തലസ്ഥാനത്ത്‌ കെപിസിസി സെക്രട്ടറിക്കടക്കം ഇരട്ട വോട്ട്

0
101

കെപിസിസി സെക്രട്ടറിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ വി എസ്‌ ഹരീന്ദ്രനാഥിനും കുടുംബത്തിനും ഇരട്ട വോട്ട്‌. ഹരീന്ദ്രനാഥിന് തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ 51-ാം- നമ്പർ ബൂത്തിലും (യുഎച്ച്‌ഇ 0071142) നെയ്യാറ്റിൻകര മണ്ഡലത്തിലെ 81–-ാം നമ്പർ ബൂത്തിലും (കെ കെഎൽ 1798701) വോട്ടുണ്ട്. ഭാര്യ ആശ, മക്കളായ രേവതിനാഥ്, രാഹുൽനാഥ് എന്നിവർക്ക് 51-––ാം നമ്പർ ബൂത്തിനു പുറമെ വട്ടിയൂർക്കാവ് മണ്ഡലത്തിലെ 89–-ാം ബൂത്തിലും വോട്ടുണ്ട്.

ആശ (യുഎച്ച്‌ഇ 007134, വൈയുസി 9563479) രേവതി നാഥ് (യുഎച്ച്‌ഇ 0071126, വൈയുസി 95 70912), രാഹുൽനാഥ് (യുഎച്ച്‌ഇ 0126094 , വൈയുസി 95 70748) എന്നീ നമ്പരുകളിലാണ്‌ ഇരട്ട വോട്ട്.

ഡിസിസി സെക്രട്ടറിയും കോർപറേഷൻ കൗൺസിലറുമായ ആർ ഹരികുമാറിന്‌ വോട്ടർ പട്ടികയിൽ അടുത്തടുത്തായാണ് ഇരട്ട വോട്ട്. ക്രമനമ്പർ 673ഉം 674ഉം ഹരികുമാറിന്റെ വോട്ടുകളാണ്‌. തദ്ദേശ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ നഗരസഭയിൽ കോൺഗ്രസ്‌ സ്ഥാനാർഥിയായി മത്സരിച്ചയാൾക്ക്‌ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിൽ രണ്ട്‌ വോട്ട്‌.

തദ്ദേശ തെരഞ്ഞെടുപ്പിൽ കച്ചേരി വാർഡിൽനിന്ന്‌ കോൺഗ്രസ്‌ സ്ഥാനാർഥിയായി മത്സരിച്ച ജി ഗിരിജകുമാരിക്കാണ് രണ്ട് വോട്ട്. രണ്ടിലും ഒരേ വിലാസം ആണെങ്കിലും തിരിച്ചറിയൽ നമ്പരുകൾ വ്യത്യസ്‌തമാണ്‌.

ഭാഗം 149ൽ കൂട്ടിച്ചേർത്ത പട്ടികയിൽ 1012 ക്രമനമ്പരായും ഭാഗം 150ൽ 340 ക്രമനമ്പരായുമാണ്‌ പേരുള്ളത്‌. കെഎൽ/19/128/231286, ആർസി 19641515 തിരിച്ചറിയൽ നമ്പരുകളാണ്‌ പട്ടികയിലുള്ളത്‌. ഭാഗം 149ൽ 1013 ക്രമനമ്പരായി ഗിരിജകുമാരിയുടെ സഹോദരി ജലജകുമാരിയുടെ പേരുണ്ടെങ്കിലും രണ്ടിലും ഫോട്ടോ ഒന്നാണ്‌. മലയിൻകീഴ്‌ പഞ്ചായത്തിലെ മഞ്ചാടി വാർഡ്‌ മെമ്പർ കോൺഗ്രസുകാരിയായ സിന്ധുവിന്‌ ഒരേ വിലാസത്തിലാണ്‌ ഇരട്ട വോട്ടുകൾ.