കേരളത്തിന് അഭിമാനം, രാജ്യത്തെ ആദ്യ ട്രൈബൽ എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ച് പാലോട്‌

0
140

കേരളത്തിന് അഭിമാനമായി രാജ്യത്തെ ആദ്യ ട്രൈബൽ എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ച് എവിടെയാണ് എന്ന ചോദ്യത്തിന്‌ ഉത്തരം വാമനപുരം മണ്ഡലത്തിലെ പാലോട്‌ എന്നാണ്.

ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ദേശീയ എണ്ണപ്പന ഗവേഷണകേന്ദ്രം തുടങ്ങിയ വിഖ്യാത സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന പാലോടിന്‌ രാജ്യത്തെ ആദ്യത്തേത് എന്ന നേട്ടം അവകാശപ്പെടാൻ മറ്റൊന്നുകൂടി സ്വന്തമായത്‌ ഡി കെ മുരളി എംഎൽഎയുടെ നിരന്തര ശ്രമഫലമായാണ്‌.

2018 ഒക്ടോബറിലാണ് രണ്ട് വാടകമുറിയിലായി എക്സ്ചേഞ്ച് പ്രവർത്തനമാരംഭിച്ചത്. ഇന്ന് മൂന്നു നിലയിലായി 1.44 കോടി ചെലവിൽ പുതിയ കെട്ടിടം ഉയർന്നു. സർക്കാർ ജോലി നേടാനുള്ള പരിശീലനത്തിനും മാർഗനിർദേശങ്ങൾക്കുമായി കരിയർ ഡെവലപ്മെന്റ് സെന്ററും ഇതോടൊപ്പം പ്രവർത്തിക്കുന്നു.

ഊരുക്കൂട്ടം, ഗോത്രബന്ധു എന്നിവയുടെ ഏകോപനത്തോടെ ഈ സ്ഥാപനത്തിന്റെ പ്രവർത്തനം ശക്തിപ്പെടുത്തി പരമാവധി അഭ്യസ്തവിദ്യരായ ആദിവാസികൾക്ക് തൊഴിൽ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

വിസ്തൃതിയുടെ അടിസ്ഥാനത്തിൽ ജില്ലയിലെ ഏറ്റവും വലിയ ഗ്രാമപഞ്ചായത്തായ പെരിങ്ങമ്മലയിലെ ആദിവാസി ഊരുകളിൽപ്പെട്ടവർക്കുകൂടി എളുപ്പത്തിൽ എത്താൻ കഴിയുന്ന വിധത്തിലുള്ള സ്ഥാപനത്തെ വിദ്യാസമ്പന്നരായ ചെറുപ്പക്കാർ ആഹ്ലാദത്തോടെയാണ് എതിരേറ്റത്. ആദിവാസി ഊരുകൾ ഏറെയുള്ള കിഴക്കൻ മലയോര മേഖലയ്‌ക്കാകെ പ്രയോജനപ്പെടുന്ന സ്ഥാപനമായി ട്രൈബൽ ഗവ. എംപ്ലോയ്മെന്റ്‌ എക്സ്ചേഞ്ച് മാറി.

പട്ടികജാതി പട്ടികവർഗവിഭാഗങ്ങളിലെ അഭ്യസ്തവിദ്യർക്ക് ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഏറെ നേട്ടം കൈവരിക്കാനും ട്രൈബൽ എംപ്ലോയ്മെന്റ്‌ എക്സ്ചേഞ്ച് സഹായകമാണ്‌. മാതൃകാപരമായ പദ്ധതികൾ ഏറ്റെടുക്കുകയും പുതിയ സ്ഥാപനങ്ങൾ എത്തിക്കുകയും മണ്ഡലത്തിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയുടെ പ്രവർത്തനങ്ങൾ അതിവേഗം പൂർത്തീകരിക്കുകയും ചെയ്തത്‌ എൽഡിഎഫിനായി വീണ്ടും ജനവിധി തേടുന്ന ഡി കെ മുരളിയുടെ ജനകീയത ഉയർത്തിയിട്ടുണ്ട്‌.