മാസങ്ങൾ കഴിഞ്ഞിട്ടും സ്വര്‍ണം കടത്തിയ ആളെ പിടികൂടിയോ? അമിത് ഷായോട് മുഖ്യമന്ത്രി

0
73

അമിത് ഷായോട് തിരികെ ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 9 മാസമായിട്ടും സ്വര്‍ണം കടത്തിയ ആളെ പിടികൂടിയോ? സ്വര്‍ണം ആര്‍ക്ക്? എന്തിന്? എന്നും പിണറായി വിജയന്‍ ചോദിച്ചു.സ്വര്‍ണം കടത്തിയവര്‍ക്ക് ആര്‍.എസ്.എസ് ബന്ധമുണ്ടോ? പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയിട്ടും എളുപ്പത്തില്‍ എങ്ങനെ ജാമ്യം കിട്ടി? സ്വര്‍ണക്കടത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്കൊപ്പം ഇരിക്കുന്ന ആര്‍ക്കെങ്കിലും പങ്കുണ്ടോ? മുഖ്യമന്ത്രി ചോദിച്ചു.

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയും ഉത്തരവാദിത്വവുമാണ് എന്നാല്‍ പ്രത്യേക കാരണങ്ങളില്ലാതെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ചത് തെറ്റായ കാഴ്വഴക്കമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.രാജ്യസഭാ അംഗങ്ങളെ തെരഞ്ഞെടുക്കുകയെന്നത് നിയമസഭാ അംഗങ്ങളുടെ ഭരണഘടനാപരമായ അവകാശമാണ് ഈ അവകാശം ലംഘിക്കപ്പെട്ടത് നിയമപരമായി ചോദ്യം ചെയ്യേണ്ട വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രത്യേക കാരണങ്ങളൊന്നും പറയാതെ രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവച്ചത് എന്തിനാണെന്ന് കേന്ദ്രം ഭരിക്കുന്ന കക്ഷിയും അങ്ങനെ ഒരുതാല്‍പര്യത്തിന് വഴങ്ങിക്കൊടുത്തത് എന്തിനാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊല്ലത്ത് കേരള പര്യടനത്തിന്റെ ഭാരമായി മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

 

1. ഡിപ്ലോമാറ്റിൿ ബാഗേജ് വഴി സ്വർണം അയച്ചയാളെ കഴിഞ്ഞ 9 മാസത്തെ അന്വേഷണത്തിൽ നിങ്ങൾ പിടികൂടിയോ?

2. ഇവിടേക്ക് വരുന്ന കള്ളക്കടത്തു സ്വർണം ആര്, എന്തിന് ഉപയോഗിച്ചു? അത് അന്വേഷണത്തിൽ തെളിഞ്ഞോ? ഇതു കണ്ടത്തണമെന്ന് ഞാൻ ആദ്യം അയച്ച കത്തിൽത്തന്നെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്തന്വേഷണമാണ് ആ വിഷയത്തിൽ നിങ്ങൾ ഇതുവരെ നടത്തിയത്?

3. കള്ളക്കടത്തു സ്വർണം എത്തിയത് ഏതെങ്കിലും ആർ.എസ്.എസ്. ബന്ധമുള്ളവരിലേക്കാണോ?

4. UAPA ചുമത്തപ്പെട്ടിട്ടും സ്വർണ കള്ളക്കടത്തു കേസിലെ പ്രതികൾക്ക് ഇത്രവേഗത്തിൽ ജാമ്യം കിട്ടിയത് എന്തുകൊണ്ടാണ്?

5. സ്വർണക്കള്ളക്കടത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയോടൊപ്പമുള്ള ആർക്കെങ്കിലും പങ്കുണ്ടോ ? കേരളത്തിലെ പ്രധാനസംശയമാണ്. അത് ഷാ വ്യക്തമാക്കണം.

6. നയതന്ത്ര ബാഗേജിലാണ് സ്വര്ണക്കടത്തെന്ന് അന്വേഷണ ഏജൻസികളും കേന്ദ്ര സർക്കാരും പറഞ്ഞിട്ടും അങ്ങനെയല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി പറഞ്ഞത് അമിത്ഷയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ? പ്രതികളെ രക്ഷപ്പെടുത്താൻ ആയിരുന്നില്ലേ ഈ വാദം. അത് അമിത്ഷായ്ക്ക് അറിയാത്തതാണോ?

7. സ്വർണക്കടത്തടക്കം തടയാൻ രൂപീകരിച്ചതാണല്ലോ കസ്റ്റംസ് വിഭാഗം. സ്വർണക്കടത്ത് പ്രതിയായ ആളെ വിമാനത്തവാളത്തിലെ കസ്റ്റംസ് വിഭാഗത്തിൽ നിയമിച്ചത് ആരായിരുന്നു? അത്തരക്കാരെ സംരക്ഷിക്കുന്നത് ആരാണ്? എന്തുകൊണ്ടാണ് ഇപ്പോൾ പുറത്തുവന്ന വിവരങ്ങളെക്കുറിച്ച് അന്വേഷിക്കാത്തത്?

കേന്ദ്രാന്വേഷണ ഏജൻസികൾക്ക് നേതൃത്വം കൊടുക്കുന്ന ആഭ്യന്തരമന്ത്രി എന്ന നിലയ്ക്ക് അമിത് ഷായ്ക്ക് ഈ ചോദ്യങ്ങളുടെ ഉത്തരം നൽകാനാകുമോ?