കേന്ദ്രനടപടി ഫെഡറല്‍ തത്വങ്ങളുടെ ലംഘനം ; കിഫ്ബിയെ ഒരുചുക്കും ചെയ്യാനാകില്ല ; മുഖ്യമന്ത്രി

0
99

കിഫ്ബി ആസ്ഥാനത്തെ റെയ്ഡ് എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിയെ എന്തോ ചെയ്തുകളയുമെന്ന മട്ടിലാണ് ഇപ്പോള്‍ കേന്ദ്രഏജന്‍സികളുടെ വരവ്.

കിഫ്ബി അതിന്റെ അടിസ്ഥാനനിലപാടില്‍ ഉറച്ചുനിന്നു. ലോകത്തിന്റെ അംഗീകാരം നേടിയ വിദഗ്ധരാണ് കിഫ്ബിയുടെ ബോര്‍ഡില്‍ ഉള്ളത്. അതിന്റെ ഓഡിറ്റ് നടത്തുന്നതും അതിപ്രശസ്തരായ സാമ്പത്തിക വിദഗ്ധരടങ്ങുന്നതാണ്. അത്തരമൊരു പ്രൊഫഷണല്‍ സ്ഥാപനത്തെ ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താന്‍ കഴിയുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ തെരഞ്ഞെടുപ്പില്‍ എന്താണ് ചെയ്യേണ്ടതെന്ന് നേരത്തേ തീരുമാനിച്ച മട്ടിലാണ് ജനങ്ങള്‍ പ്രതികരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യഘട്ടം മുതല്‍ കാണാനാകുന്നത് വന്‍ജനാവലിയെയാണ്. എല്‍ഡിഎഫിന്റെ ജനകീയ അടിത്തറ വളരെ വിപുലമായിരിക്കുന്നു എന്നാണ് ഇത് തെളിയിക്കുന്നത്. നേരത്തേ എല്‍ഡിഎഫിനൊപ്പമല്ലാതിരുന്ന വലിയ ജനവിഭാഗം ഇന്ന് ഒപ്പമുണ്ട്.

ഇത് ചെറിയ അസ്വസ്ഥതയല്ല നമ്മുടെ നാട്ടിലെ ചിലര്‍ക്ക് ഉണ്ടാക്കുന്നത്. ഒരു സര്‍ക്കാരിന് ചെയ്യാവുന്നതിന്റെ പരമാവധി ഈ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തു എന്ന പൊതുവികാരമാണ് ജനത്തിനുള്ളത്. നടക്കില്ല എന്ന് കണക്കാക്കിയ പല പദ്ധതികളും കണ്‍മുന്നില്‍ യാഥാര്‍ത്ഥ്യമായി നില്‍ക്കുന്നു.

കോണ്‍ഗ്രസിനും യുഡിഎഫിനും ബിജെപിക്കും ഈ മാറ്റങ്ങളോട് വല്ലാത്തൊരു അപ്രിയമാണ്. നാട്ടില്‍ ഒരു വികസനകാര്യങ്ങളും നടക്കാന്‍ പാടില്ലെന്നാണ് ഇവരുടെ ആഗ്രഹം. ഈ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്ന കിഫ്ബിയെ ഇല്ലാതാക്കാം എന്ന ചിന്തയോടെയായി ഇവരുടെ പുറപ്പാട്.

കിഫ്ബി ആരെങ്കിലും ഒരുദിവസം പെട്ടെന്ന് തട്ടിക്കൂട്ടി ഉണ്ടാക്കിയ കാര്യമല്ല, നിയമസഭയുടെ ഉല്‍പന്നമാണ്. ഒരു സാമ്പത്തിക സ്ഥാപനം എന്ന നിലയ്ക്ക് അതിന് അനുമതി വേണ്ടത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നാണ്. ആര്‍ബിഐയാണ് കിഫ്ബിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത്.

ആര്‍ബിഐ അനുമതിയോടെയാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നതെന്ന് പാര്‍ലമെന്റില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചതാണ്. കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം തകര്‍ന്നുവീഴുന്ന അവസ്ഥയാണ് കണ്ടത്. അതില്‍ സ്വാഭാവികമായും കോണ്‍ഗ്രസിനും ബിജെപിക്കും വിഷമമുണ്ടാകും. എന്നാലും തങ്ങള്‍ വിടില്ല എന്ന നിലയില്‍ ഈ ശക്തികളെല്ലാം യോജിച്ച് ഇന്‍കംടാക്‌സുകാരെ പറഞ്ഞയച്ചിരിക്കുകയാണ്.

സാധാരണ നിലയില്‍ കിഫ്ബി പോലുള്ള സംവിധാനങ്ങളില്‍ നിന്ന് വിവരങ്ങള്‍ അറിയണമെങ്കില്‍ ഇന്‍കംടാക്‌സിന് അതിന്റേതായ മാര്‍ഗങ്ങളുണ്ട്. അവര്‍ക്കത് ചോദിക്കാം. ആ ചോദ്യത്തിന് സ്വാഭാവികമായുള്ള മറുപടി കിഫ്ബിയില്‍ നിന്നുണ്ടാകുകയും ചെയ്യും. പിന്നെ എന്തിനാണ് ഓഫീസില്‍ ചെന്നുകയറിയുള്ള പരിശോധന? ഫെഡറല്‍ തത്വം മാനിക്കുന്ന നിലയുണ്ടെങ്കില്‍ ഇത്തരമൊരു സ്ഥിതിയുണ്ടാകില്ല.

തങ്ങള്‍ക്ക് ഇഷ്ടംപോലെ സംസ്ഥാനങ്ങളുടെ അധികാരാവകാശങ്ങളില്‍ കൈകടത്താം എന്ന തോന്നല്‍ ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കുന്നതല്ല. സംസ്ഥാനവും കേന്ദ്രവും തമ്മില്‍ പാലിക്കേണ്ട മര്യാദയ്ക്കും ചേരാത്ത നടപടിയാണത്. അധികാരം ഉണ്ടെന്ന് വെച്ച് എവിടെയും ചെന്നുകയറാനാകില്ല.

കിഫ്ബിയുടെ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ പാഞ്ഞുകയറിയത് അവരുടെ വ്യക്തിപരമായ താല്‍പര്യംകൊണ്ടല്ല. ഉദ്യോഗസ്ഥരുടെ മുകളിലുള്ള കേന്ദ്രസര്‍ക്കാരും മന്ത്രിസഭയുമുണ്ട്. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ടുള്ള അവരുടെയെല്ലാം ഇടപെടലാണ് ഇവിടെയുണ്ടായിരിക്കുന്നത്.

കിഫ്ബിയെ ഒരു ചുക്കും ചെയ്യാനാകില്ല. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നത്. അപമാനിതമാകുന്നത് കേന്ദ്രസര്‍ക്കാരും അവരുടെ വകുപ്പുകളുമാണ്. കേരളത്തിലെ ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിയുന്നുണ്ട്. നാട്ടില്‍ ഉയര്‍ന്ന സ്‌കൂളുകള്‍, ആശുപത്രികള്‍ ഒട്ടേറെ പദ്ധതികള്‍ കിഫ്ബി മുഖേനെയാണ് നടപ്പാക്കിയത്. നാടിന്റെ വികസനം തകര്‍ക്കാനുള്ള നീക്കത്തെ ഒരുരത്തിലും അംഗീകരിക്കില്ല. കൃത്യമായ മറുപടി തെരഞ്ഞെടുപ്പിലൂടെ തന്നെ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.