കേന്ദ്ര അന്വേഷണ ഏജൻസിക്കെതിരെ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ സർക്കാർ തീരുമാനം

0
127

കേന്ദ്ര അന്വേഷണ എജൻസികൾക്ക്‌ എതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചു. ഹൈക്കോടതി റിട്ടയേഡ്‌ ജഡ്‌ജി ജസ്റ്റിസ് വി.കെ. മോഹനൻ ആണ് കമ്മീഷൻ അധ്യക്ഷൻ. വെള്ളിയാഴ്‌ച മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

സ്വർണ്ണക്കടത്ത്‌ കേസ്‌ അന്വേഷണത്തിന്റെ മറവിൽ ഒട്ടേറെ നിയമവിരുദ്ധ നടപടികളിൽ കേന്ദ്ര അന്വേഷണ എജൻസികൾ ഏർപ്പെടുന്നതായി ആരോപണം ഉയർന്നിരുന്നു. നേരത്തേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ, സരിത്തിന്റെ കത്ത് തുടങ്ങിയവ ഉൾപ്പെടെ അഞ്ചു വിഷയങ്ങളാണ് കമ്മിഷന്റെ പരിഗണനയിൽ ഉൾപ്പെടുന്നത്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി. ഉദ്യോഗസ്ഥർ പ്രതികൾക്കു മേൽ സമ്മർദം ചെലുത്തി എന്ന്‌ തെളിവുകൾ പുറത്തുവന്നിരുന്നു. അത്തരത്തിൽ സമ്മർദം ചെലുത്തിയെങ്കിൽ അതിനു പിന്നിൽ ആരൊക്കെ ഉണ്ടെന്നും ഗൂഢാലോചനയുണ്ടോ എന്നും കമ്മിഷൻ അന്വേഷിക്കും.

ജുഡീഷ്യൽ കമ്മിഷനെ നിയമിച്ച ഉത്തരവിന് ഇനി തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം വേണം. തെരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി ലഭിച്ച ശേഷമേ ഉത്തരവ്‌ ഉണ്ടാകൂ.