Wednesday
17 December 2025
30.8 C
Kerala
HomePoliticsതീവ്രഹിന്ദുത്വ നയങ്ങൾ, ഭീതി നിറച്ച്‌ ബിജെപി വർഗീയ പത്രിക

തീവ്രഹിന്ദുത്വ നയങ്ങൾ, ഭീതി നിറച്ച്‌ ബിജെപി വർഗീയ പത്രിക

ഉത്തരേന്ത്യൻ മാതൃകയിൽ തീവ്ര വർഗീയ അജൻഡ കുത്തിനിറച്ച്‌ എൻഡിഎയുടെ തെരഞ്ഞെടുപ്പ്‌ പത്രിക. ന്യൂനപക്ഷ സമുദായങ്ങളിൽ ഭീതിവിതയ്ക്കുന്ന പദ്ധതികളുമായി മറയില്ലാത്ത തീവ്രഹിന്ദുത്വ നയങ്ങളാണ്‌ പ്രകടനപത്രികയിലാകെ.

യു പി, ഗുജറാത്ത്‌ മാതൃകയിലാണ്‌ പ്രഖ്യാപനങ്ങൾ. ഏറെയും മുസ്ലിം–-ക്രൈസ്‌തവ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ളത്‌‌. ഇതിനെതിരെ മുസ്ലിംലീഗിനും കോൺഗ്രസ്സിനും പ്രതികരണമില്ല

ലൗ ജിഹാദിനെതിരായ നിയമമെന്ന്‌ പറയുമ്പോൾ മാതൃക യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശാണ്‌. ലോക്‌സഭയിൽ നൽകിയ മറുപടിയിൽ കേരളത്തിൽ ലൗ ജിഹാദില്ലെന്നാണ്‌ പറയുന്നത്‌‌. എന്നാൽ വോട്ടിനായി ബിജെപി വർഗീയവാദം പുറത്തെടുക്കുന്നു. മലപ്പുറം ഭീകരരുടെ താവളം, കേരളം തീവ്രവാദികളുടെ ആസ്ഥാനം എന്നെല്ലാം ‌ കേന്ദ്രമന്ത്രിമാരടക്കം ‌ തുടർച്ചയായി ഉന്നയിക്കുന്ന ആക്ഷേപങ്ങളാണ്‌.

അതും പ്രകടനപത്രികയിൽ സ്ഥാനംപിടിച്ചു. കേരളത്തിലേക്ക്‌ വിദേശ പണം വരുന്നത്‌ അന്വേഷിക്കുമെന്ന്‌ പറയുന്നതിനു‌ പിന്നിലും രഹസ്യ അജൻഡയാണ്‌. ശബരിമല വിഷയമുന്നയിക്കുന്നതിലും ലക്ഷ്യം ധ്രുവീകരണം തന്നെ. സംഘപരിവാറിലെ ഒരു വിഭാഗംകൂടി ചേർന്ന്‌ അട്ടിമറിച്ച മാറാട്‌ കൂട്ടക്കൊല അന്വേഷിക്കുമെന്നതിനും മറ്റു‌ ലക്ഷ്യങ്ങളാണ്‌.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന്‌ ആവർത്തിച്ചിട്ടുണ്ട്‌. സംസ്ഥാന സർക്കാരിനെതിരായും വികസന നേട്ടങ്ങളെ അവഹേളിച്ചും കഴിഞ്ഞ ദിവസവും അമിത് ‌ഷാ പ്രതികരിച്ചു. എന്നാൽ ഈ ഭീഷണിക്കെതിരെയൊന്നും യുഡിഎഫിന്‌ മിണ്ടാട്ടമില്ല. ന്യൂനപക്ഷത്തെ വേട്ടയാടാൻ ലക്ഷ്യമിട്ടുള്ള പ്രകടനപത്രികയെക്കുറിച്ചും മൗനമാണ്‌.

പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന്‌ ആവർത്തിച്ച മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുപക്ഷത്തെയും മുഖ്യശത്രുവാക്കിയുള്ള പ്രചാരണത്തിലാണ്‌ ലീഗ്‌. ആർഎസ്‌എസ്‌ എന്നോ അമിത്‌ ഷായെന്നോ പേരു‌പോലും പി കെ കുഞ്ഞാലിക്കുട്ടിയുൾപ്പെടെ ഒരു ലീഗ്‌ നേതാവും പറയുന്നില്ല. ‌

വർഗീയ വിഷം ബിജെപി പരസ്യമാക്കുമ്പോഴും ലീഗ്‌ കാട്ടുന്ന ഈ സൂക്ഷ്‌മത സമുദായ സംഘടനകളും ലീഗ്‌ അണികളും വിലയിരുത്തുന്നുണ്ട്‌. സമസ്‌ത, മുജാഹിദ്‌ സംഘടനാ കേന്ദ്രങ്ങളൊക്കെ ആശങ്കാകുലരാണ്‌. ലീഗ്‌ ഇത്‌ കണ്ടില്ലെന്നു‌ നടിക്കുന്നത്‌ ഈ സംഘടനകളെയും അസ്വസ്ഥരാക്കുന്നുണ്ട്‌.

RELATED ARTICLES

Most Popular

Recent Comments