നിർമാണത്തിൻ്റെയും കരാർവരെ കടുത്ത പ്രതിഷേധമുയർന്നിട്ടും യു ഡി എഫ് വാഴ്ചയിൽ റദ്ദാക്കാൻ തയ്യാറായിരുന്നില്ല. പിണറായി വിജയൻ സർക്കാരാകട്ടെ, പ്രതിപക്ഷം ആക്ഷേപമുന്നയിച്ച കരാറുകൾ ഉപേക്ഷിക്കുകയായിരുന്നു. ഒരു സംശയത്തിനും ഇടവരുത്തേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നിട്ടും അത് വിവാദമാക്കുന്നതിൽ എന്തർത്ഥം ?

യു ഡി എഫിന് തെരഞ്ഞെടുപ്പ് വിജയം നേടിക്കൊടുക്കാൻ 2001 ൽ മനോരമ എഴുതി പ്രചരിപ്പിച്ച നാദാപുരം തെരുവംപറമ്പ് വ്യാജ ബലാൽസംഗ വാർത്ത ഓർമ്മയില്ലേ. നിസ്ക്കാരപ്പായിൽ തള്ളിയിട്ട് ബലാൽസംഗം ചെയ്തു എന്നായിരുന്നു നുണരമയിലെ വാർത്ത. സംസ്ഥാനത്തെങ്ങും യു ഡി എഫുകാർ അത് വർഗീയ വികാരമുണർത്തുന്ന തരത്തിൽ പ്രചരിപ്പിച്ച് വോട്ടുപിടിച്ചു. തുടർന്ന് ഈന്തുള്ളതിൽ ബിനു എന്ന നിരപരാധിയായ ഡി വൈ എഫ് ഐ പ്രവർത്തകൻ കൊല്ലപ്പെട്ടത് ആ പച്ചക്കള്ളത്തിൻ്റെ പേരിലായിരുന്നു. പക്ഷേ, മദ്ധ്യവയസ്സ് പിന്നിട്ട ആ സ്ത്രീ പിന്നീട് സത്യം വെളിപ്പെടുത്തി – തന്നെ ആരും ഉപദ്രവിച്ചിട്ടില്ല എന്ന് . കെട്ടുകഥയാണെന്ന് കണ്ടെത്തി കോടതിയും കേസ് തള്ളി . എന്നാൽ അതിനിടെ, നാദാപുരത്ത് മുസ്ലിംലീഗിനെ പിന്തള്ളാൻ മത്സരിച്ച എസ് ഡി പി ഐ ക്കാർ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി ബിനുവിനെ കൊലപ്പെടുത്തുകയാണുണ്ടായത്.

വഴിത്തർക്കത്തെച്ചൊല്ലിയുള്ള വിരോധമുള്ളതിനാൽ ബിനുവിനെതിരെ, വീട്ടിനടുത്ത് താമസിക്കുന്ന സ്ത്രീ പൊലീസിൽ പരാതിപ്പെട്ടിരുന്നു. യു ഡി എഫ് നേതാക്കൾ ഇടപെട്ട് അത് “ബലാൽസംഗ ” കേസാക്കി മാറ്റുകയായിരുന്നു. അതിൻ്റെ മറവിൽ , മുസ്ലീംകൾക്കെതിരെ മാർക്സിസ്റ്റക്രമം എന്ന് തോന്നിക്കുമാറ് നുണവാർത്താ പരമ്പര രചിക്കുകയും ചെയ്തു മനോരമ .

സി പി ഐ – എമ്മിൻ്റെ രണ്ട് പ്രവർത്തകരെ കോൺസ്സുകാർ വെട്ടിക്കൊന്ന വെഞ്ഞാറമൂട് ഇരട്ടക്കൊല കേസിൽ ഫോറൻസിക് റിപ്പോർട്ടുമായി ബന്ധപ്പെട്ടടക്കം നട്ടാൽ മുളയ്ക്കാത്ത നുണയല്ലേ ഈയിടെ മനോരമ എഴുതിപ്പരത്തിയത്. രാഷ്ട്രീയഗുഢാലോചന അന്വേഷിക്കൽ ഫോറൻസിക് വിഭാഗത്തിൻ്റെ പരിധിയിൽ വരുന്നതല്ലെന്ന് അവർക്ക് അറിയാഞ്ഞിട്ടാണോ … മൊബൈൽ ഫോൺ കാളുകൾ , വീഡിയോദൃശ്യങ്ങൾ എന്നിവയുടെ ഏത് പരിശോധനാഫലവും സാക്ഷിമൊഴികളുടെകൂടി പിൻബലത്തിൽ വിചാരണക്കോടതി സ്വീകരിച്ചാലേ ആധികാരികതയുള്ളതാവൂ. എന്നിട്ടും വസ്തുതകൾ മറച്ചുവെച്ച് പെരുംനുണ മെനഞ്ഞ പത്രം കൊലയാളികൾക്ക് കൂട്ടുനിൽക്കുകയായിരുന്നില്ലേ. കൊല്ലപ്പെട്ട സഖാക്കളുടെ കടുംബം നൽകിയ വിശദീകരണക്കുറിപ്പുപോലും അവഗണിച്ച അവർക്കെന്ത് മാധ്യമ ധാർമികത …!