മത്സ്യത്തൊ‍ഴിലാളികള്‍ സര്‍ക്കാറിനൊപ്പമാണ്; കള്ളക്കഥകള്‍ ജനം വിശ്വാസിക്കില്ലെന്ന് മുഖ്യമന്ത്രി

0
64

മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാനും ഫിഷറീസ്‌ വകുപ്പിനെതിരേയും പ്രചരിപ്പിക്കുന്ന ഇല്ലാക്കഥകൾ ജനം വിശ്വസിക്കില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. തീരദേശത്ത് എല്‍ഡിഎഫിന് എക്കാലത്തെക്കാളും ജനപിന്തുണ കൂടിയതാണ്‌ ഞങ്ങളുടെ അനുഭവം. എല്‍ഡിഎഫ് സര്‍ക്കാര്‍ തങ്ങളുടെയാകെ ജീവിതത്തോടാണ് ചേര്‍ന്ന് നില്‍ക്കുന്നത് എന്ന ബോധ്യം അവർക്കുണ്ട്‌. അത്‌ തെറ്റിദ്ധരിപ്പിക്കാനാണ്‌ യുഡിഎഫ്‌ ശ്രമം.

മൽസ്യ മേഖലയിലെ ആളുകളോട്‌ ബന്ധപ്പെട്ട സെക്രട്ടറിമാരെ കാണാനാണ്‌ പറയുക. എത്തരം കൂട്ടരാണ്‌ ഈ വന്നിട്ടുള്ളതെന്ന്‌ അറിയില്ലല്ലോ. പ്രതിപക്ഷ നേതാവിന്‌ ഒപ്പം ഇപ്പോഴുള്ള ആളും മുമ്പുള്ള ആളുമെല്ലാം ഇതുമായി ബന്ധപ്പെട്ടിട്ടുണ്ട്‌. മുഖ്യമന്ത്രിയുടെ ഓഫീസുമായി അവ ബന്ധപ്പെട്ടതിലും ദുരുദ്ദേശമാണ്‌. ആരോപണങ്ങൾ കൊണ്ടൊന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ കളങ്കപ്പെടുത്താനാവില്ല.

തീരദേശ വികസനത്തിന് 5000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. തീരസംരക്ഷണം, പുനരധിവാസം, ഹാര്‍ബര്‍, മാര്‍ക്കറ്റ് നവീകരണം, പാര്‍പ്പിടം, വിദ്യാഭ്യാസ-ആരോഗ്യ നവീകരണം തുടങ്ങിയവയാണ് പാക്കേജിലുള്ളത്. ഇത് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ നല്‍കുന്ന പ്രധാന ഉറപ്പാണ്.കടല്‍ഭിത്തി നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ വിപുലപ്പെടുത്തും.

തീരപ്രദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക്, അവര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍, അനുയോജ്യമായ സുരക്ഷിത മേഖലയിലേയ്ക്ക് മാറിത്താമസിക്കുന്നതിന് പത്തുലക്ഷം രൂപ വീതം ധനസഹായം നല്‍കുന്ന പുനര്‍ഗേഹം സ്കീം നടപ്പാക്കും.നിലവിലുള്ള ഫിഷിംഗ് ഹാര്‍ബറുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും.

ഫിഷിംഗ് ഹാര്‍ബറുകളുടെ പരിപാലനത്തിന് മത്സ്യത്തൊഴിലാളികള്‍ക്കു കൂടി പങ്കാളിത്തമുള്ള ഹാര്‍ബര്‍ മാനേജ്മെന്‍റ് സൊസൈറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. തീരദേശ ഹൈവേ പൂര്‍ത്തീകരിക്കും. ഇടറോഡുകള്‍ക്ക് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന് കൂടുതല്‍ പണം അനുവദിക്കും.

മത്സ്യമാര്‍ക്കറ്റുകള്‍ സ്ത്രീ സൗഹൃദമാക്കും. മത്സ്യവിപണന സംസ്ക്കരണ മേഖലകളില്‍ തൊഴിലെടുക്കുന്ന സ്ത്രീ തൊഴിലാളികള്‍ നേരിടുന്ന ചൂഷണം അവസാനിപ്പിക്കും. മത്സ്യമാര്‍ക്കറ്റുകള്‍ നവീകരിക്കുന്നതിനു കിഫ്ബി പിന്തുണയോടെ ഒരു സ്കീമിനു തുടക്കം കുറിച്ചിട്ടുണ്ട്.

അപകടം നിറഞ്ഞ സാഹചര്യങ്ങളില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ക്ക് കടല്‍ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ മത്സ്യബന്ധന ബോട്ടുകളും ഒരു ഉപഗ്രഹ ശൃംഖലയുമായി ബന്ധിപ്പിച്ച് നിരീക്ഷണ നെറ്റുവര്‍ക്ക് സൃഷ്ടിക്കും.

ജീവന്‍ നഷ്ടപ്പെടുന്ന നിര്‍ഭാഗ്യകരമായ അവസരത്തില്‍ എല്ലാ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരമായി ഇന്‍ഷുറന്‍സ് അടക്കം 20 ലക്ഷം രൂപ നല്‍കുകയും ബിരുദാനന്തര ബിരുദം വരെ അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം പൂര്‍ണമായി ഏറ്റെടുക്കുകയും ചെയ്യും.മുഖ്യമന്ത്രി പറഞ്ഞു.