വെൽഫെയർ പാർടി മത്സരിക്കുന്നത് 16 സീറ്റിൽ മാത്രം- പിൻമാറ്റാം ലീ​ഗുമായുള്ള വോട്ടുകച്ചവട ധാരണയെ തുടർന്നോ?

0
83

വെൽഫെയർ പാർടി നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറിയത് യുഡിഎഫുമായുള്ള രഹസ്യധാരണയിലെന്ന്‌ ‌സൂചന. വെൽഫെയർ പാർടി ഇത്തവണ 19 സീറ്റിൽ മാത്രമാണ് മത്സരിക്കുന്നത്‌. ഇത് യുഡിഎഫുമായുണ്ടാക്കിയ വോട്ട്‌കച്ചവട ധാരണയെ തുടർന്നാണെന്ന് വിവിധ രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നു.

2016 ലെ തെരഞ്ഞെടുപ്പിൽ 41 മണ്ഡലങ്ങളിൽ വെൽഫെയർ പാർടി മത്സരിച്ചത്. ഇത്തവണ 50 സീറ്റിൽ മത്സരിക്കുമെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ ഹമീദ്‌ വാണിയമ്പലം പ്രഖ്യാപിച്ചിരുന്നു. എന്നാൽ വെൽഫെയർ നേതാക്കളെ ഇരുട്ടിലാക്കി ജമാഅത്തെ നേതാക്കൾ ലീഗുമായി ഒത്തുതീർപ്പിലെത്തുകയായിരുന്നു.

തുടർ ഭരണം ആപത്താണെന്നും താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ലീഗുള്ള ഭരണമാണ്‌ നല്ലതെന്നും‌ ജമാഅത്തെയിലെ ഒരുവിഭാഗം നിലപാടെടുത്തിരുന്നു‌. ഇതിനായി കോൺഗ്രസ്‌ തോറ്റാൽ ബിജെപിക്കാണ്‌ നേട്ടമെന്ന പ്രചാരണം ഒരു മാസത്തിലധികമായി ജമാഅത്തെ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്‌. ആരാധനാലയങ്ങളടക്കം മറയാക്കിയാണ്‌ പ്രചാരണം. ഇതിന്റെ തുടർച്ചയായാണ്‌ സ്വന്തം പാർടിയായ വെൽഫെയറിനെ മത്സരരംഗത്ത്‌ ഒതുക്കിയുള്ള തന്ത്രം.

വെൽഫെയറിന്‌ 19 സീറ്റിൽ മത്സരിക്കാനുള്ള ചെലവടക്കം വഹിക്കാനുള്ള ‘ഓഫർ’ ലീഗ്‌ ഉന്നതരിൽനിന്ന്‌ ഉറപ്പാക്കിയതായി ജമാഅത്തെയിലെ ഒരുവിഭാഗം സൂചിപ്പിക്കുന്നു. പ്രത്യുപകാരമായാണ്‌ ലീഗിന്‌ ക്ഷീണമുണ്ടാക്കാത്ത വിധം സ്ഥാനാർഥികളെ നിർത്തിയത്‌. ശക്തികേന്ദ്രങ്ങളെന്ന്‌ അവകാശപ്പെടുന്ന മങ്കട, പെരിന്തൽമണ്ണ, തിരുവമ്പാടി, കുറ്റ്യാടി, അഴീക്കോട്‌ എന്നിവിടങ്ങളിലൊന്നും വെൽഫെയർ മത്സരിക്കുന്നില്ല.

തദ്ദേശ തെരഞ്ഞെടുപ്പിലെ പരസ്യ സഖ്യത്തിൽ തെക്കൻ കേരളത്തിലുണ്ടായ തിരിച്ചടി, ക്രിസ്‌ത്യൻ വോട്ടുകളിലുണ്ടായ നഷ്ടം ഇവ പറഞ്ഞാണ്‌ ഇക്കുറി രഹസ്യധാരണ‌. വെൽഫെയർ വോട്ട്‌‌ സ്വീകരിക്കുമെന്ന്‌ മുസ്ലിംലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം സമ്മതിച്ചതും ധാരണ വ്യക്തമാക്കുന്നതാണ്‌. അതേസമയം മതതീവ്രവാദികളായ ജമാഅത്തെയുമായി ലീഗിലൂടെ യുഡിഎഫുണ്ടാക്കുന്ന കൂട്ടുകെട്ട്‌ കണ്ടില്ലെന്ന്‌ നടിക്കയാണ്‌ കോൺഗ്രസ്‌. സഖ്യമില്ലെന്ന്‌ പരസ്യമായി പറയാൻ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനടക്കം തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയം.