ഗംഗുഭായ് വിവാദം; ആലിയ ഭട്ടിനും സഞ്ജയ് ലീല ബന്‍സാലിക്കും മാനനഷ്ടക്കേസില്‍ നോട്ടീസ്

0
85

‘ഗംഗുഭായ്​ കത്തിയാവാഡി’ എന്ന സിനിമയുമായി ബന്ധ​പ്പെട്ട്​ സംവിധായകൻ സഞ്ജയ്​ ലീല ബൻസാലി, നടി ആലിയ ഭട്ട്​, തിരക്കഥാകൃത്തുക്കൾ എന്നിവർക്കെതിരെ നോട്ടീസ്. ക്രിമിനൽ മാനനഷ്​ടക്കേസില്‍ മുംബൈ​ അഡീഷണൽ ചീഫ്​ മെട്രോ​പൊളിറ്റൻ മജിസ്​ട്രേറ്റ്​ കോടതിയാണ്​ നോട്ടീസ്​ അയച്ചത്​. മേയ്​ 21ന്​ മുമ്പ്​ കോടതിയിൽ ഹാജരാകാനാണ്​ നിർദ്ദേശം.

ഹുസൈൻ സെയ്​ദിയുടെ പുസ്​തകമായ ‘മാഫിയ ക്യൂൻസ്​ ഓഫ്​ മുംബൈ’യെ അടിസ്ഥാനമാക്കിയാണ് സഞ്ജയ് ലീല ബന്‍സാലി ‘ഗംഗുഭായ്​ കത്തിയാവാഡി’ എന്ന ചിത്രമൊരുക്കുന്നത്. കാമാത്തിപുരയിലെ ഗംഗുഭായ്​ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ആലിയ ഭട്ട് അവതരിപ്പിക്കുന്നത്.

ഗംഗുഭായ്​യുടെ വളർത്തുമകനെന്ന്​ അവകാശപ്പെടുന്ന ബാബു രാവ്​ജി ഷായാണ്​ ബന്‍സാലിയുടെ ചിത്രത്തിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ഹുസൈൻ സെയ്​ദിയുടെ പുസ്തകത്തിലെ ഗംഗുഭായ്​ കത്തിയാവാഡിയുടെ ഭാഗം മാതാവിനെ അപകീർത്തിപ്പെടുത്തുന്നുവെന്നും പ്രശസ്തിക്കും പണത്തിനും വേണ്ടി മാതാവിന്‍റെ പേര്​​ കളങ്കപ്പെടുത്തുന്നുവെന്നുമാണ് ഹരജിയില്‍ പറയുന്നത്. പരേതയായ മാതാവിന്‍റെ സ്വകാര്യത ലംഘിക്കുന്നതിനാല്‍ സിനിമ നിരോധിക്കണമെന്നാണ് പരാതിക്കാരന്‍റെ ആവശ്യം.

നേരത്തെ മുംബൈ സിവിൽ കോടതിയെ ഷാ സമീപിച്ചെങ്കിലും കോടതി ഹരജി നിരസിച്ചിരുന്നു. പുസ്​തകം പ്രസിദ്ധീകരിക്കുന്നത്​ നിർത്തണമെന്നും സിനിമയും സിനിമയുടെ ട്രെയിലറുകളും നിരോധിക്കണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ പുസ്തകം 2011ല്‍ പ്രസിദ്ധീകരിച്ചതാണെന്ന് ചൂണ്ടിക്കാട്ടി കോടതി ഹരജി തള്ളി. ഗംഗുഭായ്​യുടെ വളർത്തുമകനാണെന്ന്​ തെളിയിക്കാൻ കഴിയുന്ന രേഖകൾ ഷാ യുടെ കൈവശമില്ലെന്നും അന്ന് കോടതി നിരീക്ഷിച്ചിരുന്നു.