പെന്‍ഷനും കിറ്റും നല്‍കുന്നത് നാല് വോട്ടിനു വേണ്ടിയല്ല ജനങ്ങള്‍ക്ക് ആശ്വാസം നൽകാൻ : മുഖ്യമന്ത്രി

0
99

എൽഡിഎഫ് സർക്കാർ പെൻഷനും കിറ്റും നൽകുന്നത് നാല് വോട്ടിനു വേണ്ടിയല്ലെന്നും ഇന്നാട്ടിലെ ജനങ്ങൾക്ക് ആശ്വാസം നൽകാനാണെന്നും ഒരു വർഗീയ ശക്‌തികളുടേയും വോട്ടും സഹായവും എൽഡിഎഫിനും ഇടതുപക്ഷത്തിനും ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

ജനങ്ങളുടെ അന്നം മുടക്കാൻ മടിയില്ലാത്ത പ്രതിപക്ഷ നേതാവിന്‌ വർഗീയ ശക്‌തികളുടെ വോട്ട്‌ വേണ്ട എന്ന്‌ പറയാൻ ധൈര്യമില്ലെന്നും എന്തൊരു മാനസികാവസ്‌ഥയാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ നശിച്ചാലും വേണ്ടില്ല എൽഡിഎഫ്‌ ലേശം വിഷമിക്കണം എന്ന നീച ബുദ്ധിയാണ് പ്രതിപക്ഷത്തിന്‌.

ബിജെപി വോട്ട് വേണ്ടെന്ന് പറയില്ലെന്ന പ്രതിപക്ഷ നേതാവിൻറെ പ്രസ്താവന ഇത്തവണയും ‘ഡീൽ’ ഉറപ്പിച്ചതിൻറെ സ്ഥിരീകരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്റെ ഭാഗമായി കൊല്ലത്ത്‌ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി.

പ്രളയകാലത്ത് കേരളത്തിനുള്ള സഹായം മുടക്കാൻ ബിജെപിയോടൊപ്പം നിന്ന കോൺഗ്രസ്സ് ഇപ്പോൾ ഭക്ഷ്യ കിറ്റും ക്ഷേമ പെൻഷനും മുടക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ നോക്കുകയാണ്‌.വിഷു കിറ്റും ഏപ്രിൽ മെയ് മാസങ്ങളിലെ പെൻഷൻ തുകയും ഏപ്രിൽ ആറിന് മുമ്പ് നൽകാനുള്ള തീരുമാനം പരാജയ ഭീതികൊണ്ടാ’ണെന്ന ആക്ഷേപമാണ് പ്രതിപക്ഷ നേതാവ് പരസ്യമായി ഉന്നയിച്ചത്.

സ്കൂൾ കുട്ടികൾക്കുള്ള അരി വിതരണം തടയണമെന്നും അതിനായി പരാതി കൊടുക്കുമെന്നും പറയുന്നു.എന്താണ് പ്രതിപക്ഷത്തിന് പറ്റിയത്? സ്ഥലകാലബോധം നഷ്ടപ്പെട്ടു എന്ന് പറഞ്ഞാൽ കുറ്റപ്പെടുത്താനാകുമോ? ഏപ്രിലിൽ നൽകുന്ന ഭക്ഷ്യ കിറ്റ് ‘വിഷു കിറ്റ്’ മാത്രമാണെന്ന് പ്രതിപക്ഷ നേതാവിനോട് ആരാണ് പറഞ്ഞത്.

ഏപ്രിൽ നാലിനാണ് ഈസ്റ്റർ എന്നത് അദ്ദേഹം മറന്നു പോയോ. 14ന് വിഷുവാണ്. റംസാൻ വ്രതാരംഭവും ആ നാളുകളിൽ തന്നെ തുടങ്ങും.കിറ്റ്‌ വിതരണം തിരുമാനിച്ചതും തെരഞ്ഞെടുപ്പിന്റെ തലേന്നല്ല.ഈ കാലത്ത് ജനങ്ങൾ ക്ഷേമ പെൻഷനും മറ്റു സഹായങ്ങളും ഇല്ലാതെ കഷ്ടപ്പെടണം എന്ന് ശപിക്കാൻ മാത്രം ദുഷ്ടത പ്രതിപക്ഷത്തിനും അതിൻറെ നേതാവിനും ഉണ്ടായത് ഖേദകരമാണ്‌.

രാജ്യത്ത് മത നിരപേക്ഷതയും ഭരണ ഘടന മൂല്യങ്ങളും തകർക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.കേന്ദ്രം ഭരിക്കിന്നവർ തന്നെയാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്.മത നിരപേക്ഷത സംരക്ഷിക്കാൻ ഉറച്ച നിലപാട് കൈക്കൊള്ളുന്നത് ഇടതുപക്ഷം മാത്രമാണ്.

ആർ എസ് എസും ബിജെപിയും ഭരണഘടനാ മൂല്യങ്ങൾ ആട്ടിമറിക്കാൻ കൊണ്ടുപിടിച്ചുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.രാജ്യത്ത് മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കുന്നതും ഉയർത്തിപ്പിടിക്കുന്നതും ഇടതുപക്ഷമാണ്.രാജ്യത്ത് ഇടതുപക്ഷം ഭരിക്കുന്ന ഏക സംസ്ഥാനം കേരളം മാത്രമാണ്.അതുകൊണ്ടുതന്നെ ഇവിടുത്തെ നിയമസഭ തെരഞ്ഞെടുപ്പ് ഏറെ പ്രാധാന്യമുള്ളതാണ്.

കേന്ദ്രസർക്കാർ തന്നെയാണ് ഇതിനു ചുക്കാൻ പിടിക്കുന്നത്.മതനിരപേക്ഷതയെ തകർക്കാനുള്ള വലിയ ശ്രമം നടക്കുന്നത്.ഈ സാഹചര്യത്തിൽ നമ്മുടെ നാട്ടിൽ നടക്കുന്ന തെരഞ്ഞെടുപ്പിന് വളരെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.ആഗോളവൽക്കരണ നയങ്ങൾ കേന്ദ്രസർക്കാർ വളരെ വാശിയോടെ നടപ്പാക്കുകയാണ്.ഇത്‌ രാജ്യമൊട്ടുക്ക് വലിയ പ്രതിഷേധത്തിനും പ്രക്ഷോഭത്തിനും വഴിയൊരുക്കി.

കേരളം മാത്രമാണ് ആഗോളവൽക്കരണ ഉദാരവത്കരണ നയങ്ങൾക്കെതിരെ ബദൽ നയവുമായി രംഗത്തുവന്നിട്ടുള്ളത്.ബിജെപി സർക്കാർ അതിവേഗം ആഗോളവൽക്കരണ നയങ്ങൾ നടപ്പാക്കുകയാണ്.കോൺഗ്രസ് ഇതിനെ അകമഴിഞ്ഞ് പിന്തുണക്കുകയും ചെയ്യുന്നു.

സംസ്ഥാനത്തിന്റെ പൊതു താല്പര്യത്തിന് എതിരായ നടപടികൾ ബിജെപി കൈക്കൊള്ളുമ്പോഴും കോൺഗ്രസും യു ഡി എഫും മൗനം പാലിക്കുന്നു.
കേരളത്തിന്റെ പൊതുവായ മുന്നേറ്റത്തെ, സംസ്ഥാനത്തിന്റെ വികസനത്തെ തടയിടാൻ ആണ് ഇക്കൂട്ടർ ശ്രമിക്കുന്നത്.

രാജ്യത്തെ നൂറ് പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചപ്പോൾ അതിനെതിരെ ഒരക്ഷരം മിണ്ടാൻ എന്തേ കോൺഗ്രസ് തയ്യാറാകാത്തത്.ബിജെപിക്കും കോൺഗ്രസിനും ഒരേ നയമാണ്.

കേരളത്തിൽ നടക്കുന്ന മറ്റൊരു ചിത്രം നാം കാണാതിരുന്നുകൂടാ.ഒരു കേരള തല സഖ്യം ഉയർന്നുവന്നുണ്ട്.പഴയ കോ ലീ ബി സഖ്യത്തിന്റെ തുടർച്ചയാണ്.നമ്മുടെ രാജ്യത്ത് ആർക്കും എവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്.എന്നാൽ നമ്മുടെ രാജ്യത്ത് വേഷവിധാനം നോക്കി ആക്രമിക്കുന്നു.

രണ്ട് ദിവസം മുമ്പ് കന്യസ്ത്രീകളെ യാത്രക്കിടെ ആക്രമിച്ചു.കുറച്ചുകാലം മുമ്പ് ഒരു നോമ്പ് കാലത്ത് ഒരു വിഭാഗത്തെ അതിക്രമിച്ചു.ഒരാളെ ട്രെയിനിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു.

പൗരത്വ നിയമം അടക്കമുള്ള ആയുധങ്ങളുമായി ബിജെപി വീണ്ടും ഇറങ്ങുകയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കാണാം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി കേരളത്തിൽ വന്നു പറയുന്നത് കേട്ടു.

അസമിലും പടിഞ്ഞാറൻ ബംഗാളിലും പ്രകടന പത്രികയിൽ ബിജെപി പറയുന്നത് തങ്ങൾ ജയിച്ചാൽ സിഎഎ നടപ്പാക്കാൻ തീരുമാനം എടുക്കുമെന്നാണ്. പൗരത്വ ഭേദഗതി നിയമവുമായും അതിൻറെ ഭാഗംതന്നെയായ ദേശീയ പൗരത്വ രജിസ്റ്ററുമായും മുന്നോട്ടുപോകുമെന്ന സംഘപരിവാറിൻറെ പ്രഖ്യാപനമാണ് ഇതൊക്കെ.

കേരളത്തിൽ പൗരത്വഭേദഗതി നിയമം നടപ്പാക്കില്ല എന്നാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി വ്യക്തമാക്കിയത്. ഒരു കരിനിയമത്തിനും വഴങ്ങികൊടുക്കില്ല. ആർ എസ്എസിൻറെ അജണ്ട കേരളത്തിൽ ചെലവാകില്ല.

കോൺഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങൾക്കും എന്തുകൊണ്ട് അത്തരം ഉറച്ച നിലപാടിലെത്താൻ കഴിയുന്നില്ല. മതം പൗരത്വത്തിൻറെ അടിസ്ഥാനമാകരുത് എന്നതാണ് മതനിരപേക്ഷതയുടെ ആണിക്കല്ല്. ഇതിന് ഇളക്കംതട്ടിയാൽ തകരുന്നത് മതനിരപേക്ഷതയും ജനാധിപത്യ വ്യവസ്ഥയുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.