യുഡിഎഫ്‌ നിലപാട്‌ വർഗീയതയെ പ്രോത്സാഹിപ്പിക്കൽ: എം എ ബേബി

0
84

ബിജെപി വോട്ട്‌ വേണ്ടെന്ന്‌ പറയില്ലെന്ന യുഡിഎഫ്‌ നിലപാട്‌ വർഗീയതയെ പ്രോത്സാഹിപ്പിക്കലാണെന്ന്‌ സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ജമാ അത്തെ ഇസ്ലാമിപോലുള്ള വർഗീയശക്തികളുമായി ഒളിഞ്ഞും തെളിഞ്ഞും സഖ്യമുണ്ടാക്കിയാണ്‌ യുഡിഎഫ്‌ മത്സരിക്കുന്നത്‌.

മറ്റു മതവിശ്വാസികൾക്കെതിരെ കലാപമുണ്ടാക്കി സമൂഹത്തെ നാശത്തിലേക്കു നയിക്കാനാണ്‌ ബിജെപി ശ്രമിക്കുന്നത്‌. അവരുമായും ധാരണയിലാണ്‌ കോൺഗ്രസ്‌. -വൈപ്പിൻ മണ്ഡലത്തിൽ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു എം എ ബേബി.

മതവിശ്വാസികൾക്ക്‌ മതനിരപേക്ഷ സമൂഹത്തിൽ എല്ലാ സ്വാതന്ത്ര്യവും വേണം. എന്നാൽ മതത്തിനെ ദുർവ്യാഖ്യാനം ചെയ്യുന്ന വർഗീയതയെ അംഗീകരിക്കാനാകില്ല.

യുഡിഎഫും ബിജെപിയും ഒളിഞ്ഞും തെളിഞ്ഞും വർഗീയത കുത്തിവയ്‌ക്കാനെത്തിയപ്പോൾ അതിനെതിരെ ജാഗ്രത പുലർത്തി ജനങ്ങളെ ഒരുമിപ്പിച്ചു നിർത്തി നേരിടുകയായിരുന്നു എൽഡിഎഫ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തനാളുകളിൽ ജനങ്ങളെ ചേർത്തുപിടിച്ചു സംരക്ഷിച്ച എൽഡിഎഫ് സർക്കാർ ലോകരാജ്യങ്ങൾ ശ്രദ്ധിക്കുന്ന അഭിമാനകരമായ മാറ്റങ്ങളാണ് കേരളത്തിൽ വരുത്തിയത്‌. ഇനിയും ഏറെക്കാര്യങ്ങൾ ചെയ്യാനുണ്ട്. അതിന് ഈ സർക്കാരിന്റെ തുടർച്ച അനിവാര്യമാണെന്നും ബേബി പറഞ്ഞു.