അന്നം മുടക്കിയത്‌ ചെന്നിത്തല തന്നെ ; രേഖ പുറത്ത്

0
80

മുൻഗണനേതര വിഭാഗങ്ങൾക്കു 10 കിലോഗ്രാം അരി 15 രൂപ നിരക്കിൽ നൽകാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞത്‌ പ്രതിപക്ഷ നേതാവിന്റെ പരാതി പരിഗണിച്ചുതന്നെ. ഇത്‌ സംബന്ധിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷനു ചെന്നിത്തല നൽകിയ പരാതി പുറത്തുവന്നു.

പരാതിയിൽ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു എന്ന്‌ വ്യക്തമാണ്‌. ഇത്തരത്തിലുള്ള അരിവതരണം അടക്കം തടയാനാണ്‌ ചെന്നിത്തല ആവശ്യപ്പെട്ടത്‌ എന്ന്‌ കത്ത്‌ വെളിവാക്കുന്നു.അന്നം മുടക്കിയതിന്‌ ജനങ്ങൾ എതിരാകുമെന്ന്‌ വന്നതോടെ അരി വിതരണം തടഞ്ഞത്‌ തങ്ങൾ പരാതിപ്പെട്ടിട്ടല്ലെന്ന്‌ പ്രതിപക്ഷ കേന്ദ്രങ്ങൾ പ്രചാരണം ആരംഭിച്ചിട്ടുണ്ട്‌.

മൂന്ന്‌ ആവശ്യങ്ങളാണ്‌ സ്വന്തം ലെറ്റർപാഡിൽ നൽകിയ കത്തിൽ രമേശ്‌ ചെന്നിത്തല അക്കമിട്ട്‌ ഉന്നയിച്ചത്‌. ഒന്നാമത്തെ ആവശ്യം സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷ്യ സാധനങ്ങളുടെ വിതരണം തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നടക്കില്ല എന്നുറപ്പാക്കണം എന്നാണ്‌.

വിഷു സ്‌പെഷ്യലായി നല്‍കുന്ന ഭക്ഷ്യ വസ്തുക്കളുടെ വിതരണം ഏപ്രില്‍ ആറുവരെ നിര്‍ത്തിവെക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പിന് നിര്‍ദേശം നല്‍കണം എന്നാണ്‌ രണ്ടാമത്‌ ആവശ്യപ്പെടുന്നത്‌. വിഷു പ്രമാണിച്ച് നൽകുന്ന അരിയും മറ്റും തടയണം എന്നാണ്‌ ഇതിനർത്ഥം.ഏപ്രില്‍, മെയ് മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ഏപ്രില്‍ ആറിന് മുന്‍പ് വിതരണം ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാരിനെ വിലക്കണം എന്നാണ്‌ മൂന്നാമത്തെ ആവശ്യം.

ഈ കത്ത്‌ പരിഗണിച്ചാണ്‌ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 10 കിലോഗ്രാം അരി 15 രൂപ നിരക്കിൽ നൽകാനുള്ള തീരുമാനം തടഞ്ഞുകൊണ്ട്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷൻ ഭക്ഷ്യസിവിൽ സപ്ലൈസ്‌ വകുപ്പിന്‌ കത്തുനൽകിയത്‌. ഈസ്റ്റർ, വിഷു, റംസാൻ പ്രമാണിച്ചാണ് അരി നൽകാൻ തീരുമാനിച്ചിരുന്നത്‌.

പദ്ധതി നടപ്പാക്കാൻ ഉത്തരവിറക്കിയത് പെരുമാറ്റച്ചട്ടം വരും മുമ്പെയായിരുന്നു. ഫെബ്രുവരി നാലിനായിരുന്നു ഉത്തരവ്.എന്നാൽ സർക്കാരിന്റെ എല്ലാവിധ സഹായവിതരണങ്ങളും തെരഞ്ഞെടുപ്പിന്റെ മറവിൽ മുടക്കാൻ പ്രതിപക്ഷം ശ്രമം നടത്തിവരികയായിരുന്നു.