സ്വയം പുല്ലു തിന്നുകയോ പശുവിനെ തിന്നാൽ അനുവദിക്കാതിരിക്കുകയോ ചെയ്യുന്ന ജീവിയുടെ ശൈലി പ്രതിപക്ഷത്തിന് ഭൂഷണമല്ല : തോമസ് ഐസക്

0
116

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ കടുത്ത വിമർശനവുമായി ധനമന്ത്രി തോമസ് ഐസക്. സംസ്ഥാന സർക്കാർ നടപ്പാക്കിയ എല്ലാ പദ്ധതികളും നിർത്തലാകുമെന്നുള്ള ചെന്നിത്തലയുടെ പരാമർശത്തെയാണ് തോമസ് ഐസക് വിമർശിച്ചത്.

ചരിത്രം കണ്ട ഏറ്റവും അസാധാരണക്കാരനായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് എന്ന് നിസംശയം പറയാം. അദ്ദേഹത്തിന് സമനായി ലോകത്ത് മറ്റാരും ഉണ്ടാകാനും ഇടയില്ലെന്നും സ്വയം പുല്ലു തിന്നുകയോ പശുവിനെ തിന്നാൽ അനുവദിക്കാതിരിക്കുകയോ ചെയ്യുന്ന ജീവിയുടെ ശൈലി പ്രതിപക്ഷത്തിന് ഭൂഷണമല്ല എന്നും ധനമന്ത്രി പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

ചരിത്രം കണ്ട ഏറ്റവും അസാധാരണക്കാരനായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് എന്ന് നിസംശയം പറയാം. അദ്ദേഹത്തിന് സമനായി ലോകത്ത് മറ്റാരും ഉണ്ടാകാനും ഇടയില്ല. സർക്കാർ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് എത്രയും വേഗം എത്തിച്ചു കൊടുക്കാനുള്ള ഇടപെടലുകളാണ് പ്രതിപക്ഷം ചെയ്യുക എന്ന പൊതുബോധത്തിന്റെ കടയ്ക്കലാണ് ചെന്നിത്തല കഴിഞ്ഞ ദിവസം ആഞ്ഞുവെട്ടിയത്. ജനങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ മുടക്കാൻ നിൽക്കുന്ന പ്രതിപക്ഷ നേതാവ് എന്ന കീർത്തിയാണ് അദ്ദേഹത്തെ സംബന്ധിച്ച് അഭികാമ്യം. നമുക്കെന്തു ചെയ്യാൻ പറ്റും?

ഒരു പ്രത്യേക സാഹചര്യത്തിലാണ് ഏപ്രിൽ മാസത്തെ ഭക്ഷ്യക്കിറ്റും പെൻഷനും മുൻകൂറായി നൽകേണ്ടി വന്നത്. ആ തീരുമാനം ഉത്തരവായി പുറത്തിറങ്ങിയത് ഫെബ്രുവരിയിലും. എന്തായിരുന്നു സാഹചര്യം? ഏപ്രിൽ ആദ്യവാരം തുടർച്ചയായ അവധി ദിനങ്ങളാണ്. ഈസ്റ്റർ നാലാം തീയതിയും വിഷു പതിനാലിനും. ഈസ്റ്ററിനു മുമ്പ് പെൻഷൻ എത്തിക്കണമെങ്കിൽ വലിയ മുന്നൊരുക്കങ്ങൾ നടത്തണം.

സഹകരണ ബാങ്കുകൾ വഴി ഒരു തവണ പെൻഷൻ വിതരണം ചെയ്യുന്നതിന് 10 കോടി രൂപയാണ് സർക്കാരിന് ചെലവ്. അപ്പോൾ ഒരു മാസത്തിൽ രണ്ടു തവണ വിതരണം ചെയ്യേണ്ടി വന്നാൽ 20 കോടി രൂപയാകും. അതൊഴിവാക്കുന്നതിനാണ് ഈസ്റ്ററിന് വിതരണം ചെയ്യുന്ന പെൻഷനൊപ്പം വിഷുക്കൈനീട്ടം കൂടി നൽകാൻ തീരുമാനിച്ചത്. ആ  തീരുമാനമെടുക്കുമ്പോൾ ഏപ്രിൽ ആറ് എന്ന ഇലക്ഷൻ തീയതി പ്രഖ്യാപിച്ചിട്ടേയില്ല.

ഇതൊന്നും അപ്രതീക്ഷിതമായി ചെയ്തതല്ല. വർദ്ധിപ്പിച്ച പെൻഷൻ തുകയായ 1600 രൂപ വിഷുവിനു മുമ്പ് വിതരണം ചെയ്യുമെന്ന് ഞാൻ തന്നെ ഫെബ്രുവരി മാസത്തിൽ പരസ്യമായി വ്യക്തമാക്കുകയും ചെയ്തിരുന്നു. അന്നൊന്നും ഒരു എതിർപ്പും പ്രതിപക്ഷമോ പ്രതിപക്ഷ നേതാവോ ഉന്നയിച്ചിട്ടില്ല.

 

ഫെബ്രുവരി 10ന്റെ പത്രങ്ങൾ നോക്കിയാൽ പ്രതിപക്ഷ നേതാവിന് അക്കാര്യം വ്യക്തമാകും. എതിർപ്പുണ്ടെങ്കിൽ അന്ന് പറയേണ്ടതായിരുന്നില്ലേ. എന്തുകൊണ്ടാണ് അന്ന് പറയാത്തത്?

സംശയം വേണ്ട. ഇതൊന്നും നടക്കാൻ പോകുന്നില്ല എന്നാണ് അവർ കരുതിയത്. യുഡിഎഫ് ഭരണകാലത്തെല്ലാം ക്ഷേമപെൻഷനുകൾ വൻതോതിൽ കുടിശിക വന്നിരുന്നല്ലോ. അതുപോലെയായിരിക്കും ഇത്തവണയുമെന്ന് അവർ കരുതി. അതങ്ങനെയല്ല എന്ന് മനസിലായപ്പോൾ, കിട്ടുന്നത് മുടക്കാനായി ശ്രമം.

കുട്ടികൾക്ക് സ്കൂളിൽ നിന്നുള്ള അരിവിതരണം നിർത്തിവെയ്ക്കാൻ തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കുന്നതൊന്നും ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാവിന് ചേർന്ന പണിയല്ല എന്ന് ഓർമ്മിപ്പിക്കട്ടെ. ജനങ്ങൾ പട്ടിണി കിടക്കാതിരിക്കാനാണ് സർക്കാർ അരിയും മറ്റു ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്യുന്നത്. വിശക്കുമ്പോഴാണ് ഭക്ഷണം കഴിക്കേണ്ടത്. അല്ലാതെ പ്രതിപക്ഷ നേതാവ് തീരുമാനിക്കുമ്പോഴല്ല.

തങ്ങൾ ഭരിക്കുമ്പോൾ കുടിശിക; എതിർപക്ഷം ഭരിച്ചാൽ മുട്ടുന്യായം പറഞ്ഞ് വിതരണം മുടക്കുക. സ്വയം പുല്ലു തിന്നുകയോ പശുവിനെ തിന്നാൽ അനുവദിക്കാതിരിക്കുകയോ ചെയ്യുന്ന ജീവിയുടെ ശൈലി പ്രതിപക്ഷത്തിന് ഭൂഷണമല്ല എന്ന് ഓർമ്മിപ്പിക്കട്ടെ.