കയ്‌പമംഗലത്തെ യുഡിഎഫ് സ്ഥാനാർഥി ശോഭ സുബിന് മൂന്ന്‌ വോട്ട്

0
54

കയ്‌പമംഗലത്തെ യുഡിഎഫ് സ്ഥാനാർഥി ശോഭ സുബിന് മൂന്നിടത്ത്‌ വോട്ട്‌. കേരളത്തിൽ നിരവധിയാളുകൾക്ക്‌ ഒന്നിലേറെ വോട്ടുണ്ടെന്ന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല നിരന്തരം ആരോപണമുന്നയിക്കുന്നതിനിടെയാണ്‌ കെഎസ്‌യു മുൻ ജില്ലാ ഭാരവാഹികൂടിയായ സ്ഥാനാർഥിക്ക്‌ മൂന്നുവോട്ടുള്ള വിവരം പുറത്തായത്‌.

രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ രണ്ട് ബൂത്തുകളിലായാണ്‌ മൂന്ന് വോട്ടുകൾ. ഒരു ബൂത്തിലെ വോട്ടർ പട്ടികയിൽത്തന്നെ രണ്ട്‌ ക്രമനമ്പറുകളിലായി രണ്ട് തിരിച്ചറിയൽ കാർഡുള്ളതായും കണ്ടെത്തി. തെരഞ്ഞെടുപ്പു കമീഷന്റെ വെബ്‌സൈറ്റിലും മൂന്നുവോട്ടുള്ള കാര്യം വ്യക്തമാണ്‌.

നാട്ടിക നിയോജക മണ്ഡലത്തിലെ വലപ്പാട് പഞ്ചായത്തിലെ ബൂത്ത്‌ നമ്പർ 144 ലാണ്‌ ശോഭ സുബിന്‌ രണ്ട്‌വോട്ടും രണ്ട്‌ തിരിച്ചറിയൽ കാർഡുമുള്ളത്‌. ഈ ബൂത്തിൽ ക്രമനമ്പർ പത്തിലും ക്രമനമ്പർ 1243 ലുമാണ്‌ വോട്ടുള്ളത്. കയ്പമംഗലം നിയോജക മണ്ഡലത്തിലെ കയ്പമംഗലം പഞ്ചായത്തിൽ ബൂത്ത്‌ നമ്പർ 27 ൽ ക്രമനമ്പർ 763 ലും വോട്ടുണ്ട്‌. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 31 പ്രകാരം ഒരു വർഷം തടവും പിഴയും ലഭിക്കുന്ന കുറ്റമാണിത്‌‌.

ശോഭ സുബിനെതിരെ ഇലക്ഷൻ കമീഷനും ജില്ലാ കലക്ടർക്കും റിട്ടേണിങ്‌ ഓഫീസർക്കും എൽഡിഎഫ്‌ കയ്പമംഗലം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ടി കെ സുധീഷ് പരാതി നൽകി.