നാട് നിറഞ്ഞ് ക്യാപ്റ്റൻ

0
76

നവകേരളത്തിന്‌ പടയൊരുക്കുകയാണ്‌ ജനനായകൻ. മുന്നേറ്റ സാക്ഷ്യമെന്നോണം തിളങ്ങുന്ന പാതകൾ താണ്ടി, കാരുണ്യ സ്‌പർശമേറ്റ ആയിരങ്ങളുടെ ഹർഷാരവങ്ങളേറ്റുവാങ്ങിയാണ്‌ വരവ്‌. “പരമദരിദ്രരായ ഒരു കുടുംബവും ഇനി ഇന്നാട്ടിലുണ്ടാവില്ല, തൊഴിലന്വേഷിച്ച്‌ അലയുന്നവരുടെ നാടായി കേരളം മാറില്ല’ –- ചെയ്യുന്നത് മാത്രം പറയുന്ന, പറയുന്നതൊക്കെ ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ.

പിറന്ന നാട്ടിൽ അഭയാർഥികളായി കഴിയണമെന്ന കേന്ദ്രഭീഷണിക്കുമുന്നിൽ വിറങ്ങലിച്ചുപോയ മനുഷ്യരോട്‌‌ ‘ഇവിടൊരു തടങ്കൽ പാളയവും ഉയരില്ല’ എന്ന വാക്കുനൽകി, പാലിച്ചു. ഒരു കൈയിൽ പ്രോഗ്രസ്‌ റിപ്പോർട്ടും മറുകൈയിൽ കർമ്മപദ്ധതിയുമായി ഇടതുപക്ഷത്തിന്റെ ക്യാപ്‌റ്റൻ പ്രചാരണമുഖത്തെ അപ്രതിരോധ്യ സംവാദവേദിയാക്കുകയാണ്‌.

ചേർത്തലയിൽ പരിപാടി ചൊവ്വാഴ്‌ച പകൽ 11ന്. 10.50നു തന്നെ ‌ മുഖ്യമന്ത്രി എത്തി. പന്തലും മൈതാനവും കടന്ന്‌ ജനക്കൂട്ടം റോഡിനിരുവശത്തേക്കും പരന്നു. സ്ഥാനാർഥികളെ പരിചയപ്പെടുത്തിയ ശേഷം അവരെ വലിയ ഭൂരിപക്ഷത്തിന്‌ വിജയിപ്പിക്കണമെന്ന്‌ അഭ്യർഥിക്കാൻ കൈകൾ ഇരുവശത്തേക്കും നീട്ടിയത്‌‌ കൗതുകമായി. സ്ഥാനാർഥികൾക്ക്‌ ചുരുങ്ങിയ വാക്കിൽ നിർദേശം.

ആലപ്പുഴ എസ്‌ഡിവി മൈതാനിയിൽ മീനച്ചൂടിനുംമേൽ ജനാവേശം തിരയടിച്ചു. മുദ്രവാക്യങ്ങളും അഭിവാദ്യങ്ങളും വിതാനിച്ച തണലിലൂടെ വേദിയിലേക്ക്‌. വലംകൈ പാതി ഉയർത്തി പ്രത്യഭിവാദ്യം. തന്നിലേക്ക്‌ തിരിയുന്ന ആയിരം മുഖങ്ങൾക്കിടയിലും അവശരായവരേയും കുരുന്നുകളേയും നിമിഷാർധങ്ങളിൽ കണ്ണുകൊണ്ട്‌ തൊടുന്ന മാന്ത്രികത‌.

ആലപ്പുഴയിലെ വേദിയിൽ നിന്ന്‌ ഇറങ്ങുമ്പോഴാണ്‌ വിപ്ലവ ഗായിക പി കെ മേദിനിയെ കണ്ടത്‌. ഉടൻ പുഞ്ചരിയോടെ അടുത്തേക്ക്‌ വന്നു. ‘പാട്ടു പാടുന്നില്ലേ, ഇനിയും ഉറക്കെപ്പാടണം’ എന്നു‌ പറയാനും മറന്നില്ല. മറുപടിയായി മേദിനിയുടെ മുഷ്‌ടിചുരുട്ടിയുള്ള റെഡ്‌ സല്യൂട്ട്‌. സൂക്ഷ്‌മതയും കൃത്യതയുമാണ് എന്നും പിണറായിയുടെ സവിശേഷ സമരായുധം എന്നറിയുകയായിരുന്നു നാട്‌.

വലതുപക്ഷം കൃത്യമായ ഇടവേളകളിൽ തടസപ്പെടുത്തിയ പുരോഗമന കേരളത്തിന്റെ നഷ്‌ടങ്ങൾ തിരികെപ്പിടിക്കാൻ നിമിഷം പാഴാക്കാനില്ലെന്ന യുദ്ധപാഠം. രാവിലെ ഒമ്പതരയായപ്പോൾ പുഞ്ചിരിയോടെ ആലപ്പുഴയിലെ ആദ്യപരിപാടിയായ വാർത്താസമ്മേളനത്തിനെത്തി.

രാജ്യത്ത്‌ ലോക്‌ ഡൗൺ പ്രഖ്യാപിച്ചതിന്റെ വാർഷികദിനമാണെന്ന്‌ ഓർമിപ്പിച്ച്‌ തുടക്കം. ബിജെപിക്ക്‌ വിലയ്‌ക്കെടുക്കാനാവുംവിധം വിൽപ്പനയ്‌ക്കുവച്ച കോൺഗ്രസിനെയും തുറന്നുകാട്ടി സംഗ്രഹം.

‘പ്രളയം സൃഷ്‌ടിച്ച പ്രതിസന്ധികളെ മറികടന്ന്‌ ഗതാഗതം, ടൂറിസം, കൃഷി, കയർ തുടങ്ങി മിക്ക മേഖലകളിലും ആലപ്പുഴ കൈവരിച്ച മികവ് ദൃശ്യമാണ്. സർക്കാരിന്റെ പദ്ധതികൾ വിജയകരമായി നടപ്പാക്കാൻ പിന്തുണയേകിയ ആലപ്പുഴയിലെ ജനങ്ങൾക്ക്‌കൂടെ അവകാശപ്പെട്ടതാണ്‌ ഈ നേട്ടങ്ങളെല്ലാം.’ പര്യടനം തുടങ്ങുംമുമ്പ്‌ പിണറായി ഫേസ്‌ ബുക്കിൽ കുറിച്ചതിങ്ങനെ. പുന്നപ്ര, വയലാറിലെ വീരപോരാളികളുടെ മണ്ണിലെത്തുമ്പോൾ ഒപ്പമുണ്ട്‌ ഇന്നോളം ഇടതുപക്ഷത്തെ എതിർത്തവരും.

തിരുനെല്ലൂരിൽ അധ്യാപകനെ പോലെ പിഴവില്ലാത്ത വാക്കുകളിൽ സർക്കാരിന്റെ വികസനവും എൽഡിഎഫ്‌ പ്രകടനപത്രികയിലെ വാഗ്‌ദാനവും അക്കമിട്ട്‌ നിരത്തി. മഹാമാരിക്കാലവും അവസരമാക്കുന്നതെങ്ങനെയെന്ന്‌ അടച്ചിട്ട സ്ഥാപനങ്ങളിലെ സംരംഭകർക്ക്‌ വിദഗ്‌ധ തൊഴിലാളികളെ പോർട്ടലിലൂടെ കൈമാറിയ അനുഭവത്തിൽ വിവരിക്കുമ്പോൾ ആത്മവിശ്വാസം പുതുതലമുറയുടെ വിടർന്ന മുഖങ്ങളിലുണ്ട്‌.

അഞ്ചുലക്ഷം വീടു നിർമിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്‌ദാനം വിവരിക്കുമ്പോൾ ആ ലൈഫ്‌ പദ്ധതി ഉപേക്ഷിക്കുമെന്ന യുഡിഎഫിന്റെ ഭീഷണി ഓർമിപ്പിക്കുന്നു. ‘മനുഷ്യത്വമുള്ളവർ ഇങ്ങനെ ചെയ്യുമോ?’ ‌കുറിക്കുകൊള്ളുന്ന ചോദ്യം.മാർച്ച്‌ 17നു തുടങ്ങി ഒരാഴ്‌ച പിന്നിട്ട പര്യടനത്തിൽ ദിവസവും നാലും അഞ്ചും പൊതുയോഗം. കായംകുളവും മാവേലിക്കരയും കടന്ന്‌ ചെങ്ങന്നൂരിലെത്തുമ്പോൾ രാത്രിയായി.