കോൺഗ്രസിന്റെ സർവനാശത്തിന്‌ ഉത്തരവാദി എ കെ ആന്റണിയും : പി സി ചാക്കോ

0
165

കോൺഗ്രസിന്റെ സർവനാശത്തിന്‌ കാരണക്കാരിൽ ഒരാൾ എ കെ ആന്റണിയാണെന്ന്‌ എൻസിപി നേതാവ്‌ പി സി ചാക്കോ. ഇടതുപക്ഷത്തിന്‌ തുടർഭരണമുണ്ടായാൽ സർവനാശമെന്ന്‌ പറയുന്ന ആന്റണി, കോൺഗ്രസ്‌ ഈ അവസ്ഥയിലെത്തിയത്‌ എങ്ങനെയെന്ന്‌ പറയണമെന്നും ചാക്കോ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആയിരം വീട്‌ നിർമിച്ചുനൽകുമെന്ന്‌ പറഞ്ഞ കെപിസിസി രണ്ടരക്കൊല്ലമായിട്ടും പകുതി വീടുകൾ പോലും നിർമിച്ചില്ല. ഇപ്പോൾ എംഎൽഎമാരുടെ നേതൃത്വത്തിലുണ്ടാക്കിയ വീടുകളുടെ എണ്ണവും ഈ പട്ടികയിൽ ഉൾപ്പെടുത്തുകയാണ്‌.

എന്നിട്ടും 540 വീടുകളേ ആയിട്ടുള്ളൂ. കെപിസിസി വിചാരിച്ചാൽ ആയിരം വീട്‌ നിർമിക്കാൻ പോലും കഴിയില്ലെന്നതാണ്‌ സ്ഥിതി. ഭവന നിർമാണത്തിനായി മോത്തിലാൽ വോറ രണ്ടുകോടിയും കർണാടക പിസിസി ഒരു കോടിയും നൽകിയെന്നാണ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ പറയുന്നത്‌. ഇതിന്റെ കണക്കുകൾ തനിക്കറിയില്ല. കെപിസിസിയാണ്‌ ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത്‌.

സ്വന്തം ദൗർബല്യം കാണാതെയാണ്‌ ‌ രണ്ടരലക്ഷം വീടുകൾ നിർമിച്ചു‌ നൽകിയ സർക്കാരിനെ യുഡിഎഫ് വിമർശിക്കുന്നത്‌.കേരളത്തിലെ ആത്മാർഥതയുള്ള പ്രവർത്തകർ ഇനിയും കോൺഗ്രസിൽ നിന്ന്‌ പുറത്തുവരും. അവരെ ഏകോപിപ്പിക്കാനുള്ള ചുമതല തങ്ങൾ നിർവഹിക്കും. സ്വന്തം ഉത്തരവാദിത്തം നിറവേറ്റാതെയാണ്‌ പ്രതിപക്ഷം ഇരട്ടവോട്ടെന്ന പുകമറ സൃഷ്ടിക്കുന്നതെന്നും ചാക്കോ പറഞ്ഞു.

കോൺഗ്രസ്‌ വിട്ട കെപിസിസി മുൻ ജനറൽ സെക്രട്ടറി പി എം സുരേഷ്‌ ബാബുവും ചാക്കോ‌യോടൊപ്പമുണ്ടായിരുന്നു. നേരത്തെ എൻസിപിയിലുണ്ടായിരുന്ന രണ്ടുപേർ തിരിച്ചുപോയെന്നാണ്‌ തന്നെയും ചാക്കോയെയും ഉദ്ദേശിച്ച്‌ മുല്ലപ്പള്ളി പറഞ്ഞത്‌. ചരിത്രബോധമില്ലാത്തതിനാലാണ്‌ ഇത്തരം മറുപടികൾ. ആരോ പറയുന്നതനുസരിച്ചുള്ള പ്രസ്‌താവനയായി ഇതിനെ കണ്ടാൽ മതിയെന്നും സുരേഷ്‌ ബാബു പറഞ്ഞു. എൽഡിഎഫ്‌ ജില്ലാ കൺവീനർ മുക്കം മുഹമ്മദും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.